‘അവിടെ ബി.ജെ.പി ജയിക്കണമെന്നാണോ ജയരാജൻ ആഗ്രഹിക്കുന്നത്?’; ബീഹാറിൽ കോൺഗ്രസ് തോറ്റ് തൊപ്പിയിടുമെന്ന ഇ.പി. ജയരാജന്റെ പ്രസ്താവന വിവാദത്തിൽ
text_fieldsഇ.പി. ജയരാജൻ Photo: FB
കണ്ണൂർ: ബിഹാറിൽ കോൺഗ്രസ് തോറ്റ് തൊപ്പിയിടുമെന്ന ഇ.പി. ജയരാജന്റെ പ്രസ്താവന വിവാദത്തിൽ. ബിഹാറിൽ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതൃത്വം നൽകുന്ന ഇൻഡ്യ സഖ്യത്തിൽ കോൺഗ്രസിനൊപ്പം മറ്റൊരു പ്രബല സഖ്യകക്ഷിയാണ് സി.പി.എം. സി.പി.എമ്മും സി.പി.ഐയും ഉൾപ്പെടെ മൂന്ന് ഇടത് പാർട്ടികൾ ബിഹാറിലെ വിശാലസഖ്യത്തിൽ പങ്കാളികളാണ്.
എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കടുത്ത രീതിയിൽ വിമർശിക്കുന്നതിനിടയിലാണ് കോൺഗ്രസ് തോൽക്കുമെന്ന് ഏറെ ആവേശത്തോടെ ഇ.പി. ജയരാജൻ പ്രതികരിച്ചത്. കെ.സി. വേണുഗോപാൽ ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്ന സാഹചര്യത്തിലാണ് ജയരാജന്റെ പ്രതികരണം. സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗമായ നേതാവ്, ബിഹാറിൽ സ്വന്തം മുന്നണിയിലെ സ്ഥാനാർഥികൾ തോൽക്കുമെന്ന രീതിയിൽ നടത്തിയ പരസ്യ പ്രസ്താവന ബി.ജെ.പി പ്രചാരണ ആയുധമാക്കുന്നുണ്ട്.
ബിഹാറിൽ ആർ.ജെ.ഡി നയിക്കുന്ന സഖ്യത്തിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് കോൺഗ്രസ്. അവിടെ കോൺഗ്രസ് തോറ്റ് തൊപ്പിയിടുമെന്ന് ജയരാജൻ പറയുമ്പോൾ തോൽക്കുന്നത് സി.പി.എം ഉൾപ്പെട്ട മുന്നണിയാണെന്നാണ് അർഥമാക്കുക. കോൺഗ്രസ് തോൽക്കുമെന്ന് പറയുന്നത്, ജെ.ഡി.യുവും ബി.ജെ.പിയും ചേർന്ന എൻ.ഡി.എ സഖ്യം വിജയിച്ച് വീണ്ടും അധികാരത്തിലെത്തുമെന്ന ജയരാജന്റെ സത്യസന്ധമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണെന്ന് ബി.ജെ.പി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ദേശീയ രാഷ്ട്രീയത്തിൽ വഴിത്തിരിവായി മാറിയേക്കാവുന്ന ബിഹാർ തിരഞ്ഞെടുപ്പിൽ ഹിന്ദുത്വ ഫാഷിസ്റ്റുകളായ ബി.ജെ.പി ജയിക്കണമെന്നാണോ സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി ജയരാജൻ ആഗ്രഹിക്കുന്നതെന്ന ചോദ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉയർന്നുകഴിഞ്ഞു. നേരത്തേ ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി രഹസ്യ ചർച്ച നടത്തിയ പശ്ചാത്തലവും വീണ്ടും ചർച്ചയാവുകയാണ്.
ജാവദേക്കറെ കണ്ടതിനൊപ്പം രാജീവ് ചന്ദ്രശേഖറുമായി റിസോർട്ട് കച്ചവടം നടത്തുകയും ചെയ്ത ജയരാജന്റെ ഉള്ളിൽ ഇപ്പോഴും ഒരു സംഘപരിവാർ സഹയാത്രികൻ ഒളിഞ്ഞുകിടപ്പുണ്ടോ എന്ന ചോദ്യമടക്കം ഉന്നയിക്കപ്പെടുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പുകാലത്ത്, കേരളത്തിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥികൾ മികച്ചവരാണെന്ന ജയരാജന്റെ പരാമർശം ഏറെ വിവാദത്തിനിടയാക്കിയിരുന്നു. ബി.ജെ.പി സ്ഥാനാർഥികൾ മികച്ചതെന്ന് പറഞ്ഞത് ജാഗ്രത ഉണ്ടാക്കാനെന്നായിരുന്നു പിന്നീടുള്ള വിശദീകരണം.
ബിഹാറിൽ ബി.ജെ.പി വിരുദ്ധ പാർട്ടികളെ ഒന്നിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നില്ലെന്നും ജയരാജൻ ആരോപിച്ചിട്ടുണ്ട്. കേരളത്തിൽ തപസ്സ് ചെയ്താലും കോൺഗ്രസ് തിരിച്ചുവരില്ലെന്നു പറഞ്ഞ ജയരാജൻ, കേരളത്തിൽ കോൺഗ്രസിന്റെ അധ്യായം അടഞ്ഞു കഴിഞ്ഞെന്നും അഭിപ്രായപ്പെട്ടു.
പാർട്ടി സംസ്ഥാന നേതൃത്വവുമായി കുറേക്കാലമായി സ്വരച്ചേർച്ചയിലായിരുന്നില്ല ഇ.പി. ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് പിണക്കങ്ങളും പരിഭവങ്ങളും തീർത്തശേഷം സി.പി.എമ്മിൽ വീണ്ടും സജീവമായിട്ടുണ്ട് അദ്ദേഹം. കോടിയേരി ബാലകൃഷ്ണന്റെ വിയോഗശേഷം എം.വി. ഗോവിന്ദനെ സി.പി.എം സംസ്ഥാന സെക്രട്ടറിയാക്കിയതോടെ പാർട്ടിയുമായി നിസ്സഹകരണമായിരുന്നു ജയരാജന്. തന്നേക്കാൾ ജൂനിയറായ ആളെ സെക്രട്ടറിയാക്കിയതിലായിരുന്നു പരിഭവം. സെക്രട്ടറിയായശേഷം എം.വി. ഗോവിന്ദൻ നടത്തിയ ജനകീയ പ്രതിരോധജാഥ കണ്ണൂരിലൂടെ കടന്നുപോയപ്പോൾ വിട്ടുനിന്നു. വിവാദമായപ്പോൾ തൃശൂരിൽനിന്ന് ജാഥയുടെ ഭാഗമായി.
പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് ദിനത്തിൽ ഇ.പി നടത്തിയ വെളിപ്പെടുത്തൽ പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. പിന്നാലെ ഇടതുമുന്നണി കൺവീനർ സ്ഥാനം തെറിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങൾ വരെ ജയരാജൻ ബഹിഷ്‍കരിച്ചു. കണ്ണൂരിലുണ്ടായിട്ടും പയ്യാമ്പലത്ത് നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തില്ല.
ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് ദിവസമാണ് ഇ.പിയുടെ പേരിലുള്ള വിവാദ ആത്മകഥ പുറത്തുവന്നത്. രണ്ടാം പിണറായി സർക്കാറിനെയും പാലക്കാട്ടെ ഇടത് സ്ഥാനാർഥിയെയുമൊക്കെ വിമർശിക്കുന്ന ആത്മകഥ പാർട്ടിയെ പ്രതിസന്ധിയിലാക്കി. ഒടുവിൽ ഈ ആത്മകഥ തന്റേതല്ലെന്നും പരാതി നൽകുമെന്നും വിശദീകരിച്ച് ജയരാജൻ രംഗത്തുവന്നു. ഒടുവിൽ പരിഭവങ്ങൾ മാറ്റിവെച്ച് സജീവമായി രംഗത്തുവന്ന ജയരാജന്റെ ‘യഥാർഥ’ ആത്മകഥ നവംബർ മൂന്നിന് പിണറായി വിജയൻ പ്രകാശനം ചെയ്യാനിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

