കോൺഗ്രസ് ഒഴിച്ചിട്ട സീറ്റുകളിൽ പ്രഖ്യാപനം ഇന്നുണ്ടായേക്കും
text_fieldsതിരുവനന്തപുരം: ധർമടം ഉൾപ്പെടെ ഏഴ് സീറ്റുകളിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് സൂചന. ഇതിനാവശ്യമായ ചർച്ചകൾ നടക്കുന്നുണ്ട്.
കൽപറ്റയിൽ ടി. സിദ്ദീക്കും നിലമ്പൂരിൽ വി.വി. പ്രകാശും ഏകദേശം സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. പട്ടാമ്പിയിലേക്ക് ആര്യാടൻ ഷൗക്കത്തിനെ പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് താൽപര്യമില്ല. റിയാസ് മുക്കോളിയെ ഇവിടേക്ക് പരിഗണിക്കുന്നുണ്ട്. തവനൂരിൽ മത്സരിക്കാനില്ലെന്ന് റിയാസ് മുക്കോളി അറിയിച്ചതിനാൽ ഫിറോസ് കുന്നുംപറമ്പിൽ, ഇ. മുഹമ്മദ് കുഞ്ഞി എന്നിവരെയാണ് പരിഗണിക്കുന്നത്.
വട്ടിയൂർക്കാവിൽ പി.സി. വിഷ്ണുനാഥിെൻറ പേരിനാണ് ഇപ്പോഴും മുൻതൂക്കം. എന്നാൽ, അദ്ദേഹത്തിനെതിരെയും പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ജ്യോതി വിജയകുമാർ വീണ്ടും പരിഗണനയിലെത്തി. ഇവിടെ ഒഴിവായാൽ കുണ്ടറയിലായിരിക്കും വിഷ്ണുനാഥ് മത്സരിക്കുക. അല്ലെങ്കിൽ കല്ലട രമേശ് അവിടെ സ്ഥാനാർഥിയാകും.
ധർമടത്ത് പിണറായി വിജയനെതിരെ ശക്തനായ സ്ഥാനാർഥിയെ നിർത്താനാണ് ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും യു.ഡി.എഫ് കൺവീനർ എം.എം. ഹസനും വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂർ മുൻ മേയർ സുമ ബാലകൃഷ്ണെൻറയും റിജിൽ മാക്കുറ്റിയുടെയും പേരുകളാണ് പരിഗണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

