കോൺഗ്രസിന്‍റെ ‘വിശ്വാസ സംരക്ഷണ യാത്ര’യുടെ പന്തൽ തകർന്നു; അപകടം മൂവാറ്റുപുഴയിൽ
text_fieldsകോൺഗ്രസ് പരിപാടിയുടെ പന്തൽ തകർന്നപ്പോൾ
മൂവാറ്റുപുഴ: കെ.പി.സി.സി സംഘടിപ്പിക്കുന്ന ‘വിശ്വാസ സംരക്ഷണ യാത്ര’യുടെ ഉദ്ഘാടനവേദി തകർന്നു വീണു. ബെന്നി ബഹനാൻ എം.പി നയിക്കുന്ന യാത്രയുടെ മൂവാറ്റുപുഴയിലെ ഉദ്ഘാടന വേദിയാണ് തകർന്നു വീണത്. ഇന്ന് രാവിലെ പരിപാടി ആരംഭിക്കാനിരിക്കെയാണ് സംഭവം.
മഴ നനയാതിരിക്കാൻ നിർമിച്ച പന്തലാണ് നിലംപൊത്തിയത്. പന്തലിന്‍റെ കാലുകൾ തകർന്ന് വീഴുകയായിരുന്നു. സംഭവ സമയത്ത് കുറച്ച് പ്രവർത്തരാണ് പന്തലിൽ ഉണ്ടായിരുന്നത്. ഇവർക്ക് സാരമായ പരിക്കേറ്റു.
കോൺഗ്രസ് പ്രവർത്തകർ തകർന്ന പന്തലിന്‍റെ കാലുകളും ഷീറ്റുകളും നീക്കം ചെയ്തു. അപകടം നടന്ന സ്ഥലത്തിന് എതിർവശത്തേക്ക് വേദി മാറ്റിയിട്ടുണ്ട്. പന്തൽ നിർമാണത്തിലെ വീഴ്ച പരിശോധിക്കുമെന്ന് എറണാകുളം ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് മാധ്യമങ്ങളെ അറിയിച്ചു.
പന്തലിന്‍റെ അശാസ്ത്രീയ നിർമാണമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്‍റർലോക്ക് പാകിയ സ്ഥലത്ത് കാലുകൾ കുഴിച്ചിടാതെ പന്തൽ സ്ഥാപിച്ചെന്നാണ് കണ്ടെത്തൽ. ഭാരം താങ്ങാനാവാതെ പന്തൽ നിലംപൊത്തുകയായിരുന്നു.
ശബരിമലയിലെ സ്വർണകൊള്ളക്കും വിശ്വാസവഞ്ചനക്കുമെതിരെ കെ.പി.സി.സി സംഘടിപ്പിക്കുന്ന ‘വിശ്വാസ സംരക്ഷണ യാത്ര’ ബെന്നി ബഹനാനാണ് നയിക്കുന്നത്. ഇന്ന് മൂവാറ്റുപ്പുഴയിൽ നിന്നാരംഭിക്കുന്ന യാത്ര ഈ മാസം 17ന് ചെങ്ങന്നൂർ അവസാനിക്കും. വി.ടി. ബൽറാമാണ് ജാഥാ വൈസ് ക്യാപ്റ്റൻ.
ഒക്ടോബർ 18ന് കാരക്കാട് മുതൽ പന്തളം വരെ യു.ഡി.എഫ് നേതാക്കൾ നയിക്കുന്ന പദയാത്രയും സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

