പ്രതിപക്ഷ നേതാവിനെതിരായ കടന്നാക്രമണങ്ങളിൽ നേതൃത്വത്തിന് ‘കരുതൽ മൗനം’; കോൺഗ്രസിൽ അതൃപ്തി
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെതിരെ വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും ഒരേസമയം രൂക്ഷമായ കടന്നാക്രമണത്തിന് മുതിർന്നിട്ടും കോൺഗ്രസ് നേതാക്കളുടെ നിസ്സംഗതയിൽ പാർട്ടിയിൽ കടുത്ത അതൃപ്തി. കോൺഗ്രസിന്‍റെ പ്രഖ്യാപിത നിലപാടിലൂന്നി, മുഖ്യമന്ത്രിയുടെ സമീപനങ്ങളെ വിമർശിച്ചതിന് പിന്നാലെയാണ് സമുദായ നേതാക്കൾ രംഗത്തെത്തിയത്. കൃത്യമായ രാഷ്ട്രീയ അജണ്ടയോടെയുള്ള സമുദായ നേതാക്കളുടെ വ്യക്തിഅധിക്ഷേപങ്ങൾക്കും വിമർശനങ്ങൾക്കും മുന്നിൽ സ്വന്തം പാർട്ടിയുടെ അമരക്കാരനെ ഒറ്റപ്പെടുത്തുന്ന നിലപാടാണ് നേതാക്കൾ സ്വീകരിക്കുന്നതെന്നാണ് പാർട്ടിക്കുള്ളിലെ അമർഷം.
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഇത് സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. ‘എല്ലാവരുമായും സൗഹൃദത്തിൽ മുന്നോട്ട് പോകാനാണ് പാർട്ടി ആഗ്രഹിക്കുന്നത്’ എന്ന അദ്ദേഹത്തിന്‍റെ വാക്കുകളിൽ സമുദായ നേതാക്കളെ നേരിട്ട് പിണക്കാൻ പാർട്ടിക്ക് താല്പര്യമില്ലെന്നത് വെളിവാകുന്നുണ്ട്. പരാതികളുണ്ടെങ്കിൽ ചർച്ചകളിലൂടെ പരിഹരിക്കാമെന്ന മൃദുസമീപനമാണ് കെ.പി.സി.സി നേതൃത്വം സ്വീകരിച്ചത്. സമീപകാലത്ത് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ വിഷയങ്ങളിലും സജീവമായി ഇടപെടുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും മൗനത്തിലാണ്.
എസ്.എൻ.ഡി.പി -എൻ.എസ്.എസ് ഐക്യത്തെ സ്വാഗതംചെയ്ത മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, പക്ഷേ സതീശനെതിരായ ആക്രമണങ്ങളിൽ പ്രതികരിക്കാൻ തയാറായില്ല എന്നതും ശ്രദ്ധേയം. ‘അതൊക്കെ അവരോട് തന്നെ ചോദിക്കണം’ എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. എൻ.എസ്.എസ് -എസ്.എൻ.ഡി.പി ഐക്യം സതീശനെതിരെയാണെന്ന കൃത്യമായ ചോദ്യമുയർന്നപ്പോഴും അദ്ദേഹം പ്രതികരിച്ചില്ല. സതീശനെ പിന്തുണക്കാൻ വേണ്ടി സമുദായ നേതാക്കളുമായി നേരിട്ട് ഏറ്റുമുട്ടലിലേക്ക് പോകുന്നത് വോട്ട് ചോർച്ചക്ക് കാരണമാകുമെന്നതാണ് പല നേതാക്കളും ഭയം.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.എസ്.എസിന്റെയും എസ്.എൻ.ഡി.പിയുടെയും വോട്ടുകൾ പ്രതീക്ഷിക്കുന്ന ഘട്ടത്തിൽ സമുദായ സംഘടനങ്ങളെ വിമർശിക്കുന്നത് തിരിച്ചടിയാകുമെന്നാണ് ഇവരുടെ ആശങ്ക. കോൺഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങളും നിലവിലെ മൗനത്തിന് കാരണമെന്ന വിലയിരുത്തലുമുണ്ട്. തെരഞ്ഞെടുപ്പ് വിജയങ്ങളോടെ പ്രതിഛായ വർധിപ്പിച്ച സതീശൻ പാർട്ടിക്കുള്ളിലെ അധികാര സമവാക്യങ്ങളിൽ നിർണായക സ്വാധീനമാകുന്നത് ഒരു വിഭാഗം നേതാക്കളെ അസ്വസ്ഥരാക്കുന്നുമുണ്ട്. സുകുമാരൻ നായർ തന്നെ ‘സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണെന്ന്’ പറഞ്ഞത് പാർട്ടിക്കുള്ളിലെ ചിലരുടെ കൂടി വികാരത്തെ പ്രതിഫലിപ്പിക്കുന്നതാണ്.
അതേസമയം, വിമർശനങ്ങളോട് സതീശൻ മിതമായ ഭാഷയിലാണ് തിങ്കളാഴ്ചയും പ്രതികരിച്ചത്. താൻ സമുദായ നേതാക്കളെ വിമർശിച്ചിട്ടില്ലെന്നും വർഗീയതയെ മാത്രമാണ് എതിർത്തതെന്നും അദ്ദേഹം ആവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

