‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ റിപ്പബ്ലിക് ദിനത്തിൽ പ്രദർശിപ്പിക്കുമെന്ന് കോൺഗ്രസ്
text_fieldsതിരുവനന്തപുരം: ഗുജറാത്ത് വംശഹത്യയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നേരിട്ട് ബന്ധപ്പെടുത്തുന്ന ബി.ബി.സി ഡോക്യുമെന്‍ററി ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് കോൺഗ്രസ്. ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ മുഴുവൻ ജില്ലകളിലും ഡോക്യുമെന്‍ററിയുടെ ഒന്നാം ഭാഗം പ്രദർശിപ്പിക്കുമെന്ന് കെ.പി.സി.സി മൈനോരിറ്റി വിഭാഗം അറിയിച്ചു.
സംസ്ഥാനത്തെ വിവിധ കാമ്പസുകളിൽ എസ്.എഫ്.ഐയും തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐയും ഡോക്യുമെന്‍ററി പ്രദർശിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിനും കാലടി സർവകലാശാലയിൽ വൈകിട്ട് ആറിനും എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കും. വൈകിട്ട് ആറു മണിക്ക് പൂജപ്പുര മൈതാനത്താണ് ഡി.വൈ.എഫ്.ഐ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കുക.
അതേസമയം, ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ബി.ബി.സി ഇന്ന് സംപ്രേഷണം ചെയ്യും. യു.കെയിൽ മാത്രമാകും സംപ്രേഷണം.