വഖഫ് നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: വഖഫ് നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്. നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്താണ് സുപ്രീംകോടതിയെ സമീപിക്കുക. നേരത്തെ വഖഫ് നിയമഭേദഗതിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും രംഗത്തെത്തിയിരുന്നു.
ഇക്കാര്യത്തിൽ വൈകാതെ സുപ്രീംകോടതിയിൽ ഹരജി നൽകും. മോദി സർക്കാറിന്റെ എല്ലാ തരത്തിലുമുള്ള ആക്രമണങ്ങളെ ചെറുക്കാൻ കോൺഗ്രസിന് കഴിയുമെന്നും ജയ്റാം രമേശ് പറഞ്ഞു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2019ലെ വിവരാവകാശനിയമത്തിലെ ഭേദഗതിയെ കോൺഗ്രസ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്തത് അദ്ദേഹം ചൂണ്ടിക്കാട്ടി. 2019ൽ സി.എ.എ നിയമത്തേയും ഇത്തരത്തിൽ ചോദ്യം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള സർക്കാർ നീക്കത്തേയും കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ലോക്സഭ കഴിഞ്ഞ ദിവസം പാസാക്കിയ വഖഫ് ഭേദഗതി ബിൽ രാജ്യസഭയും കടന്നിരുന്നു. 11 മണിക്കൂറിലേറെ നീണ്ട ചർച്ചക്കൊടുവിലാണ് ബിൽ പാസാക്കിയത്. ബില്ലിന് അനുകൂലമായി 128 വോട്ടും പ്രതികൂലമായി 95 വോട്ടും ലഭിച്ചു.പ്രതിപക്ഷം കൊണ്ടു വന്ന ഭേദഗതികൾവോട്ടിനിട്ട് തള്ളി. എൻ.സി.പി നേതാവ് ശരത് പവാർ, ജെ.എം.എം നേതാക്കളായ ഷിബു സോറൻ, മഹുവ മാജ, ആംആദ്മി പാർട്ടി നേതാവ് ഹർഭജൻ സിങ് , തൃണമൂൽ കോൺഗ്രസിലെ സുബ്രതോ ബക്ഷി എന്നിവർ സഭയിൽ ഹാജരായിരുന്നില്ല. ബിജു ജനത ദൾ എം.പി സസ്മീത് പത്ര ഭേദഗതിയിൽ സർക്കാറിന് അനുകൂലമായി വോട്ടുചെയ്തു. ചർച്ചക്ക് ശേഷം വെള്ളിയാഴ്ച പുലർച്ച 1.10 ഓടെയാണ് േവാട്ടെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചത്.
കപിൽ സിബൽ, അഭിഷേക് മനു സിങ്വി തുടങ്ങിയ പ്രഗത്ഭരായ സുപ്രീം കോടതി അഭിഭാഷകർ വിവാദ ബില്ലിലെ വ്യവസ്ഥകൾ ഇഴകീറിയതോടെ രാജ്യസഭയിൽ നടന്ന ചൂടേറിയ ചർച്ചയിൽ സർക്കാർ പതറി. നിയമവിദഗ്ധർക്കുമുന്നിൽ ധനമന്ത്രി നിർമല സീതാരാമനും ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവും ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയും നടത്തിയ പ്രതിരോധം ദുർബലമായി. ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്, ആർ.ജെ.ഡി നേതാവ് സഞ്ജയ് ഝാ, കോൺഗ്രസ് ജനറൽ സെക്രട്ടറിയും ജെ.പി.സി അംഗവുമായ സയ്യിദ് നസീർ ഹുസൈൻ, സി.പി.എമ്മിലെ ജോൺ ബ്രിട്ടാസ് തുടങ്ങിയവർ കൂടി രംഗത്തെത്തിയതോടെ ഭരണപക്ഷം പ്രകോപിതരായി. ചർച്ച നിരവധി തവണ ബഹളത്തിലും കലാശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

