You are here
ഷുഹൈബിന്‍റെ കുടുംബത്തെ കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു -ചെന്നിത്തല
കണ്ണൂർ: കണ്ണൂരിൽ വെേട്ടറ്റുമരിച്ച ഷുഹൈബ് എടയന്നൂരിന്റെ കുടുംബത്തെ കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീടിന്‍റെ ഏക അത്താണിയായ മകനെയാണ് സി.പി.എം വെട്ടിനുറുക്കി കൊലപ്പെടുത്തിയതെന്ന് പൊട്ടിക്കരഞ്ഞാണ് ബാപ്പ മുഹമ്മദ് തന്നോട് പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.
ചായകുടിച്ചു കൊണ്ടിരിക്കെ ശുഹൈബിനെ 37 വെട്ട് വെട്ടി സി.പി.എം ക്രിമിനലുകൾ ഇല്ലാതാക്കിയ ദുരന്തഭൂമിയും തങ്ങൾ സന്ദർശിച്ചു. ശുഹൈബിന്‍റെ മരണം വിതച്ച ഞെട്ടലിൽ നിന്നും ആരും മുക്തരായില്ലെന്നും കോണ്‍ഗ്രസിന്‍റെ ആയിരം കൈകൾ ഇനി ശുഹൈബിന്‍റെ കുടുംബത്തിന് താങ്ങായും തണലായും ഉണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച രാത്രി 10.45ഓടെയാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.
തെരൂരിലെ തട്ടുകടയില്‍ ഷുഹൈബ് സുഹൃത്തുക്കളായ പള്ളിപ്പറമ്പത്ത് നൗഷാദ് (29), റിയാസ് മന്‍സിലില്‍ റിയാസ് (27) എന്നിവര്‍ക്കൊപ്പം ചായ കുടിച്ചുകൊണ്ടിരിെക്ക കാറിലെത്തിയസംഘം കടക്കുനേരേ ബോംബെറിഞ്ഞശേഷം ഷുഹൈബിനെ വെട്ടി പരിക്കേല്പിക്കുകയായിരുന്നു.
ആഴ്ചകള്‍ക്കുമുമ്പ് എടയന്നൂരില്‍ കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് ഓഫിസ് തകര്‍ക്കപ്പെടുകയും ഇതേതുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ ഷുഹൈബ് ഉള്‍പ്പെടെ നാലു കോണ്‍ഗ്രസ് പ്രവര്‍ത്തകരും രണ്ടു സി.പി.എം പ്രവര്‍ത്തകരും റിമാൻഡിലായിരുന്നു.