സ്ഫോടകവസ്തു എറിഞ്ഞെന്ന ആരോപണത്തിനെതിരെ കോൺഗ്രസ്; ദൃശ്യം പൊലീസ് കെട്ടിച്ചമച്ചതെന്ന് കെ. പ്രവീൺ കുമാർ
text_fieldsഅഡ്വ. കെ. പ്രവീൺ കുമാർ
കോഴിക്കോട്: ഷാഫി പറമ്പിൽ എം.പിക്ക് ഗുരുതര പരിക്കേറ്റ ചേരാമ്പ്ര സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്ഫോടകവസ്തു എറിഞ്ഞുവെന്ന പൊലീസിന്‍റെയും സി.പി.എം നേതാക്കളുടെയും ആരോപണത്തിനെതിരെ കോഴിക്കോട് ഡി.സി.സി അധ്യക്ഷൻ അഡ്വ. കെ. പ്രവീൺ കുമാർ. ആരോപണം തള്ളിയ കെ. പ്രവീൺ കുമാർ, സ്ഫോടകവസ്തു എറിയുന്ന ദൃശ്യം കെട്ടിച്ചമച്ചതെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
സത്യവിരുദ്ധമായ കാര്യമാണ്. റൂറൽ എസ്.പിയുടെ വെളിപ്പെടുത്തലോടെ നഷ്ടപ്പെട്ട മുഖം മിനുക്കാനുള്ള നടപടിയാണിത്. യു.ഡി.എഫ് പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഒരു കല്ല് പോലും എറിഞ്ഞിട്ടില്ല. സ്വയം രക്ഷിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്പോടകവസ്തു എറിഞ്ഞെന്ന ആരോപണം കോൺഗ്രസ് അന്വേഷിക്കേണ്ട കാര്യമില്ല. സമാധാനപരായ പ്രതിഷേധം നടത്താനാണ് യു.ഡി.എഫ് പ്രവർത്തകർ ഒത്തുകൂടിയത്. ഗതിവിഗതികൾ മാറ്റിമറിക്കാനുള്ള പൊലീസ് ഗൂഢാലോചനയാണ് പുതിയ കേസിന് പിന്നിൽ. പിണറായി വിജയന്‍റെ പൊലീസിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നില്ല.
സംഭവം നടന്ന നാലാം ദിവസമാണ ആരോപണം ഉന്നയിച്ചത്. ലാത്തിച്ചാർജ് ഉണ്ടായില്ലന്നാണ് ആദ്യം പറഞ്ഞത്. ലാത്തിച്ചാർജ് അറിവോടെയല്ല ഉണ്ടായതെന്ന് പിന്നീട് പറഞ്ഞു. പൊലീസ് അക്രമം കാണിച്ചതാണെന്ന് തുടർന്ന് വിശദീകരിച്ചു. അന്ന് ഇല്ലാതിരുന്ന സ്ഫോടകവസ്തു ഇപ്പോൾ എവിടുന്ന് വന്നുവെന്നും പൊലീസ് അന്വേഷിക്കട്ടെ എന്നും പ്രവീൺ കുമാർ വ്യക്തമാക്കി.
പേരാമ്പ്ര സംഘർഷത്തിനിടെ സ്ഫോടകവസ്തു എറിഞ്ഞുവെന്ന ആരോപണമാണ് സംഭവം നടന്ന് നാലു ദിവസത്തിന് ശേഷം പൊലീസ് ആരോപിക്കുന്നത്. പൊലീസിന്‍റെ ആരോപണം ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന സി.പി.എം പ്രതിനിധികൾ ആവർത്തിക്കുകയും ചെയ്തിരുന്നു.
വടകരയിൽ ആർ.എസ്.എസ് അനുകൂല സാംസ്കാരിക വേദിയായ സേവാദർശൻ സംഘടിപ്പിച്ച അനുമോദന സദസ്സിൽവെച്ചാണ് കഴിഞ്ഞ ദിവസം റൂറൽ ജില്ല പൊലീസ് മേധാവി ഷാഫി പറമ്പിൽ എം.പിക്കെതിരെ പേരാമ്പ്രയിൽ നടന്ന പൊലീസ് അതിക്രമത്തിൽ കുറ്റസമ്മതം നടത്തി കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി കെ.ഇ. ബൈജു സംസാരിച്ചത്. ‘ഞങ്ങൾ പൊലീസ് ലാത്തിച്ചാർജ് ചെയ്തിട്ടില്ല. ഒരു കമാൻഡ് നൽകുകയോ വിസിലടിച്ച് അടിച്ചോടിക്കുകയോ ചെയ്യുന്ന ആക്ഷൻ അവിടെ നടന്നിട്ടില്ല. ഞങ്ങൾ അത്തരത്തിൽ ലാത്തി വീശുകയോ ചെയ്തിട്ടില്ല’ അദ്ദേഹം പറഞ്ഞു.
എന്നാൽ, തങ്ങളുടെ കൂടെയുണ്ടായിരുന്ന ചില ആളുകൾ മനഃപൂർവം അവിടെ കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് പിന്നീട് മനസ്സിലാക്കി. ഇത് ആരാണെന്ന് കണ്ടുപിടിക്കാൻ ഞങ്ങൾ എ.ഐ ടൂളുകൾ ഉപയോഗിച്ച് അന്വേഷണം നടത്തിവരികയാണ് എന്നാണ് എസ്.പി പരിപാടിയിൽ പറഞ്ഞത്.
ഷാഫിക്കെതിരെ നടന്ന ആക്രമണത്തിനെതിരെ സി.പി.എം സൈബറിടങ്ങളിലുൾപ്പെടെ പ്രതിരോധം തീർക്കുന്നതിനിടെ പൊലീസ് മേധാവിയിൽ നിന്നുണ്ടായ കുറ്റസമ്മതം പാർട്ടിയെ വെട്ടിലാക്കി. പൊലീസ് അതിക്രമത്തിനെതിരെ കോൺഗ്രസും യു.ഡി.എഫും ശക്തമായ വിമർശനം അഴിച്ചുവിടുന്നതിനിടെയാണ് ആർ.എസ്.എസ് അനുകൂല സാംസ്കാരിക പരിപാടിയിൽ പങ്കെടുത്ത് പൊലീസ് വീഴ്ച പൊലീസ് മേധാവി ഏറ്റുപറഞ്ഞത്.
അതേസമയം, പൊലീസ് ലാത്തികൊണ്ട് അടിച്ചുവെന്ന് റൂറൽ ജില്ല പൊലീസ് മേധാവി സമ്മതിച്ച സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ അടിയന്തര നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.പി ലോക്സഭ സ്പീക്കർക്ക് വീണ്ടും കത്ത് നൽകി. കുറ്റക്കാരായ പൊലീസുകാരെ കണ്ടെത്താൻ എ.ഐ ടൂളുകൾ ഉപയോഗിച്ച് പരിശോധന നടക്കുന്നുണ്ടെന്നും എസ്.പി വ്യക്തമാക്കിയിരുന്നു. പാർലമെന്റ് അംഗമെന്ന നിലയിൽ അവകാശപ്പെട്ട പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കാതെ പൊതുജനമധ്യത്തിൽ ദുരുദ്ദേശ്യത്തോടെ തന്നെ ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ സഭയുടെ പ്രിവിലേജ് കമ്മിറ്റി വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
ജനപ്രതിനിധികൾക്ക് സംരക്ഷണം നൽകേണ്ട പൊലീസ് തന്നെ ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്നത് തടയാനും ജനപ്രതിനിധികളുടെയും പാർലമെന്‍റിന്‍റെയും അന്തസ്സും യശസ്സും നിലനിർത്താനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനും വിഷയം ഗൗരവമായി പരിഗണിക്കണമെന്നും കത്തിൽ അഭ്യർഥിച്ചു.
ഒക്ടോബർ 10ന് രാത്രി തന്‍റെ നിയോജകമണ്ഡലത്തിൽപെട്ട പേരാമ്പ്രയിൽ യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് തന്നെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ലാത്തിയടിയേറ്റ് തന്‍റെ മുഖത്ത് ഗുരുതരമായ പരിക്കുകൾ ഏറ്റതിനെതുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തേണ്ട സാഹചര്യമുണ്ടായെന്നും നേരത്തേ സ്പീക്കർക്ക് നൽകിയ കത്തിൽ ഷാഫി ചൂണ്ടിക്കാട്ടിയിരുന്നു. ജില്ല പൊലീസ് മേധാവിയുടെ പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് സ്പീക്കർക്ക് എം.പി വീണ്ടും കത്തെഴുതിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

