
കോൺഗ്രസ് പുനഃസംഘടന: ഗ്രൂപ്പുകളെ വെട്ടാനും ശക്തിപ്പെടുത്താനും നേതാക്കളുടെ നീക്കങ്ങൾ, ലക്ഷ്യം പാർട്ടിയിലെ ആധിപത്യം
text_fieldsതിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടനയോടെ പാർട്ടിയിൽ ആധിപത്യമുറപ്പിക്കാനുള്ള നീക്കങ്ങളുമായി നേതാക്കൾ. ഇക്കാലമത്രയും പ്രബല ഗ്രൂപ്പുകളെ നയിച്ചവരും ഹൈകമാൻഡിെൻറ ആശീർവാദത്തോടെ നേതൃത്വത്തിലേക്ക് വന്നവരും ആണ് പാർട്ടിയെ വരുതിയിലാക്കാൻ രംഗത്തിറങ്ങിയിരിക്കുന്നത്. പുതിയ ഡി.സി.സി അധ്യക്ഷന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട് നടക്കുന്ന ഏറ്റുമുട്ടൽ അതിെൻറ ഭാഗമാണ്.
ഗ്രൂപ് താൽപര്യങ്ങൾ പരിഗണിക്കാതെയാണ് കെ.പി.സി.സി അധ്യക്ഷനെയും പ്രതിപക്ഷനേതാവിനെയും ഹൈകമാൻഡ് നിശ്ചയിച്ചത്. ഡി.സി.സി അധ്യക്ഷന്മാരുടെ കാര്യത്തിലും ഇൗ അവസ്ഥ തുടർന്നാൽ ഗ്രൂപ്പുകൾ അപ്രസക്തമാകുമെന്ന് മുതിർന്ന നേതാക്കൾക്ക് അറിയാം. അതോടെയാണ് ഗ്രൂപ് മേൽേക്കായ്മ നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ അവർ നീക്കങ്ങൾ ആരംഭിച്ചത്.
ഗ്രൂപ്പുകളിലെ അസ്വാരസ്യങ്ങൾ മുതലെടുത്ത് പാർട്ടിയിൽ കരുത്തുനേടാനാണ് കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷനേതാവും ശ്രമിക്കുന്നത്. ഡി.സി.സി അധ്യക്ഷന്മാരുടെ നിയമനത്തിലും ഗ്രൂപ്പുകളെ അരിഞ്ഞുവീഴ്ത്താൻ സാധിച്ചാൽ പാർട്ടിയുടെ നിയന്ത്രണം ഏറക്കുറെ കൈപ്പിടിയിലാകുമെന്ന് ഇവർ കണക്കുകൂട്ടുന്നു.
സംസ്ഥാനനേതൃത്വത്തെ ദുര്‍ബലമാക്കുന്ന ഒരു തീരുമാനവും ഉണ്ടാകില്ലെന്ന ഹൈകമാൻഡ് നിലപാട് അവർക്ക് സഹായകവുമാണ്. ഡി.സി.സി അധ്യക്ഷന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ വിപുലമായ ചർച്ചകൾ നടന്നിരുന്നു.
എന്നാൽ, ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായങ്ങൾ പൂർണമായും തള്ളിയില്ലെങ്കിലും പഴയപോലെ സ്വീകാര്യത പുതിയ നേതൃത്വം നൽകിയില്ല. ചില ജില്ലകളിൽ അവർ മുന്നോട്ടുവെച്ച പേരുകൾക്കൊപ്പം മറ്റ് പേരുകളും പുതുനേതൃത്വം നിർദേശിച്ചു.
ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും സ്വന്തം ജില്ലകളിൽ പോലും ഇൗ സാഹചര്യമുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലും മുതിർന്ന നേതാക്കളുടെ താൽപര്യം അംഗീകരിക്കുന്ന പട്ടികയല്ല സമർപ്പിച്ചിരിക്കുന്നത്. ഇതോടെയാണ് പട്ടികക്കെതിരെ അവർ രംഗത്ത് വന്നത്. അതിന് ശക്തി പകരുകയെന്ന ലക്ഷ്യത്തോടെയാണ് കെ.പി.സി.സി ഭാരവാഹിയെക്കൊണ്ടുതന്നെ ഗ്രൂപ് നേതൃത്വം വാർത്തസമ്മേളനം നടത്തിച്ചത്. വാർത്തസമ്മേളനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ അച്ചടക്കനടപടിയെടുത്തായിരുന്നു മറുപക്ഷത്തിെൻറ തിരിച്ചടി.
പരാതിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലേക്ക് വിളിപ്പിക്കുമെന്നാണ് മുതിർന്ന നേതാക്കൾ പ്രതീക്ഷിച്ചിരുന്നത്. ഉണ്ടായില്ലെന്ന് മാത്രമല്ല സംസ്ഥാന നേതൃത്വത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്നും ഹൈകമാൻഡ് വ്യക്തമാക്കി. പ്രശ്നം പരിഹരിക്കാൻ ചുമതലപ്പെടുത്തിയ എ.െഎ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉടൻതന്നെ അനുനയനീക്കം നടത്തുെമങ്കിലും മുതിർന്ന നേതാക്കൾക്ക് പൂർണമായി വഴങ്ങാൻ സാധ്യതയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
