കോൺഗ്രസ് പുനഃസംഘടന ചർച്ച; സുധാകരന് അതൃപ്തി
text_fieldsകെ.സുധാകരൻ
തിരുവനന്തപുരം: പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കുന്നതുമായി ബന്ധപ്പെട്ട കെ.പി.സി.സി പുനഃസംഘടന ചർച്ചകളിൽ കെ. സുധാകരന് അതൃപ്തി. തനിക്കെതിരെ ഏകപക്ഷീയ നീക്കങ്ങൾ നടക്കുന്നെന്ന വികാരമാണ് സുധാകരനുള്ളത്. സ്ഥാനത്ത് കടിച്ചുതൂങ്ങാൻ താനില്ലെന്ന് കഴിഞ്ഞദിവസം പ്രതികരിച്ചെങ്കിലും വാക്കുകളിൽ പ്രതിഫലിച്ചത് പ്രതിഷേധമാണ്. ഇക്കാര്യം ഹൈകമാൻഡിനെയും അറിയിച്ചെന്നാണ് വിവരം. സംസ്ഥാനത്തെ പ്രധാന കോൺഗ്രസ് നേതാക്കളുമായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ചർച്ച നടത്തിയതിന് പിന്നാലെയാണ് പുനഃസംഘടനയുടെ പേരിൽ അസ്വസ്ഥത പുകയുന്നത്.
ഹൈകമാന്ഡ് തീരുമാനിച്ചാൽ മാറാൻ തയാറെന്നാണ് സുധാകരന്റെ പക്ഷം. അതേസമയം ‘പ്രസിഡന്റിനെ മാറ്റാൻ’ എന്ന പേരിൽ നടക്കുന്ന ചർച്ചകളും നേതൃകൂടിക്കാഴ്ചകളുമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. പകരക്കാരാൻ ആര് എന്നതടക്കം പല പേരുകൾ മുൻനിർത്തിയാണ് ചർച്ചകൾ. കെ. സുധാകരനെ കേൾക്കാതെയുള്ള നടപടികൾ ശരിയല്ലെന്നാണ് രമേശ് ചെന്നിത്തലയുടെ പക്ഷം.
സുധാകരനോട് വ്യക്തിപരമായ അകൽച്ചയില്ലെന്ന് വി.ഡി. സതീശനും വ്യക്തമാക്കിയിരുന്നു. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സുധാകരൻ മാറിനിൽക്കണമെന്ന ആവശ്യം ചില നേതാക്കൾ ദീപദാസ് മുൻഷിയെ അറിയിച്ചിട്ടുണ്ട്. സുധാകരന്റെ കാര്യത്തിൽ യുക്തമായ തീരുമാനം ഹൈക്കമാൻഡ് എടുക്കണമെന്ന നിർദേശമാണ് കൂടുതൽപേരും മുന്നോട്ടുവെച്ചത്. അതേസമയം കൂടിക്കാഴ്ചകൾ സുധാകരനെതിരായ പടപ്പുറപ്പാടായാണ് പാർട്ടിയിലും പുറത്തും പ്രചരിക്കുന്നത്. നേതാക്കളുമായി വെവ്വേറെ സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ദീപദാസ് മുൻഷി ഹൈമാൻഡിന് റിപ്പോർട്ട് നൽകും. ഇതിന്റെ അടിസ്ഥാനത്തിലാകും പുനഃസംഘടന.
പുനഃസംഘടനക്ക് തത്ത്വത്തിൽ ധാരണയായെങ്കിലും സുധാകരൻ ഇടഞ്ഞതോടെ, വീണ്ടും പ്രതിസന്ധി ഉടലെടുക്കുകയാണ്. അനാരോഗ്യമാണ് അയോഗ്യതയെങ്കിൽ എം.പി സ്ഥാനത്തിനും അത് ബാധകമല്ലേയെന്ന് സുധാകരൻ ചോദിക്കുന്നു. വിഷയത്തിൽ പരിഹാരം നീളുന്നത് തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെ ബാധിക്കുമെന്ന ആശങ്കയുണ്ട്. സംസ്ഥാന കോൺഗ്രസിലെ ഭിന്നതയിൽ മുസ്ലിം ലീഗിനും അതൃപ്തിയുണ്ട്.
ഇതിനിടെ, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ താൻ മുന്നോട്ടുവെച്ച നിർദേശത്തിന്റെ പേരിൽ അനാവശ്യ വിവാദങ്ങളുയർന്നതിൽ സതീശനും അതൃപ്തനാണ്. കോൺഗ്രസിന് ജയസാധ്യതയുള്ള 60 മുതൽ 65 വരെ സീറ്റുണ്ട്. അത്തരം മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധനൽകുന്നതിനെക്കുറിച്ചാണ് താൻ പറഞ്ഞത്. അതിനെ തെറ്റായി വ്യാഖ്യാനിച്ചെന്നാണ് സതീശന്റെ പരിഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

