ബി.എ.ല്‍.ഒയുടെ ആത്മഹത്യ: ഓഡിയോ പുറത്തുവിട്ട് കോൺഗ്രസ്; ഭീഷണിപ്പെടുത്തി സമ്മര്‍ദം ചെലുത്തിയെന്ന്
text_fieldsകണ്ണൂര്‍: ബി.എ.ല്‍.ഒ അനീഷ് ജോര്‍ജിന്റെ ആത്മഹത്യക്ക് കാരണം ജോലിഭാരം മാത്രമല്ലെന്നും അനീഷിനെ സി.പി.എം ഭീഷണിപ്പെടുത്തിയെന്ന് സൂചിപ്പിക്കുന്ന ഓഡിയോ സന്ദേശവും പുറത്തുവിട്ട് കണ്ണൂര്‍ ഡി.സി.സി. യു.ഡി.എഫ് പ്രതിനിധിയെ എസ്.ഐ.ആര്‍ ഫോം വിതരണത്തില്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ഭീഷണിപ്പെടുത്തിയതായി അനീഷ് തന്നെ വെളിപ്പെടുത്തുന്ന ശബ്ദരേഖയാണ് ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പുറത്തുവിട്ടത്.
സി.പി.എം.നിയമിച്ച ബി.എല്‍.എ റഫീഖിനു പകരം മുന്‍ ബ്രാഞ്ച് സെക്രട്ടറി ചന്ദ്രനാണ് അനീഷിനൊപ്പം വീടുകളിലേക്ക് ഫോം നല്‍കാന്‍ പോയതെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു. മറ്റൊരു ദിവസം ഡി.വൈ.എഫ്.ഐ നേതാവ് പ്രമോദാണ് അനീഷിനോടൊപ്പം പോയതെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് ബി.എൽ.എ വൈശാഖും അനീഷ് ബാബുവും തമ്മിലുള്ള ഫോൺ സംഭാഷണവും അദ്ദേഹം വാർത്തസമ്മേളനത്തിൽ പുറത്തുവിട്ടു.
ബി.എല്‍.എമാരെ കൂട്ടിക്കൊണ്ടുപോകണമെന്ന് എസ്.ഐ.ആര്‍ ചട്ടങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്നും അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ അംഗീകരിച്ച ബി.എല്‍.എമാര്‍ക്കാണ് വോട്ടര്‍പട്ടിക സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി സംസാരിക്കാന്‍ ധാര്‍മിക അവകാശമുള്ളതെന്നും മാര്‍ട്ടിന്‍ ജോര്‍ജ് വ്യക്തമാക്കി. വീട്ടുകാരുടെ സംശയങ്ങള്‍ തീര്‍ക്കുന്നതിനും നടപടികള്‍ വേഗത്തിലാക്കുന്നതിനും പ്രദേശവുമായി പരിചയമുള്ള ബി.എല്‍.എമാര്‍ ഉപകരിക്കും. യു.ഡി.എഫ് ബി.എല്‍.എ വൈശാഖിനോട് തന്നോടൊപ്പം ഫോം വിതരണത്തിന് വരരുതെന്ന് അനീഷ് ഫോണില്‍ പറഞ്ഞതിന്റെ തെളിവും ഡി.സി.സി പ്രസിഡന്റ് പുറത്തുവിട്ടു. വൈശാഖ് വരുന്നതില്‍ എതിര്‍പ്പുണ്ടെന്നും കാര്യമെന്താണെന്ന് പിന്നെ പറയാമെന്നും അനീഷ് പറയുന്നത് ഓഡിയോയില്‍ വ്യക്തമാണ്. താന്‍ ബി.എല്‍.എ അല്ലേ, പിന്നെ എന്തുകൊണ്ട് എതിര്‍പ്പെന്ന് വൈശാഖ് തിരിച്ചുചോദിക്കുന്നതും ശബ്ദരേഖയില്‍ കേള്‍ക്കാം. കോണ്‍ഗ്രസിന്റെ ബൂത്ത് ലെവല്‍ ഏജന്റായ വൈശാഖ് എന്യൂമറേഷന്‍ ഫോം വിതരണത്തിന് അനീഷിനൊപ്പം പോയിരുന്നെങ്കിലും സി.പി.എം ഭീഷണി സ്വരത്തില്‍ തന്നെ ഒഴിവാക്കണമെന്ന് അനീഷിനോട് ആവശ്യപ്പെട്ടതായി വൈശാഖ് മാധ്യമങ്ങളോട് പറഞ്ഞു.
അനീഷ് ബി.എല്‍.ഒയായി പ്രവര്‍ത്തിച്ച കാങ്കോല്‍ പഞ്ചായത്തില്‍ സി.പി.എം അതിപ്രസരമാണെന്നും ഒരു പഞ്ചായത്ത് മെംബര്‍ പോലും കോണ്‍ഗ്രസിനില്ലാത്ത സാഹചര്യത്തില്‍ സി.പി.എം ബി.എല്‍.ഒമാരെ നിയന്ത്രിച്ച് കള്ളവോട്ട് ചെയ്യാറുണ്ടെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു. അതിന് സാഹചര്യമൊരുക്കാനാണ് ബി.എല്‍.ഒ അനീഷ് ജോര്‍ജിനെ ഭീഷണിപ്പെടുത്തി സമ്മര്‍ദം ചെലുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

