കന്യാസ്ത്രീകളുടെ അറസ്റ്റിൽ കോൺഗ്രസ് രാജ്ഭവൻ മാർച്ചിൽ പ്രതിഷേധമിരമ്പി
text_fieldsതിരുവനന്തപുരം: ഛത്തിസ്ഗഢിൽ കന്യാസ്ത്രീകളെ ജയിലിലടച്ച ബി.ജെ.പി സർക്കാർ നടപടിക്കെതിരെ കോൺഗ്രസ് നടത്തിയ രാജ്ഭവൻ മാർച്ചിൽ പ്രതിഷേധമിരമ്പി. മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളെപ്പോലെയാണ് ബി.ജെ.പി നേതാക്കള്‍ ക്രൈസ്തവ ഭവനങ്ങളിലെത്തി കേക്ക് വിതരണം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് മാറിയപ്പോൾ രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്ക് എന്ത് സംഭവിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് ഛത്തിസ്ഗഢിൽ കണ്ടത്. കന്യാസ്ത്രീകളെ ജയിലിലടച്ച നടപടിക്കെതിരായ കേരളത്തിന്റെ പ്രതിഷേധം പ്രധാനമന്ത്രിയെയും ഛത്തിസ്ഗഢ് സര്‍ക്കാരിനെയും അറിയിക്കാന്‍ മുഖ്യമന്ത്രി ഇനിയും വൈകരുതെന്നും അദ്ദേഹം പറഞ്ഞു.
കന്യാസ്ത്രീകള്‍ക്കെതിരെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ വ്യാജ കുറ്റങ്ങളാണ് ചുമത്തിയതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഇതിനെ ന്യായീകരിക്കുകയാണ്. ബജ്റംഗദൾ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തപ്പോള്‍ പൊലീസ് കൈയുംകെട്ടി നിന്നെന്നും സണ്ണി ജോസഫ് പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, വി.എം. സുധീരന്, പി.സി വിഷ്ണുനാഥ്, പി. അനില്‍കുമാര്‍, ഷാഫി പറമ്പില്‍, കെ. മുരളീധരന്, എന്‍. ശക്തന്, എം.എം. ഹസന്, കെ.സി. ജോസഫ്, വി.എസ്. ശിവകുമാര്‍, ബിന്ദു കൃഷ്ണ, എം. ലിജു തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

