പയ്യാമ്പലത്തെ ഉമ്മൻചാണ്ടിയുടെ ശിലാഫലകം മാറ്റി മന്ത്രി റിയാസിന്റെ പേരിലുള്ളത് വെച്ചു; അൽപത്തരത്തിന്റെ അങ്ങേയറ്റമെന്ന് കോൺഗ്രസ്
text_fieldsകണ്ണൂർ: മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്ത കണ്ണൂർ പയ്യാമ്പലത്തെ കുട്ടികളുടെ പാർക്കിന്റെയും കടലോര നടപ്പാതയുടേയും ശിലാഫലകം മാറ്റി സ്ഥാപിച്ചതിൽ കോൺഗ്രസ് പ്രതിഷേധം. പകരം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പേരിലുള്ള ശിലാഫലകമാണ് സ്ഥാപിച്ചത്.
2015 മേയ് 15ന് ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത പാർക്കും നടപ്പാതയും നവീകരിച്ച് 2022 മാർച്ച് ആറിന് മന്ത്രി റിയാസ് ഉദ്ഘാനം ചെയ്തിരുന്നു. ഇത് രേഖപ്പെടുത്തിയാണ് പുതിയ ശിലാഫലകം സ്ഥാപിച്ചത്.
എന്നാൽ, ഉമ്മൻ ചാണ്ടിയുടെ പേരുള്ള ശിലാഫലകം കുപ്പത്തൊട്ടിയിൽ തള്ളി അതിന്മേൽ ചൂലെടുത്തു വച്ചതായാണ് കണ്ടതെന്ന് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആരോപിച്ചു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ടൂറിസം സെക്രട്ടറി കെ.ബിജുവിന് ഡി.സി.സി പ്രസിഡന്റ് പരാതി നൽകി.
അല്പത്തരത്തിന്റെ അങ്ങേയറ്റമാണ് പ്രവൃത്തിയാണെന്നും ആരുടെ നിര്‍ദേശപ്രകാരമാണ് ഇത് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏത് വിവരദോഷിയായ ഉദ്യോഗസ്ഥനാണ് പിന്നിലെന്ന് അന്വേഷിക്കണം. മുഹമ്മദ് റിയാസ് പുതുതായി എന്തെങ്കിലും ഉദ്ഘാടനം ചെയ്തിട്ടുണ്ടെങ്കില്‍ ശിലാഫലകം സ്ഥാപിക്കാന്‍ സ്ഥലം വേറെയുമുണ്ടെന്നിരിക്കേ പഴയ ശിലാഫലകം അടര്‍ത്തിമാറ്റിയത് ബോധപൂര്‍വമാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അവഹേളിക്കുന്നതിന് തുല്യമാണിത്. സംഭവത്തില്‍ അന്വേഷണം നടത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കണമെന്ന് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

