'പണി പൂർത്തിയായിട്ട് മതി ടോൾ പിരിവ്..!'; കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ കോൺഗ്രസ് പ്രതിഷേധം, വാഹനങ്ങൾ കടത്തിവിട്ടു
text_fieldsകോഴിക്കോട്: കോഴിക്കോട് ബൈപ്പാസിലെ പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ടോൾ പിരിവിനെതിരെ വൻ പ്രതിഷേധം. പണി പൂർത്തിയാകാതെ ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന് പ്രതിഷേധവുമായെത്തിയ കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ടോൾ പിരിവ് ആരംഭിക്കാനിരിക്കെയാണ് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാറിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകർ പ്രകടനവുമായെത്തിയത്. പിരിവ് തടഞ്ഞ പ്രതിഷേധക്കാർ വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിതോടെ സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യാൻ പൊലീസും ശ്രമിച്ചതോടെ വൻ സംഘർഷത്തിലേക്ക് നീങ്ങി. ഇതോടെ ദേശീയപാതയിൽ വാഹനങ്ങളുടെ നീണ്ട ക്യൂവായിരുന്നു.
സർവീസ് റോഡുകളുടെ നിർമാണം പൂർത്തീകരിക്കുക, പ്രദേശത്തെ രണ്ട് പഞ്ചായത്തുകളിലുള്ളവർക്ക് ടോളിൽ പൂർണമായ ഇളവ് നൽകുക, ഇതുവഴി സർവീസ് നടത്തുന്ന സ്വകാര്യബസുകളെ ടോളിൽനിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കോൺഗ്രസ് പ്രവർത്തകർ ഉന്നയിച്ചത്. ദേശീയപാത 66ലെ വെങ്ങളം-രാമനാട്ടുകര ബൈപ്പാസിലാണ് ടോൾ പിരിവ് ഇന്ന് മുതൽ ആരംഭിച്ചത്.
നിരക്കുകൾ ഇങ്ങനെ
3000 രൂപയുടെ ഹാസ്ടാഗ് എടുക്കുന്നവർക്ക് ഒരു വർഷം 200 യാത്രകൾ ചെയ്യാൻ കഴിയും. 24 മണിക്കൂറിനകം ഇരുവശത്തേക്കും പോകുന്ന വാഹനത്തിന് മടക്കയാത്രയിൽ 25 ശതമാനം കിഴിവ് ലഭിക്കും. കോഴിക്കോട് ജില്ലയിൽ രജിസ്റ്റർ ചെയ്ത നാഷനൽ പെർമിറ്റ് ഒഴികെയുള്ള കൊമേഴ്സ്യൽ വാഹനങ്ങൾക്ക് ടോൾ നിരക്കിൽ 50 ശതമാനം ഇളവാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു മാസം തുടർച്ചയായി 50 തവണ യാത്ര ചെയ്യുന്നവർക്ക് ടോൾ നിരക്കിൽ 33 ശതമാനം ഇളവുണ്ടാകും.
ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്ക് 340 രൂപയുടെ പാസ് അനുവദിച്ചു നൽകിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ചൊവ്വാഴ്ച മാത്രം 25 സമീപവാസികൾക്ക് പാസുകൾ നൽകി. ടോൾ പിരിവിനുള്ള സംവിധാനങ്ങൾ പൂർണ സജ്ജമാണെന്ന് ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ പ്രശാന്ത് ദുബെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

