വണ്ടിപ്പെരിയാർ: കുടുംബത്തിന് സംരക്ഷണം നൽകണം കോൺഗ്രസ് ഡിവൈ.എസ്.പി ഓഫിസ് ഉപരോധിച്ചു
text_fieldsഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ
കോൺഗ്രസ് പ്രവർത്തകർ പീരുമേട് ഡിവൈ.എസ്.പി
ഓഫിസ് ഉപരോധിക്കുന്നു
പീരുമേട്: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിനും സ്വത്തിനും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പീരുമേട് ഡിവൈ.എസ്.പി ഓഫിസ് ഉപരോധിച്ചു.
പെൺകുട്ടിയുടെ പിതാവിന് വിട്ടയച്ച പ്രതിയുടെ ബന്ധുവിന്റെ കുത്തേറ്റ സാഹചര്യത്തിലായിരുന്നു സമരം. ശനിയാഴ്ച വൈകീട്ട് 4.30 മുതലാണ് സമരം നടത്തിയത്.
ഡിവൈ.എസ്.പി തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനാൽ ചുമതലയുള്ള കട്ടപ്പന ഡിവൈ.എസ്.പി നിഷാദ് മോൻ എം.പിയുമായി സംസാരിക്കുകയും തുടർന്ന് ജില്ല പൊലീസ് മേധാവിക്ക് വിവരം കൈമാറുകയും ചെയ്തു. പൊലീസ് മേധാവി പ്രദീപ് കുമാർ ഡീൻ കുര്യാക്കോസുമായി സംസാരിച്ച് കുടുംബത്തിനും സ്വത്തിനും സംരക്ഷണം നൽകാമെന്ന ഉറപ്പിൽ 7.30ന് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
കോൺഗ്രസ് നേതാക്കളായ വി.പി. സജീന്ദ്രൻ, എം. ലിജു, റോയി കെ. പൗലോസ്, എം.എൻ. ഗോപി, ബിജോ മാണി തുടങ്ങിയവർ പങ്കെടുത്തു.

