50 മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികളായി
text_fieldsന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ 50 മണ്ഡലങ്ങളിലെ ആദ്യഘട്ട സ്ഥാനാർഥി പട്ടികക്ക് അന്തിമരൂപമായി. ന്യൂഡൽഹിയിൽ ഞായറാഴ്ച മധുസൂദനൻ മിസ്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സ്ക്രീനിങ് കമ്മിറ്റി യോഗത്തിലാണ് 50 മണ്ഡലങ്ങളുടെ കാര്യത്തിൽ അന്തിമരൂപമായത്. തെരഞ്ഞെടുപ്പ് കമീഷൻ തീയതി പ്രഖ്യാപിക്കുകയോ സി.പി.എം ആദ്യം പട്ടിക പുറത്തിറക്കുകയോ ചെയ്യുന്ന മുറക്ക് ആദ്യപട്ടിക കോൺഗ്രസ് പുറത്തുവിടും.
കോൺഗ്രസിന്റെ 22 സിറ്റിങ് സീറ്റുകളിൽ വിരലിലെണ്ണാവുന്നവ ഒഴിച്ചുള്ള മണ്ഡലങ്ങൾ ആദ്യപട്ടികയിലുണ്ടാകും. ഒന്നു രണ്ട് സിറ്റിങ് മണ്ഡലങ്ങളിൽ മറ്റു സാഹചര്യങ്ങൾകൂടി വിലയിരുത്താനുണ്ട്. കോൺഗ്രസും മുസ്ലിംലീഗും മത്സരിച്ചാൽ തോൽക്കുന്ന ഒന്നു രണ്ട് മണ്ഡലങ്ങൾ വെച്ചുമാറും. അതേസമയം മുസ്ലിംലീഗ് മത്സരിക്കുന്ന മണ്ഡലങ്ങളുടെ എണ്ണത്തിൽ തൽസ്ഥിതി തുടരും.
സ്ഥാനാർഥി നിർണയ ചർച്ചയിൽ പുരോഗതിയില്ലാതിരുന്ന നാലഞ്ച് ജില്ലകളിലാണ് അന്തിമ രൂപമാകാനുള്ളത്. പുതുയുഗ യാത്രക്കുശേഷം ബാക്കിയുള്ള സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമാകും.
സാമ്പത്തികമായി പാർട്ടിക്ക് ബാധ്യത വരുത്താതിരിക്കാനാണ് തെരഞ്ഞെടുപ്പ് തീയതി കമീഷൻ പ്രഖ്യാപിച്ചശേഷം പട്ടിക പുറത്തുവിട്ടാൽ മതിയെന്ന് തീരുമാനിച്ചത്. ഈ മാസമാദ്യം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി 11ന് കേരളത്തിലെത്തുന്നതിനാൽ അതിന് ശേഷമേ പ്രഖ്യാപനമുണ്ടാകൂ. വീണ്ടും വൈകുമെന്ന് കണ്ടാൽ മാർച്ച് പകുതിയോടെ ആദ്യപട്ടിക പുറത്തുവിടും. കേരളത്തിൽനിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും യോഗത്തിൽ പങ്കെടുത്തു. സ്ക്രീനിങ് കമ്മിറ്റി യോഗത്തിനുശേഷം വൈകീട്ട് കേരള ഹൗസിലെത്തി ദീപ ദാസ് മുൻഷി വി.ഡി. സതീശൻ, സണ്ണി ജോസഫ് എന്നിവരുമായി വീണ്ടും ചർച്ചകൾ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

