കോൺഗ്രസിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന്; ശശി തരൂർ പങ്കെടുക്കും
text_fieldsകോഴിക്കോട്: കെ.പി.സി.സിയുടെ ഫലസ്തീൻ റാലി ഇന്ന് വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കും. റാലിയിൽ ശശി തരൂർ എം.പി പങ്കെടുക്കുമെന്ന് സ്വാഗതസംഘം ചെയർമാനും എം.പിയുമായ എം.കെ. രാഘവൻ അറിയിച്ചു. അടുത്ത ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കേണ്ടതുള്ളതിനാൽ റാലിയിൽ തരൂർ പങ്കെടുക്കില്ലെന്ന വാർത്തകളുണ്ടായിരുന്നു. എന്നാൽ തരൂർ പങ്കെടുക്കാതിരിക്കുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്നതിനാൽ നിർബന്ധമായും പങ്കെടുക്കണമെന്നാണ് പാർട്ടി നിർദേശം.
നേരത്തെ ഡിസിസി പുറത്ത് വിട്ട വാർത്ത കുറിപ്പിൽ തരൂരിെൻറ പേര് ഉണ്ടായിരുന്നില്ല. ലീഗിന്റെ റാലിയിൽ ശശിതരൂര്‍ ഹമാസിനെതിരെ നടത്തിയ പരാമര്‍ശം വിവാദമുണ്ടാക്കിയിരുന്നു. നവ കേരള സദസ്സിന്റെ പേര് പറഞ്ഞ്, ബീച്ചിൽ കോൺഗ്രസ് റാലി നടത്താൻ കലക്ടർ ആദ്യം അനുമതി നിഷേധിച്ചതും വിവാദമായിരുന്നു. പിന്നീട് കലക്ടറുടെ അനുമതി ലഭിച്ചു.
വൈകീട്ട് നാലിന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് അധ്യക്ഷൻ. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തും. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ മുഖ്യാതിഥിയാകും.

