കോൺഗ്രസ് ഫലസ്തീൻ റാലി കടപ്പുറം ഫ്രീഡം സ്ക്വയറിൽതന്നെ
text_fieldsകോഴിക്കോട്: കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യറാലി കോഴിക്കോട് കടപ്പുറത്ത് ഫ്രീഡം സ്ക്വയറിൽതന്നെ നടത്തുമെന്ന് സ്വാഗതസംഘം ചെയർമാനും എം.പിയുമായ എം.കെ. രാഘവൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. റാലി ഫ്രീഡം സ്ക്വയറിൽതന്നെ നടത്തുന്നതിനുള്ള കലക്ടറുടെ അനുമതി ലഭിച്ചു. ഇത് കോൺഗ്രസിന്റെ വിജയമാണെന്ന് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ പറഞ്ഞു. നവംബർ 23ന് നടക്കുന്ന റാലിയിൽ അരലക്ഷത്തിലധികം പേർ പങ്കെടുക്കും. ജില്ലയിലെ കോൺഗ്രസിന്റെ തിരിച്ചുവരവിന്റെ തുടക്കം കൂടിയായ ഈ റാലി, സമീപകാല കേരളം കണ്ട ഏറ്റവും വലിയ റാലിയായിരിക്കുമെന്നും എം.കെ. രാഘവൻ എം.പി പറഞ്ഞു.
23ന് വൈകീട്ട് നാല് മണിക്ക് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് അധ്യക്ഷൻ. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാകും. പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഫലസ്തീൻ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.സാമൂഹിക- സാംസ്കാരിക- മതരംഗത്തെ പ്രമുഖരും സംബന്ധിക്കും. നവകേരള സദസ്സിന്റെ പശ്ചാത്തലത്തിൽ കടപ്പുറത്തെ വേദിക്ക് കലക്ടർ അനുമതി നിഷേധിച്ചത് വിവാദമായിരുന്നു.
ഫലസ്തീൻ ഐക്യദാർഢ്യറാലിയിൽ തരൂർ ഇല്ല
കോഴിക്കോട്: കെ.പി.സി.സി 23ന് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യറാലിയിൽ കോൺഗ്രസ് എം.പി ശശി തരൂർ പങ്കെടുക്കില്ലെന്ന് സൂചന. കെ.പി.സി.സി പുറത്തുവിട്ട ലിസ്റ്റിൽ റാലിയിൽ പങ്കെടുക്കുന്ന നേതാക്കളുടെ കൂട്ടത്തിൽ ശശി തരൂരിന്റെ പേരില്ല. അന്തിമ ലിസ്റ്റ് അടുത്ത ദിവസം മാത്രമെ പുറത്തുവിടൂ എന്നും തരൂരിന് വ്യക്തിപരമായി ചില അസൗകര്യങ്ങൾ ഉള്ളതിനാലാണ് പേര് വെക്കാതിരുന്നത് എന്നുമാണ് എം.കെ. രാഘവൻ മാധ്യമപ്രവർത്തകരോട് വിശദീകരിച്ചത്. ആ ദിവസം ശശി തരൂരിന്റെ മരുമകളുടെ വിവാഹമാണെന്നും വൈകീട്ട് റിസപ്ഷനുണ്ടെന്നും അതിനാൽ അസൗകര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.