‘മറിച്ചിടെടാ..!’; വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് മാർച്ചിൽ സംഘർഷാവസ്ഥ; ബാരിക്കേഡ് തള്ളി മാറ്റാൻ ശ്രമം
text_fieldsമന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ ബാരിക്കേഡ് തള്ളി മാറ്റാൻ ശ്രമിക്കുന്ന പ്രവർത്തകർ
തിരുവല്ല: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ച സംഭവത്തിൽ മന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് നടന്ന മാർച്ചിൽ സംഘർഷാവസ്ഥ. സ്വകാര്യ ബസ്‍സ്റ്റാൻഡിന് സമീപത്തെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസിന് മുന്നിൽ നിന്നും പ്രകടനമായാണ് പ്രവർത്തകർ എത്തിയത്. ഇവരെ പ്രതിരോധിക്കാൻ ആശുപത്രിയുടെ പ്രധാന കവാടം അടച്ച് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. പ്രകടനത്തിന്റെ മുൻനിരയിൽ എത്തിയ പ്രവർത്തകർ ബാരിക്കേഡ് തള്ളി മാറ്റാൻ ശ്രമിച്ചു.
ആശുപത്രിയിലേക്കുള്ള ഏക കവാടം പൊലീസ് കെട്ടിയടച്ചു. ചികിത്സക്കെത്തിയ കാലിന് പരിക്കേറ്റ രോഗി അടക്കമുള്ളവർ ഉള്ളിൽ പ്രവേശിക്കാനാകാതെ കവാടത്തിന് പുറത്തായി. ഇതോടെ കവാടം കൊട്ടിയടച്ച പൊലീസിനെ നേരെയായി പ്രവർത്തകരുടെയും നേതാക്കളുടെയും ആക്രോശം. പ്രകടനവും ധർണയും സമാധാനപൂർണമാവും എന്ന് ഡി.വൈ.എസ്.പി അടക്കമുള്ള ഉദ്യോഗസ്ഥരെ മുൻകൂട്ടി അറിയിച്ചതാണെന്നും പൊലീസ് മനപൂർവം കവാടം അടക്കുകയായിരുന്നു എന്നും നേതാക്കൾ പറഞ്ഞു.
ഇതോടെ കവാടം തുറക്കുവാൻ നേതാക്കൾ അടക്കം ആവശ്യപ്പെട്ടു. പൊലീസ് തയ്യാറാകാതിരുന്നതോടെ ബാരിക്കേഡ് അടക്കം തകർക്കാൻ ഒരുങ്ങി. പിന്നാലെ, ഡി.വൈ.എസ്.പി സി.കെ. വിദ്യാധരൻ കവാടം തുറന്നു നൽകുവാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് നടന്ന ധർണ്ണ രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഈപ്പൻ കുര്യൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

