പൊട്ടിത്തെറിക്ക് പിന്നാലെ തിരിച്ചടി; സിറ്റിങ് സീറ്റുകൾ കൈവിട്ട് കോൺഗ്രസ്, അട്ടിമറിയിൽ എൽ.ഡി.എഫ്
text_fieldsതിരുവനന്തപുരം: ചിറയിന്‍കീഴ് നിയമസഭ മണ്ഡല പരിധിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കനത്തി തിരിച്ചടി. ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു വാര്‍ഡുകളിലും എല്‍.ഡി.എഫ് അട്ടിമറി വിജയം നേടി. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷന്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു. 395 വോട്ടിന് എൽ.ഡി.എഫ് സ്ഥാനാര്‍ഥി ബിജിമോള്‍ ആണ് ജയിച്ചത്. 593 വോട്ടിന് കഴിഞ്ഞ തവണ യു.ഡി.എഫ് ജയിച്ച സീറ്റാണിത്. ചിറയിന്‍കീഴ് നിയമസഭ മണ്ഡലത്തിന് കീഴിലുള്ള മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കല്‍ വാര്‍ഡും യു.ഡി.എഫിന് നഷ്ടമായി. എൽ.ഡി.എഫിലെ രമ്യ തുളസി 440 വോട്ടും യു.ഡി.എഫിലെ അജന്ത ഷിജി 301 വോട്ടുമാണ് ലഭിച്ചത്.
രമ്യ ഹരിദാസും സഹായി പാളയം പ്രദീപും ഒരു ഭാഗത്തും ഒരു വിഭാഗം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ മറുഭാഗത്തുമായി നടന്ന കൈയാങ്കളി കോണ്‍ഗ്രസിന് വലിയ തലവേദനയായിരുന്നു. കെ.പി.സി.സി നേതൃത്വം ഇടപെട്ട് എം.എൽ.എയ്ക്കുള്‍പ്പെടെ താക്കീത് നല്‍കിയാണ് പ്രശ്‌നം അവസാനിപ്പിച്ചത്. എന്നാല്‍, പ്രദേശിക തലത്തില്‍ പാര്‍ട്ടിയിലെ അതൃപ്തി തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നാണ് ഫലം സൂചിപ്പിക്കുന്നത്.
കണ്ണൂർ ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് തദ്ദേശ വാർഡിലും എൽ.ഡി.എഫ് വിജയിച്ചു. കഴിഞ്ഞ തവണ യു.ഡി.എഫ് വിജയിച്ച പെരളശേരി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡായ ബാവോട് ഈസ്റ്റ് എൽ.ഡി.എഫ് തിരിച്ചുപിടിച്ചു. മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ ഡിവിഷൻ എൽ.ഡി.എഫ് നിലനിർത്തി. ബാവോട് ഈസ്‌റ്റിൽ 65 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫിലെ കെ.വി. രതീശനാണ് വിജയിച്ചത്. പഞ്ചായത്തംഗം സുരേഷ്ബാബു തണ്ടാരത്തിന്റെ നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 13 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് യു.ഡി.എഫ് ജയിച്ചത്.
മട്ടന്നൂർ ഉരുവച്ചാലിൽ എ.കെ. സുരേഷ്‌കുമാറാണ് ജയിച്ച എൽ.ഡി.എഫ് സ്ഥാനാർഥി. 276 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കഴിഞ്ഞ തവണ 269 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായത്. കൗൺസിലറായിരുന്ന എൽ.ഡി.എഫിലെ കെ.കെ. അഭിമന്യുവിന്റെ നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

