അതൃപ്തരെ തേടി കോൺഗ്രസ്; യു.ഡി.എഫ് വിപുലീകരിക്കും
text_fieldsകോഴിക്കോട്: എൽ.ഡി.എഫിലെ അതൃപ്തരെ യു.ഡി.എഫിലേക്ക് അടർത്തിയെടുക്കാൻ പരിശ്രമിക്കാൻ കെ.പി.സി.സിയുടെ നവസങ്കൽപ് ചിന്തൻ ശിബിരത്തിൽ തീരുമാനം. യു.ഡി.എഫ് വിപുലീകരിക്കാൻ തയാറാകുമെന്ന് രണ്ടു ദിവസത്തെ ചിന്തൻ ശിബിരത്തിന്റെ പ്രഖ്യാപനയോഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു.
യു.ഡി.എഫിന്റെ ജനകീയ അടിത്തറ വർധിപ്പിക്കും. ഇടതു നിലപാടുള്ള സംഘടനകൾക്ക് പിണറായി വിജയൻ സർക്കാറിന്റെ വലതുപക്ഷനയങ്ങൾ പിന്തുടർന്ന് ഏറെക്കാലം എൽ.ഡി.എഫിൽ തുടരാൻ കഴിയില്ലെന്ന് ചിന്തൻ ശിബിരം അഭിപ്രായപ്പെട്ടു. യു.ഡി.എഫിലേക്കു വരാൻ പലരും ബന്ധപ്പെടുന്നുണ്ടെന്ന് സുധാകരൻ പറഞ്ഞു.
സ്വത്വം നഷ്ടപ്പെടുത്തി, അധികാര പങ്കാളിത്തം എന്ന ഏക അജണ്ടയിൽ തൃപ്തരാകാത്തവരും എൽ.ഡി.എഫിലുണ്ട്. അവർക്ക് മുന്നണി വിട്ട് പുറത്തുവരേണ്ടിവരും. ഈ കക്ഷികളെ യു.ഡി.എഫ് സ്വാഗതംചെയ്യുകയാണെന്ന് സുധാകരൻ പ്രഖ്യാപിച്ചു. കേരളത്തിൽ പ്രവർത്തിക്കുന്ന 'മാധ്യമം' ദിനപത്രത്തെ നിരോധിക്കണമെന്ന് വിദേശ ഭരണകൂടത്തോട് ആവശ്യപ്പെടുന്ന മന്ത്രിമാരെ സൃഷ്ടിക്കുകയും പോറ്റിവളർത്തുകയും ചെയ്യുന്ന നാടാണിതെന്നും കെ.ടി. ജലീലിനെ സൂചിപ്പിച്ച് സുധാകരൻ പറഞ്ഞു.
മറ്റു പ്രധാന പ്രഖ്യാപനങ്ങൾ
- കോൺഗ്രസ് യൂനിറ്റ് കമ്മിറ്റികളുടെ (സി.യു.സി) പ്രവർത്തനം തൃപ്തികരമല്ല. അടുത്ത ആറുമാസത്തിനകം സി.യു.സി ശക്തമാക്കും.
- ചാരിറ്റി പ്രവർത്തനത്തിന് പരിഗണന നൽകും.
- എ.ഐ.സി.സിയുടെ നിർദേശപ്രകാരം സമയബന്ധിതമായി കെ.പി.സി.സി മുതൽ ബൂത്ത് തലം വരെ സംഘടന തെരഞ്ഞെടുപ്പ് പൂർത്തിയാക്കും.
- ബൂത്ത് കമ്മിറ്റി പുനഃസംഘടന ആഗസ്റ്റ് 30നകവും ബ്ലോക്ക് കമ്മിറ്റിയുടേത് സെപ്റ്റംബർ 30നകവും പൂർത്തിയാക്കും.
- കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി മാതൃകയിൽ ജില്ല, മണ്ഡലം തലത്തിലും സമിതികൾ.
- പാർട്ടി അച്ചടക്കം ഉറപ്പുവരുത്താൻ ജില്ലതലങ്ങളിൽ സംവിധാനം.
- എല്ലാ പാർട്ടിപ്രവർത്തകർക്കും പരിശീലനം നിർബന്ധമാക്കാൻ സിലബസ് തയാറാക്കും
- സ്ത്രീകൾക്കും യുവാക്കൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും അർഹമായ പ്രാധാന്യം.
- ഒന്നിലധികം മണ്ഡലം കമ്മിറ്റിയുള്ള പഞ്ചായത്തുകളിലും നഗരസഭകളിലും ആവശ്യമെങ്കിൽ കമ്മിറ്റികൾ പുനഃക്രമീകരിക്കും.
- പാർട്ടി ഭാരവാഹികളുടെ എണ്ണം പുനഃക്രമീകരിക്കും.
- സ്ത്രീകളുടെ പരാതികൾ കേൾക്കാൻ ആഭ്യന്തര പരിഹാര സമിതിയുണ്ടാക്കും.
- ഒ.ഐ.സി.സി പുനഃസംഘടിപ്പിക്കും.
- പ്രക്ഷോഭങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കും.
- പാർശ്വവത്കരിക്കപ്പെട്ടവരെ ചേർത്തുനിർത്തും.
- ബൂത്ത് തലത്തിൽ മുഴുവൻ സമയ പ്രവർത്തകരെ നിയോഗിക്കും.
- സംഘടനയിൽ സാമൂഹിക നീതി നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

