കോൺഗ്രസ് നേതൃയോഗം ഇന്ന്; കേരളത്തിലെ നേതാക്കൾ ഡൽഹിയിൽ
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതൃയോഗം ഡൽഹിയിൽ ഇന്ന് ചേരും. വൈകീട്ട് നാലിനാണ് യോഗം ആരംഭിക്കുക. എ.ഐ.സി.സിയുടെ പുതിയ ആസ്ഥാനത്താണ് യോഗം ചേരുക. കെ.പി.സി.സി പുനഃസംഘടന, ഡി.സി.സി യിലെ അഴിച്ചു പണി, തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ എന്നിവ ചർച്ച ചെയ്യാനാണ് ഹൈക്കമാൻഡ് കേരളത്തിലെ നേതാക്കളുടെ യോഗം വിളിച്ചിരിക്കുന്നത്.
കെ.പി.സി.സി മുൻ അധ്യക്ഷൻമാർ, കെ.പി.സി.സി ഭാരവാഹികൾ, കെ.പി.സി.സി പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി അംഗങ്ങൾ, മുതിർന്ന എം.പിമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക. പാർട്ടി സംഘടനാ ഘടന ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യും. കെ.പി.സി.സി പ്രസിഡൻ്റിനെ മാറ്റുന്നത് സംബന്ധിച്ചുള്ള ചർച്ചകളും നടക്കും. രമേശ് ചെന്നിത്തല, കെ സുധാകരൻ, ശശി തരൂർ, എം. എം ഹസൻ, എം.കെ രാഘവൻ അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിൽ എത്തിയിട്ടുണ്ട്.
കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയാൻ കെ. സുധാകരൻ കഴിഞ്ഞ ദിവസം ഉപാധിവെച്ചിരുന്നു. രമേശ് ചെന്നിത്തലക്ക് നൽകിയത് പോലെ പ്രവർത്തക സമിതിയിൽ ക്ഷണിതാവ് ആകണമെന്നും നിയമസഭാ സീറ്റും രണ്ട് ഡി.സി.സി പ്രസിഡന്റ് പദവികളും വേണമെന്നുമാണ് കെ. സുധാകരൻ മുന്നോട്ടുവച്ച ഉപാധി.
അതേസമയം, മാറ്റുന്നതും മാറ്റാതിരിക്കുന്നതും ഹൈക്കമാന്റ് ആണ് തീരുമാനിക്കുന്നതെന്ന് റിപ്പോർട്ടിന് പിന്നാലെ കെ. സുധാകരൻ പ്രതികരിച്ചത്. തന്നോട് മാറണമെന്ന് ആരും പറഞ്ഞിട്ടില്ല. പാർട്ടിയിൽ ലഭിച്ച സ്ഥാനങ്ങളിൽ പൂർണ തൃപ്തനാണ്. എഐസിസിക്ക് മാറ്റണമെങ്കിൽ മാറ്റാമെന്നും സുധാകരൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

