കോൺഗ്രസ് നേതൃമാറ്റം: സമുദായ സമവാക്യത്തിന് മുഖ്യപരിഗണന
text_fieldsകെ.പി.സി.സി. വർക്കിങ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ്
തിരുവനന്തപുരം: ഏറെ അനിശ്ചിതങ്ങൾക്കൊടുവിൽ സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റം സാമുദായിക സമവാക്യങ്ങൾ പാലിച്ചുള്ളതാണ്. അതോടൊപ്പം പാർട്ടിയിൽ തലമുറ മാറ്റത്തിന്റെ പ്രഖ്യാപനം കൂടിയാണ് ഇപ്പോഴത്തെ അഴിച്ചുപണി. കെ.സുധാകരനെ മാറ്റാൻ ഹൈകമാൻഡ് നേരത്തേ തീരുമാനിച്ചതാണ്. പകരക്കാരൻ ആരെന്നതിൽ തട്ടിയാണ് പ്രഖ്യാപനം വൈകിയത്. ഉമ്മൻ ചാണ്ടി വിടവാങ്ങിയതോടെ, കോൺഗ്രസ് നേതൃത്വത്തിൽ ക്രിസ്ത്യൻ നേതാവില്ലെന്നത് പാർട്ടി നേരിടുന്ന പ്രശ്നമാണ്. അത് പരിഹരിക്കാൻ കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് ക്രിസ്ത്യൻ നിർബന്ധമെന്ന പരിഗണനയാണ് അഡ്വ. സണ്ണി ജോസഫിലെത്തിയത്. ആന്റോ ആന്റണി എം.പി കൂടി പരിഗണിക്കപ്പെട്ടെങ്കിലും റോമൻ കാത്തലിക് സഭാംഗമെന്നതും സ്ഥാനമൊഴിയുന്ന കെ. സുധാകരന്റെ പിന്തുണയും സണ്ണി ജോസഫിന് മുൻതൂക്കമായി.
ഈഴവ വിഭാഗത്തിൽനിന്നുള്ള കെ. സുധാകരനെ മാറ്റിയപ്പോൾ ആ വിഭാഗത്തിനുള്ള പരിഗണനയാണ് അടൂർ പ്രകാശിന്റെ യു.ഡി.എഫ് കൺവീനർ സ്ഥാനം. എസ്.എൻ.ഡി.പിയിലടക്കം സ്വാധീനമുള്ള കോൺഗ്രസിലെ ഈഴവ പ്രമാണിയാണ് അടൂർ പ്രകാശ്. ആ ബലത്തിലാണ് ഇടതുശക്തികേന്ദ്രമായ ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി രണ്ടുതവണ ലോക്സഭയിലേക്ക് ജയിച്ചത്. കെ.പി.സി.സി അധ്യക്ഷനായി തന്നെ പരിഗണിക്കപ്പെട്ട അടൂർ പ്രകാശ് അവിടെ ക്രിസ്ത്യൻ വേണമെന്ന നിർബന്ധത്തിലാണ് യു.ഡി.എഫ് നേതൃത്വത്തിലേക്ക് മാറേണ്ടിവന്നത്. എം.എം. ഹസന് യു.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്നുള്ള മാറ്റം പ്രതീക്ഷിച്ചതാണ്. എന്നാൽ, രാഹുൽ ബ്രിഗേഡിൽപെട്ട വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖിന്റെ മാറ്റം ചർച്ചയിലുണ്ടായിരുന്നില്ല. ഇരുവരും മാറി മുസ്ലിം പ്രാതിനിധ്യമായി പകരംവന്നത് വർക്കിങ് പ്രസിഡന്റായി ഷാഫി പറമ്പിലാണ്. മുസ്ലിം സമുദായത്തിലും പുറത്തും കൂടുതൽ സ്വീകാര്യതയുള്ളയാളാണ് ഷാഫി. യുവനേതാവ് എന്നതുകൂടി പണിഗണിക്കുമ്പോൾ ഷാഫിയുടെ വരവ് മികച്ച തെരഞ്ഞെടുപ്പാണ്.
പി.സി. വിഷ്ണുനാഥ് വർക്കിങ് പ്രസിഡന്റാകുന്നത് നായർ വിഭാഗത്തിന്റെ പ്രാതിനിധ്യമാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആ വിഭാഗത്തിൽ നിന്നാണെന്നിരിക്കെ, വിഷ്ണുനാഥ് കൂടി കെ.പി.സി.സിയുടെ നിർണായക സ്ഥാനത്ത് പ്രതിഷ്ഠിച്ചത് കോൺഗ്രസിന്റെ പരാമ്പരാഗത വോട്ടുബാങ്ക് ഉറപ്പിച്ചുനിർത്താനുള്ള നീക്കമാണ്. എ.പി. അനിൽ കുമാർ വർക്കിങ് പ്രസിഡന്റ് പദവിയിലെത്തിയതിലൂടെ തലപ്പത്ത് ദലിത് പ്രാതിനിധ്യവുമുറപ്പാക്കാൻ കോൺഗ്രസിന് കഴിഞ്ഞു. കെ.പി.സി.സി അധ്യക്ഷ പദവിയൊഴിഞ്ഞ കെ. സുധാകരനെ പ്രവർത്തക സമിതിയിൽ സ്ഥിരം ക്ഷണിതാവാക്കിയത് ആശ്വാസ നടപടിയാണ്.
നിയമസഭ തെരഞ്ഞെടുപ്പ് വരെ തുടരാൻ ആഗ്രഹിച്ച സുധാകരന്റെ അതൃപ്തി അടക്കിനിർത്താൻ കൂടിയുള്ളതാണ്. വർക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കപ്പെട്ട കൊടിക്കുന്നിൽ സുരേഷ്, ടി.എൻ. പ്രതാപൻ എന്നിവരുടെ മാറ്റവും മെറിറ്റ് അടിസ്ഥാനമാക്കിയാണ്. തൃശൂർ ലോക്സഭ സീറ്റ് നിഷേധിച്ചതിന്റെ പരിഹാരമായാണ് ടി.എൻ. പ്രതാപനെ വർക്കിങ് പ്രസിഡന്റാക്കിയത്. ദലിത് പ്രതിനിധിയെന്ന നിലയിൽ സ്ഥാനം ലഭിച്ച കൊടിക്കുന്നിലും ടി.എൻ. പ്രതാപനും കെ.പി.സി.സി നേതൃത്വത്തിൽ മികച്ച പ്രകടനം അവകാശപ്പെടാനില്ല.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പുനഃസംഘടനയിൽ സാമുദായിക സന്തുലനം കൃത്യമാക്കിയ ഹൈകമാൻഡ് യുവത്വത്തിനും മതിയായ പരിഗണന നൽകിയത് പാർട്ടി അണികളുടെ കൂടി വികാരം കണക്കിലെടുത്തുള്ള തീരുമാനമാണ്. കോൺഗ്രസ് പുനഃസംഘടനയിലെ പതിവ് മുഖ്യപരിഗണനയാകാറുള്ള ഗ്രൂപ് സമവാക്യം ഇക്കുറി പ്രധാന ഘടകമായില്ല. കാരണം, ആ നിലയിലുള്ള എ, ഐ ഗ്രൂപ് ശാക്തിക ചേരി കോൺഗ്രസിൽ ഇപ്പോൾ പ്രബലമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

