മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചിച്ച് നേതാക്കൾ
text_fieldsതിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനവുമായി കോൺഗ്രസ് നേതാക്കൾ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ അടക്കമുള്ളവരാണ് അനുശോചിച്ചത്.
മനുഷ്യ സ്‌നേഹിയായ പാപ്പക്ക് വിട -വി.ഡി. സതീശൻ
ആഗോള കത്തോലിക്കാ സഭയുടെ 266 മത് മാര്‍പ്പാപ്പ. അഞ്ചര പതിറ്റാണ്ടിലധികം നീണ്ട വൈദിക ജീവിതം. ജനതയെ ഹൃദയത്തോട് ചേര്‍ത്തും സ്‌നേഹം ചൊരിഞ്ഞും ജീവിച്ച മഹാഇടയന്‍. 21-ാം നൂറ്റാണ്ടില്‍ സമാധാനത്തിന്റെ പ്രവാചകനും മനുഷ്യ സ്‌നേഹത്തിന്റെ പ്രതീകവുമായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ.
യേശുക്രിസ്തു പഠിപ്പിച്ച കാരുണ്യത്തിന്റെ വഴികളാണ് മനുഷ്യരാശിയുടെ മോചനത്തിന് അനിവാര്യമെന്ന് വിശ്വസിച്ചിരുന്ന അദ്ദേഹം എല്ലാവരേയും, പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്തുന്ന ദൈവ കരത്തിന്റെ ഉടമ കൂടിയായിരുന്നു. സ്വവര്‍ഗാനുരാഗികളെ ദൈവത്തിന്റെ മക്കള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഈസ്റ്റര്‍ ദിനത്തിലും ഗാസയുടെ കണ്ണീരിനെക്കുറിച്ചാണ് പരിശുദ്ധ പിതാവ് ആകുലപ്പെട്ടത്. ദൈവരാജ്യത്തിന് വേണ്ടി തനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുകയും അതിനായി സമര്‍പ്പിക്കുകയും ചെയ്ത വിശുദ്ധനായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ. മനുഷ്യ സ്‌നേഹിയായ പാപ്പക്ക് വിട. വിശ്വാസി സമൂഹത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.
മാര്‍പാപ്പയുടേത് അനുകരിക്കപ്പെടേണ്ട വിശുദ്ധ ജീവിതം -കെ.സി. വേണുഗോപാല്‍
ഇന്നലെ ഉയിര്‍പ്പ് ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ തടിച്ചു കൂടിയ വിശ്വാസികളുടെ കാതുകളിലേക്ക് യുദ്ധവെറിക്കെതിരെ വിശ്വമാനവികതയുടെ സന്ദേശം നല്‍കുമ്പോള്‍ ഏറെ പ്രതീക്ഷിച്ചിരുന്നു, ഇനിയും ഈ ലോകത്തിന് വഴികാട്ടാന്‍ അങ്ങുണ്ടാകുമെന്ന്. ഒടുവില്‍ ഭൂമിയിലെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിപ്പോകുന്നത്, ആദരിക്കപ്പെടേണ്ടതും അനുകരിക്കപ്പെടേണ്ടതുമായ വിശുദ്ധ ജീവിതം കൂടിയാണ്.
ഭീകരതയ്ക്കും യുദ്ധങ്ങള്‍ക്കുമെതിരെ നിലപാടെടുത്തും അഭയാര്‍ത്ഥികള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി നിലകൊണ്ടും ഈ ലോകത്തിന് നേര്‍വഴി കാണിച്ചുനല്‍കിയ വലിയ ഇടയന്റെ ജീവിതം ഇവിടെ വഴികാട്ടിയായി ബാക്കിനില്‍ക്കും.
ഹൃദയം മുറിക്കുന്ന വാളാകാന്‍ മാത്രമല്ല, മുറിവുണക്കുന്ന മരുന്നാകാനും വാക്കുകള്‍ക്ക് കഴിയുമെന്ന സന്ദേശം അവസാന നിമിഷങ്ങളില്‍പ്പോലും പകര്‍ന്നുനല്‍കിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മടക്കയാത്ര. ലോകം പഠിക്കട്ടെ, അങ്ങെനെ ദൈവാംശത്തില്‍ നിന്ന്.
മാര്‍പാപ്പയുടെ നിര്യാണത്തില്‍ കെ.പി.സി.സി മൂന്ന് ദിവസത്തെ ദുഃഖാചരണം -കെ. സുധാകരന്‍
എല്ലാ മനുഷ്യരേയും ഒരു പോലെ കണ്ടിരുന്ന ഏറ്റവും വലിയ മനുഷ്യ സ്‌നേഹിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സമാധാനത്തിന്റെ സന്ദേശ വാഹകനായിരുന്ന മാര്‍പാപ്പ. ഭീകരതയും അഭയാർഥി പ്രശ്‌നവും മുതല്‍ ആഗോളതാപനം വരെയുള്ള കാര്യങ്ങളില്‍ അദ്ദേഹം നിലപാടുകള്‍ തുറന്നു പറഞ്ഞിരുന്നു.
വ്യക്തി ജീവിതവും വൈദിക ജീവിതവും മനുഷ്യനന്മക്കായി മാത്രം ഉഴിഞ്ഞുവെച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം ലോകത്തിന് വലിയ നഷ്ടമാണ്. ലോകത്തിന് മുഴുവന്‍ വഴികാട്ടിയും വെളിച്ചവുമായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
മാര്‍പാപ്പയോടുള്ള ആദരസൂചകമായി കെ.പി.സി.സി മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം നടത്തും. 23ന് ചേരാനിരുന്ന കെ.പി.സി.സി എക്‌സിക്യൂട്ടീവ് യോഗം ഉള്‍പ്പെടെ മൂന്ന് ദിവസത്തെ എല്ലാ പാര്‍ട്ടി പരിപാടികളും മാറ്റിവെച്ചു.
ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയ ലോക നേതാവ് -എം.എം. ഹസന്‍
മാനവീകതയുടെ മഹനീയ മാതൃകയാണ് വിടവാങ്ങിയ ഫ്രാന്‍സിസ് മാര്‍പാപ്പ. മഹാത്മ ഗാന്ധിയുടെ ആദര്‍ശങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയ മാര്‍പ്പാപ്പ പാവങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച ലോക നേതാവാണ്. ഗസ്സയിലെ യുദ്ധത്തിനെതിരായി ശബ്ദിക്കുകയും സമാധാനത്തിന് വേണ്ടി പ്രാർഥിക്കുകയും ചെയ്ത മാര്‍പ്പാപ്പ സമാധാനത്തിന്റെ സന്ദേശവാഹകനായിരുന്നു. വിടവാങ്ങിയ മാര്‍പ്പാപ്പയോടുള്ള ആദരസൂചകമായി യു.ഡി.എഫ് മൂന്ന് ദിവസത്തെ ദുഃഖാചരണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

