'ഒരിക്കൽ പോലും കൈപ്പത്തിക്ക് വോട്ടു ചെയ്തിട്ടില്ലാത്തയാൾ'; രതികുമാർ സി.പി.എമ്മിന് ബാധ്യതയായി മാറുമെന്ന് കോൺഗ്രസ് നേതാക്കൾ
text_fieldsകൊട്ടാരക്കര: കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേക്കേറിയ മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി ഭാവിയിൽ സി.പി.എമ്മിന് ബാധ്യതയായി മാറുമെന്ന് കോൺഗ്രസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വന്തം ബൂത്തിൽ പോലും സ്വാധീനമില്ലാത്ത വ്യക്തിയാണ് രതികുമാറെന്നും നേതാക്കൾ ആരോപിച്ചു.
നേതാക്കളുടെ കാലുതിരുമ്മി സ്ഥാനമാനങ്ങൻ നേടിയ ശേഷം അത് നഷ്ടപ്പെടുമെന്നു കണ്ടപ്പോഴാണ് മറുകണ്ടം ചാടിയത്. ഡി.സി.സി പ്രസിഡൻ്റാകാൻ ആഗ്രഹിച്ചെങ്കിലും ഒരു ചർച്ചയിൽ പോലും രതികുമാറിൻ്റെ പേര് ഉയർന്നു വന്നിരുന്നില്ല. പത്തനാപുരത്ത് മൽസരിക്കണമെന്ന് മോഹമുണ്ടായിരുന്നു. എന്നാൽ കോൺഗ്രസിലെ ഒരു വിഭാഗവും ഇതിന് അനുകൂലമായിരുന്നില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ഒരിക്കൽ പോലും കൈപ്പത്തിക്ക് വോട്ടു ചെയ്തിട്ടില്ലാത്തയാളാണ് രതി കുമാറെന്നും നേതാക്കൾ ആരോപിച്ചു. കോൺഗ്രസ്സിൽ കരുണാകരനോടും മുരളീധരനോടും ഒപ്പം നിന്ന് സ്ഥാനമാനങ്ങൾ നേടുകയും പിന്നീട് കോൺഗ്രസ് വിട്ട് ഡി.ഐ.സിയിലും എൻ.സി.പിയിലും ഭാഗ്യ പരീക്ഷണം നടത്തിയ ശേഷമാണ് വീണ്ടും കോൺഗ്രസ്സിൽ വന്നത്. കൊടിക്കുന്നിൽ സുരേഷിനെ കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഇയാൾ പറയുന്നത്. ജനപിന്തുണയുള്ളത് കൊണ്ടാണ് കൊടിക്കുന്നിൽ തുടർച്ചയായി വിജയിച്ചു വരുന്നത്. കൊടിക്കുന്നിലിന് ബിനാമി ഇടപാടുകളോ അധിക സ്വത്തുക്കളോ ഉണ്ടെന്ന് തെളിയിക്കാൻ രതികുമാറിനെ നേതാക്കൾ വെല്ലുവിളിച്ചു.
വാർത്താസമ്മേളനത്തിൽ കെ.പി.സി.സി നിർവാഹക സമിതിയംഗം പൊടിയൻ വർഗ്ഗീസ്, ഡി.സി.സി ജനറൽ സെക്രട്ടറി പി. ഹരികുമാർ, ബ്ലോക്ക് പ്രസിഡൻ്റ് ഒ.രാജൻ, യു.ഡി.എഫ് ചെയർമാൻ ബേബി പടിഞ്ഞാറ്റിൻകര എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

