'ഭാര്യയെയും മക്കളെയും നിങ്ങൾ കാണില്ല, പന്നിയും ആനയും ഞങ്ങളെ കൊല്ലുമ്പോൾ ഞങ്ങൾക്കും ആരെയെങ്കിലും കൊല്ലണ്ടേ'; വനം വകുപ്പ് ജീവനക്കാര്‍ക്ക് എതിരെ ഭീഷണിയുമായി കെ.പി.സി.സി അംഗം
text_fieldsപത്തനംതിട്ട: കോന്നി ഫോറസ്റ്റ് ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ വനം വകുപ്പിനെതിരെ ഭീഷണിയുമായി കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കൽ.
'വനംവകുപ്പ് ഈ സ്ഥിതി തുടർന്നാൽ, നാട്ടുകാർ നിങ്ങളെ വഴിയിൽ തടഞ്ഞാൽ വല്ല കുഴപ്പമുണ്ടാകും...? ഭാര്യയെയും മക്കളെയും നിങ്ങൾ രാത്രിയിൽ കാണത്തില്ല. പന്നിയും ആനയും ഞങ്ങളെ കൊല്ലുമ്പോൾ ഞങ്ങൾക്ക് ആരെയെങ്കിലും കൊല്ലണ്ടേ, കേസെടുത്തോ,എന്നാലും കുഴപ്പമില്ല.'- മാത്യു കുളത്തിങ്കൽ പറഞ്ഞു.
നാട്ടിൽ നല്ലൊരു പോത്തറച്ചി വാങ്ങിച്ച് കഴിക്കാൻ പറ്റുന്നില്ലെന്നും ഇതെല്ലാം കാട്ടറച്ചിയാണെന്ന് കരുതുന്നവരാണ് ഫോറസ്റ്റുകാരെന്നും അദ്ദേഹം പറഞ്ഞു.
വന്യമൃഗ ആക്രമണങ്ങളിൽനിന്നും മലയോരപ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ കർഷകരെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കലഞ്ഞൂർ പാടം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.
കഴിഞ്ഞ ദിവസമാണ് സി.പി.എം എം.എൽ.എ കെ.യു ജനീഷ് കുമാർ കോന്നി പാടം ഫോറസ്റ്റ് സ്റ്റേഷനിൽ കയറി ഭീഷണിപ്പെടുത്തിയത്. കോന്നി കുളത്തുമണ്ണിൽ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശി രാജുവിനെ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തതിനെ തുടർന്നായിരുന്നു എം.എൽ.എയുടെ രോഷം. ഫോറസ്റ്റ് സ്റ്റേഷനിലെത്തി കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് എം.എൽ.എ കെ.യു ജനീഷ് കുമാറിനെതിരെ കൂടൽ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

