'വീട്ടില്‍ നിന്ന് തന്നെ ഒരാള്‍ ബി.ജെ.പിയിൽ പോയില്ലേ, പിന്നെയാണോ സന്തത സഹചാരി'; കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: കോർപറേഷനിലെ ബി.ജെ.പി സ്ഥാനാർഥി പട്ടികയിലെ പലരും ലീഡറുടെ സന്തത സഹചാരികളായിരുന്നല്ലോ എന്ന ചോദ്യത്തിന് ‘‘വീട്ടില്‍ നിന്ന് തന്നെ ഒരാള്‍ പോയില്ലേ?, അതിന് മേലെയാണോ സന്തത സഹചാരികള്‍’ എന്നായിരുന്നു കെ. മുരളീധന്‍റെ മറുചോദ്യം. കേസരി ഹാളിൽ നടന്ന ‘തദ്ദേശീയം’ പരിപാടിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശശി തരൂർ അടുത്ത കാലത്ത് ചെയ്യുന്ന കാര്യങ്ങളധികവും തെറ്റാണെന്നാണ് തന്റെ അഭിപ്രായം. ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് ദേശീയ നേതൃത്വമാണ്. ഇതൊന്നും നമ്മുടെ ലെവലിൽ നിൽക്കുന്ന കാര്യങ്ങളല്ല. തരൂർ രക്തസാക്ഷി പരിവേഷത്തിനാണോ ശ്രമിക്കുന്നതെന്ന ചോദ്യത്തിന് ‘എന്ത് രക്തസാക്ഷി, പാർട്ടി പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ ഏത് ആളായാലും പുറത്താകും’ എന്നായിരുന്നു മറുപടി.
തദ്ദേശ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമോ എന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ എന്തെങ്കിലും പോരായ്മയുണ്ടായെങ്കില്‍ അത് പത്രികാസമര്‍പ്പണത്തിന് മുന്‍പായി പരിഹരിക്കും. ഏതെങ്കിലും സ്ഥലങ്ങളില്‍ യു.ഡി.എഫിന്റെ പൊതുസ്വഭാവത്തിനെതിരായി സ്ഥാനാര്‍ഥി നിര്‍ണയമോ മറ്റോ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് ജില്ലാ, സംസ്ഥാന നേതാക്കള്‍ പരിഹാരം കാണും.
വന്ദേഭാരതില്‍ വിവിധ വിശ്വാസങ്ങൾ പുലർത്തുന്നവരും വിശ്വാസമില്ലാത്തവരുമുണ്ടാകും. സ്വന്തം ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. അതിന്‍റെ പേരിൽ സർക്കാർ സ്വീകരിക്കുന്ന ഏത് നിലപാടും ഞങ്ങൾ അംഗീകരിക്കും -മുരളീധരൻ കൂട്ടിച്ചേർത്തു.
വീട് നിര്‍മിക്കാന്‍ സ്ഥലം ലഭിക്കാത്തതാണ് വയനാട് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ ഭവന നിര്‍മാണം മുന്നോട്ടുപോകാത്തതെന്ന് മുരളീധരന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

