Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘സൈബർ സഖാക്കളേ...

‘സൈബർ സഖാക്കളേ നിങ്ങൾക്ക് ആളുമാറി, ഇതുകൊണ്ടൊന്നും എന്നെ വിരട്ടാനാകില്ല’; സൈബർ ആക്രമണത്തിന് മറുപടിയുമായി ജിന്‍റോ ജോൺ

text_fields
bookmark_border
‘സൈബർ സഖാക്കളേ നിങ്ങൾക്ക് ആളുമാറി, ഇതുകൊണ്ടൊന്നും എന്നെ വിരട്ടാനാകില്ല’; സൈബർ ആക്രമണത്തിന് മറുപടിയുമായി ജിന്‍റോ ജോൺ
cancel
camera_alt

ജിന്‍റോ ജോൺ

കോഴിക്കോട്: തനിക്കും കുടുംബത്തിനും നേരെ ഉയരുന്ന സൈബർ ആക്രണങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് ജിന്‍റോ ജോൺ രംഗത്ത്. തന്‍റെ രാഷ്ട്രീയ അഭിപ്രായത്തിന്റെ പേരിൽ ഇതിന്റെയൊന്നും ഭാഗമല്ലാത്ത പങ്കാളിയുടേയും മക്കളുടേയും ചിത്രങ്ങൾ വച്ചുകൊണ്ട് പറഞ്ഞു പരത്തുന്ന വൃത്തികേടുകൾ സി.പി.എമ്മിന്റെ രാഷ്ട്രീയ നിലപാടാണോ എന്ന് ജിന്‍റോ ജോൺ ചോദിക്കുന്നു. കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ സി.പി.എമ്മുകാർക്ക് നൽകുന്ന പരിഗണന മറ്റുള്ളവർക്ക് പൊലീസ് നൽകുന്നില്ല. സൈബർ അധിക്ഷേപങ്ങളിൽ നടപടിയില്ല.

തന്‍റെ പോസ്റ്റിൽ ആരെയും പേരെടുത്ത് പരാർശിക്കാതിരുന്നിട്ടും സി.പി.എമ്മുകാർ തനിക്കുനേരെ ആക്രമണം നടത്തുന്നു. സ്വന്തം പേരും പ്രൊഫൈലും ധൈര്യമായി പുറത്ത് കാണിക്കാൻ പറ്റാത്തത്ര മലിന മനസ്സുള്ളവരാണ് സൈബർ അറ്റാക്കുമായി വരുന്നത്. നിങ്ങൾക്ക് ശരിക്കും ആളുമാറി. സൈബർ സഖാക്കൾ വരയ്ക്കുന്ന സദാചാരത്തിന്റെ ചതുരവടിവിൽ നിൽക്കണമെന്നുള്ള പേടിയില്ലാത്ത, ഇതുവരെയുള്ള ജീവിതത്തിൽ ഭയമില്ലാത്ത, ഒളിക്യാമറകളും ബൈനോക്കുലറുകളും ഇനിയും പേടിക്കാൻ ഉദ്ദേശമില്ലാത്ത തന്നെ വിരട്ടാൻ ഇതുകൊണ്ടൊന്നും ആകില്ലെന്നും ജിന്‍റോ ജോൺ ഫേസ്ബുക്കിൽ കുറിച്ചു. കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഫേസ്ബുക്കിൽ കുറിപ്പിട്ടത്.

ജിന്‍റോ ജോണിന്‍റെ കുറിപ്പിന്‍റെ പൂർണരൂപം

ഇതെന്റെ ജീവിതപങ്കാളി ടീന ജേക്കബ് കൂട്ടത്തിലുള്ളത് ഞങ്ങളുടെ മക്കളായ ദാവീദ് ജോൺ, ഇസഹാഖ് ജേക്കബ്

സൈബർ സഖാക്കളേ, ഇനി കാര്യത്തിലേക്ക് വരാം. നിങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ എന്റെയൊരു രാഷ്ട്രീയ അഭിപ്രായത്തിന്റെ പേരിൽ ഇതിന്റെയൊന്നും ഭാഗമല്ലാത്ത എന്റെ പങ്കാളിയുടേയും മക്കളുടേയും ചിത്രങ്ങൾ വച്ചുകൊണ്ട് പറഞ്ഞു പരത്തുന്ന വൃത്തികേടുകൾ സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടാണോ. ഞാൻ ആക്ഷേപിച്ചു എന്ന് നിങ്ങൾ അതിവായന ചെയ്ത കെ ജെ ഷൈൻ കഴിഞ്ഞദിവസം മാധ്യമങ്ങളിലൂടെ പറഞ്ഞ അഭിപ്രായമാണ് "സ്ത്രീയേയും പുരുഷനേയും ഏതൊരു മനുഷ്യനേയും മോശമായി ചിത്രീകരിക്കാൻ പാടില്ല. ഏത് രാഷ്ട്രീയ പാർട്ടിയായാലും അത് ചെയ്യാൻ പാടില്ല" എന്ന്. അതിനായി നെഹ്റു, ഗാന്ധി, ലെനിൻ എന്നിവരുടെയെല്ലാം പുസ്തകങ്ങൾ പരാമർശിച്ച അവരോട് എനിക്കൊന്ന് ചോദിക്കാനുണ്ട്. താങ്കൾക്ക് അവകാശപ്പെട്ടതെന്ന് കരുതുന്ന അതേ അവകാശം എന്റെ ജീവിതപങ്കാളിക്കും ഉണ്ടെന്ന് താങ്കൾ കരുതുന്നുണ്ടോ? ഉണ്ടെങ്കിൽ താങ്കളുടെ പരാതിയിൽ ഉണർന്നു പ്രവർത്തിച്ച കേരള പോലീസ് എന്റെ ജീവിതപങ്കാളി ഒരു പരാതി കൊടുത്താൽ അതേ വേഗതയിൽ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് തരാൻ താങ്കൾക്ക് സാധിക്കുമോ? അങ്ങനെ അല്ലാത്തപക്ഷം താങ്കളുടെ സ്ത്രീപക്ഷ നിലപാട് കപടമാണെന്ന് കേരളം വിചാരിക്കേണ്ടിവരും. സമാനമായി അക്രമിക്കപ്പെടുന്ന മറ്റൊരു സ്ത്രീക്കും കിട്ടാത്ത പരിഗണന താങ്കൾക്ക് മാത്രം കിട്ടുന്നുണ്ടെങ്കിൽ ആ നിയമനടപടിയുടെ അതിവേഗത മറ്റ് എന്തൊക്കെയോ മറച്ചു പിടിക്കാനാണെന്ന് സംശയിച്ചു പോയേക്കാം.

എന്റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ എവിടെയെങ്കിലും താങ്കളുടെ പേര് പരാമർശിക്കുന്ന ഏതെങ്കിലും ഭാഗം ചൂണ്ടിക്കാണിക്കാൻ സാധിക്കുമോ? വിവാദങ്ങളെ വഴിതിരിച്ചു വിടാൻ എന്റെ പേര് കൂടി ഉന്നയിച്ചപ്പോഴും താങ്കൾക്കെതിരെ വ്യക്തിപരമായി അഭിപ്രായം പറയാതിരുന്നത് താങ്കളുടെ അഭിപ്രായത്തോട് ചേർന്ന് നിൽക്കുന്നത് കൊണ്ടല്ല, താങ്കളും ഒരു സ്ത്രീ ആണെന്നുള്ളതുകൊണ്ട് തന്നെയാണ്. പക്ഷേ, എന്റെ ഈ ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്തിടത്തോളം താങ്കളിലെ സ്ത്രീപക്ഷം കപടമണെന്ന് ഞാൻ വിചാരിക്കേണ്ടിവരും. എന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഒരിടത്ത് പോലും താങ്കളുടെ പേര് പരാമർശിക്കാത്തപ്പോഴും അത് താങ്കളെ കുറിച്ചാണെന്ന് ആരെങ്കിലും പറഞ്ഞപ്പോഴെങ്കിലും എന്റെ പോസ്റ്റ് പരിശോധിച്ചിട്ടുണ്ടോ? എവിടെയെങ്കിലും നിങ്ങളെ പരാമർശിച്ചത് കണ്ടോ? എങ്കിൽ ഏതു ഭാഗത്താണത്? താങ്കളെയാണ് ഉദ്ദേശിച്ചത് എന്ന് എങ്ങനെയാണ് മനസ്സിലായത്? ഇനി അങ്ങനെ കണ്ടില്ലെങ്കിൽ ആര് പറഞ്ഞിട്ടാണ് താങ്കളെ ഞാൻ ആക്ഷേപിച്ചു എന്ന് പൊതുസമൂഹത്തിന് മുന്നിൽ പറയാൻ കാരണമായത്? എന്റെ ഫേസ്ബുക്ക് അഭിപ്രായങ്ങളുടെ താഴെ എന്നേയും മക്കളേയും ജീവിതപങ്കാളിയേയും മോശമായി ചിത്രീകരിച്ച് എഴുതി പിടിപ്പിക്കുന്ന സിപിഎം നേതാക്കളടക്കമുള്ള സൈബർ സഖാക്കന്മാർക്കെതിരെ ഒരു വാക്ക് ഉരിയാടാൻ താങ്കൾക്ക് പറ്റുമോ? ഇല്ലെങ്കിൽ കാപട്യം കൊണ്ട് ഉത്തരമുണ്ടാക്കാൻ ശ്രമിക്കരുത്.

ഞാനാണ് ചർച്ചയിൽ പങ്കെടുക്കുന്നതെന്ന് നേരത്തെ അറിഞ്ഞിട്ടുകൂടി, അര മണിക്കൂറോളം ചർച്ചയിൽ പങ്കെടുത്തതിനു ശേഷം, ആരെയോ അധിക്ഷേപിച്ചു എന്ന് അതിവായന നടത്തിക്കൊണ്ട് , എന്റെ കൂടെ ഇരിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് 'ഇറങ്ങിപ്പോകൽ നാടകം' കളിച്ച സിപിഎമ്മിന്റെ മാധ്യമ വക്താക്കൾക്ക് എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുണ്ടോ? സ്വന്തം പേര് വെളിപ്പെടുത്താതെ ഒളിവിലിരുന്ന് (ചിലരൊക്കെ സ്വന്തം പേരിൽ തന്നെയും) ആക്ഷേപിക്കുന്ന സൈബർ സഖാക്കൾ ഒരു കാര്യം ഓർക്കണം. സ്വന്തം പേര് മറച്ചുവച്ചും പ്രൊഫൈൽ ലോക്ക് ചെയ്തു കൊണ്ടും ഏത് മനുഷ്യരേയും ആക്ഷേപിക്കുന്ന വൃത്തികെട്ട സംസ്കാരമുള്ള നിങ്ങൾ തന്നെയാണ് കേരളത്തിലെ കപട സദാചാരവാദത്തിന്റെ മൊത്തക്കച്ചവടക്കാരും. നിങ്ങളെ തൊടാത്ത ഈ സർക്കാർ നിലപാടിൽ ആവേശം കൊണ്ട് മറ്റുപക്ഷങ്ങളിൽ ചെറിയ രീതിയിൽ എങ്കിലും ഇത്തരം പ്രവണതകൾ ഉണ്ടാകുന്നതിന്റെ കാരണക്കാരും നിങ്ങൾ തന്നെയാണ്. സ്വന്തം പേരും പ്രൊഫൈലും ധൈര്യമായി പുറത്ത് കാണിക്കാൻ പറ്റാത്തത്ര മലിന മനസ്സുള്ളവരോട് എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്.

1. എന്റെ ജീവിതപങ്കാളി , എന്റെ രാഷ്ട്രീയ നിലപാടുകളുടെ ഉത്തരവാദിയാകുന്നില്ല. അങ്ങനെയങ്കിൽ നിങ്ങൾ എഴുതുന്നതിന്റെ ഉത്തരവാദിത്തവും നിങ്ങളുടെ വീട്ടിലിരിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കൂടി ഉണ്ടാകണ്ടേ? ഞാൻ അങ്ങനെ വിചാരിക്കുന്നില്ല.

2. എനിക്ക് ഡോക്ടറേറ്റ് കിട്ടിയത് സാമ്പത്തിക ശാസ്ത്രത്തിൽ ആണ്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിലുമാണ്. പ്രയാസങ്ങളിലൂടേയും പട്ടിണിയിലൂടേയും കടന്നുവന്നതുകൊണ്ട് തന്നെ വിഷയം ഭക്ഷ്യസുരക്ഷ ആയതാണ്.

3.ഞാനെന്റെ ജീവിതപങ്കാളിയെ കൂട്ടിക്കൊടുത്താണ് ഡോക്ടറേറ്റ് നേടിയത് എന്ന് ആക്ഷേപിക്കുന്ന വൃത്തികെട്ടവന്മാർ മനസ്സിലാക്കേണ്ടത് നിങ്ങൾ പതിറ്റാണ്ടുകളോളമായി സിൻഡിക്കേറ്റും സെനറ്റും അടക്കിവാഴുന്ന കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഞാൻ ഡോക്ടറേറ്റ് നേടിയത്. പിഎച്ച്ഡിയുടെ എൻട്രൻസിൽ ഒന്നാം റാങ്കോട് കൂടിയാണ് പ്രവേശനം നേടിയത്. ഞാൻ ഡോക്ടറേറ്റ് നേടിയത് പങ്കാളിയെ കൂട്ടിക്കൊടുത്തു കൊണ്ടല്ല, കുത്തിയിരുന്ന് പഠിച്ചും ഗവേഷണം നടത്തിയുമാണ്.

4. നിങ്ങളുടെ വൃത്തികെട്ട വാദത്തിൽ ഇനിയും ഉറച്ചു നിൽക്കുന്നവരോട്, അവിടെ സിൻഡിക്കേറ്റും സെനറ്റുമൊക്കെ ഭരിക്കുന്ന സഖാക്കന്മാർക്ക് സ്ത്രീകളെ കാഴ്ചവയ്ക്കുമ്പോഴാണ് ഡോക്ടറേറ്റ് കൊടുക്കുന്നതെങ്കിൽ ആദ്യം തിരുത്തേണ്ടത് ആ സഖാക്കന്മാരെയല്ലേ?

5. സ്ത്രീകളെ കൂട്ടിക്കൊടുത്തും വിവരങ്ങൾ കട്ടെടുത്തും പിഎച്ച്ഡി നേടാമെന്നുള്ളത് സ്വന്തം സഖാക്കന്മാരുടെ അനുഭവത്തിൽ നിന്ന് നിങ്ങൾക്ക് ചിലപ്പോൾ തോന്നുന്നതാകാം. അതിൽ ഞാൻ എങ്ങനെ കുറ്റക്കാരനാകും. കേരളത്തിൽ ഗവേഷണം നടത്തി ഡോക്ടറേറ്റ് സമ്പാദിക്കുന്ന മുഴുവൻ ആളുകളും ഇത്തരത്തിലുള്ളതാണ് എന്ന് നിങ്ങൾ തെറ്റിദ്ധരിക്കേണ്ട.

6. പിന്നെ, ഞങ്ങളുടെ മക്കളെ പന്നിക്കുട്ടികൾ എന്ന് ആക്ഷേപിച്ചവരോട് പറയാനുള്ളത് അവരെ കണ്ടിട്ട് ഞങ്ങൾക്ക് മനുഷ്യക്കുട്ടികൾ ആയിട്ടാണ് തോന്നുന്നത് എന്നാണ്. ഞങ്ങളുടെ കുട്ടികൾ തൊട്ടടുത്ത സർക്കാർ സ്കൂളിലെ മറ്റു മനുഷ്യ കുട്ടികളോടൊപ്പമാണ് പഠിക്കുന്നത്. അവിടെ ഒരുപാട് സാധാരണ സഖാക്കന്മാരുടെ മക്കളും പഠിക്കുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ വകുപ്പിൽ കേരളത്തിലെ സർക്കാർ പള്ളിക്കൂടങ്ങളിൽ മനുഷ്യക്കുട്ടികളോടൊപ്പം പന്നിക്കുട്ടികൾക്ക് അഡ്മിഷൻ കൊടുക്കുന്ന പരിപാടി ഉണ്ടോ എന്ന് സൈബർ സഖാക്കന്മാർ മറുപടി പറയണം.

7. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കന്മാടക്കം പറയുന്നത് ഞങ്ങളുടെ കുട്ടികൾക്ക് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുഖമാണ് എന്നാണ്. എനിക്കും എന്റെ ജീവിതപങ്കാളിക്കും അക്കാര്യത്തിൽ ഒരു സംശയവുമില്ല. ഇനി ഞങ്ങളുടെ കുട്ടികളുടെ മുഖച്ഛായ കാണുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അത് സ്വന്തം മക്കൾക്ക് ഭാര്യയുടെയും ഭർത്താവിന്റേയും മുഖച്ഛായ അല്ല എന്ന് തോന്നുമ്പോൾ ആ കുട്ടി മറ്റൊരാളുടേതാണ് എന്ന് സംശയം തോന്നുന്ന അധപതിച്ചവരുടെ മനസ്സാണ്. ആ മനസ്സില്ലാത്തത് കൊണ്ടുതന്നെ ഞങ്ങൾക്ക് നിങ്ങളുടെ മക്കളുടെ പിതൃത്വത്തിൽ സംശയവുമില്ല. മക്കളുടെ പിതൃത്വം സംശയിച്ചുകൊണ്ട് ഡിഎൻഎ ടെസ്റ്റ് നടത്തേണ്ട ഗതികേട് നിങ്ങളുടെ കൂട്ടത്തിലൊരുവന് ബീഹാറിൽ എവിടെയോ സംഭവിച്ചത് പോലെ ഞങ്ങൾക്കില്ല. അത്തരം സംശയങ്ങൾക്ക് മറുപടി നൽകാൻ പറ്റാതെ വരുമ്പോൾ പാർട്ടിക്കാർ ബക്കറ്റ് പിരിവെടുത്തതിൽ നിന്നുപോലും കോമ്പൻസേഷൻ കൊടുക്കേണ്ട കോടതിവിധി സമ്പാദിച്ചവരുടെ പിന്തുണക്കാർ ഈ ഒളിഞ്ഞുനോട്ട പണി ഇനിയെങ്കിലും അവസാനിപ്പിക്കണം.

നിങ്ങളുടെ നിലവാരത്തിന് ചേരും വിധമുള്ള സൈബർ ആക്രമണത്തിൽ ഒരിക്കൽ പോലും ഭയമുണ്ടായില്ല. ഉണ്ടാകുകയുമില്ല. നിങ്ങൾക്ക് ശരിക്കും ആളുമാറി. നിങ്ങൾ വരയ്ക്കുന്ന സദാചാരത്തിന്റെ ചതുരവടിവിൽ നിൽക്കണമെന്നുള്ള പേടിയില്ലാത്ത, ഇതുവരെയുള്ള ജീവിതത്തിൽ ഭയമില്ലാത്ത, നിങ്ങളുടെ ഒളിക്യാമറകളും ബൈനോക്കുലറുകളും ഇനിയും പേടിക്കാൻ ഉദ്ദേശ്യമില്ലാത്ത എന്നെ വിരട്ടാൻ ഇതുകൊണ്ടൊന്നും ആകില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMKerala NewsCongressJinto John
News Summary - Congress leader Jinto John reply on Cyber Attacks against his family
Next Story