മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ അന്തരിച്ചു
text_fieldsകൊച്ചി: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ അന്തരിച്ചു. 83 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. പുലർച്ചെ 5.40ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഭൗതീകശരീരം രാവിലെ ഒമ്പതോടെ ആലുവ ചാലക്കലെ വസതിയിൽ പൊതുദർശനത്തിന് വക്കും. ഖബറടക്കം ഇന്ന് രാത്രി എട്ടിന് മാറമ്പിള്ളി ജുമ മസ്ജിദ് ഖബർസ്ഥാനിൽ.
കോൺഗ്രസിന്‍റെ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന തീപ്പൊരി പ്രാസംഗികനായിരുന്ന മുസ്തഫ, യൂത്ത് കോൺഗ്രസിലൂടെ വളർന്ന് കോൺഗ്രസിന്‍റെ നേത്യസ്ഥാനങ്ങളിലെത്തിയായിരുന്നു. 1977 മുതൽ 1996 വരെയും പിന്നീട് 2001 മുതൽ 2006 വരെയും എം.എൽ.എ ആയിരുന്നു. നിലവിൽ കെ.പി.സി.സി നിർവാഹ സമിതിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു.
1977ൽ ആലുവ മണ്ഡലത്തിൽ നിന്നായിരുന്നു നിയമസഭയിലേക്കുള്ള കന്നിയങ്കം. 82, 87, 91, 2001 എന്നീ വർഷങ്ങളിൽ നാലു തവണ കുന്നത്തുനാട്ടിൽ നിന്ന് വിജയിച്ചു. ഇതിനിടെ 1991 മുതൽ 1994 വരെ കെ. കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു.
എറണാകുളം ജില്ലയിൽ കോൺഗ്രസിന്‍റെ സ്വാധീനശക്തി വർധിപ്പിച്ച നേതാവാണ് ടി.എച്ച്. മുസ്തഫ. 14 വർഷം എറണാകുളം ഡി.സി.സി. അധ്യക്ഷനായിരുന്നു. കൂടാതെ, കെ.പി.സി.സി ഉപാധ്യക്ഷന്‍റെ ചുമതലയും വഹിച്ചു. എറണാകുളം ജില്ല സഹകരണ ബാങ്ക്, പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് അടക്കമുള്ളവയുടെ ഡയറക്ടർ ആയിരുന്നു.
പെരുമ്പാവൂർ വാഴക്കുളത്തെ പ്രമുഖ കുടുംബാംഗമായിരുന്ന ടി.കെ.എം. ഹൈദ്രോസിന്‍റെയും ഫാത്തിമ ബീവിയുടെയും മകനായി 1941 ഡിസംബറിലാണ് ജനനം. വാഴക്കുളം മണ്ഡലം യൂത്ത് കോൺഗ്രസ്, പെരുമ്പാവൂർ ബ്ലോക്ക് കോൺഗ്രസ് പദവികളാണ് ആദ്യം വഹിച്ച പ്രധാന ഭാരവാഹിത്വം. 1962ൽ എറണാകുളം ജില്ല യൂത്ത് കോൺസ് ജനറൽ സെക്രട്ടറിയായി.
1966ൽ ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറിയും 1968ൽ ഡി.സി.സി പ്രസിഡന്റുമായി. 1978 മുതൽ 83 വരെ കെ.പി.സി.സി ജനറൽ സെക്രട്ടറിയും തുടർന്ന് 97 വരെ വൈസ് പ്രസിഡന്റുമായി. 1982ലും 84ഉം കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി ഉപ നേതാവായിരുന്നു. ഐ.എൻ.ടി.യു.സി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗമായും ദേശീയ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ആലുവ മാറമ്പള്ളിയിലാണ് ടി.എച്ച്. മുസ്തഫയുടെ വസതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

