‘പത്മജയെ സ്ഥാനാർഥിയാക്കാൻ ശ്രമിച്ചത് സോണിയ കരുണാകരൻ ബന്ധം വഷളാക്കി’
text_fieldsകെ. കരുണാകരൻ സോണിയ ഗാന്ധിക്കൊപ്പം (ഫയൽ)
കൊച്ചി: മുൻ കോൺഗ്രസ് നേതാവ് പ്രഫ. കെ.വി. തോമസ് എഴുതിയ ഓർമ പുസ്തകത്തിൽ മുൻ മുഖ്യമന്ത്രി കെ. കരുണാകരനെ കുറിച്ചുള്ള പരാമർശങ്ങൾ വിവാദത്തിൽ. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ‘കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്’ എന്ന പുസ്തകത്തിലെ പരാമർശങ്ങൾക്കെതിരെ കരുണാകരന്റെ മകളും ബി.ജെ.പി നേതാവുമായ പത്മജ വേണുഗോപാൽ രംഗത്തുവന്നതോടെയാണ് സംഭവം വിവാദമായത്.
2001ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മകൾ പത്മജയെ സ്ഥാനാർഥിയാക്കാൻ കരുണാകരൻ നീക്കം നടത്തിയതാണ് സോണിയ ഗന്ധിയുമായുള്ള ബന്ധം വഷളാക്കിയതെന്ന് പുസ്തകത്തിൽ പറയുന്നു. സോണിയയുടെ പ്രതിനിധിയായി പത്മജയെ അവതരിപ്പിച്ചത് സോണിയയെ ചൊടിപ്പിച്ചു. കെ. മുരളീധരനെ കെ.പി.സി.സി പ്രസിഡന്റാക്കിയതും സോണിയയെ ചൊടിപ്പിച്ചു. കൂടാതെ കരുണാകരനുമായി ബന്ധപ്പെട്ട് ചാരക്കേസ് ഉൾപ്പെടെയുള്ള വിവാദങ്ങളും കെ.വി. തോമസ് പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. പ്രധാനമന്ത്രിയായ ശേഷവും പി.വി. നരസിംഹറാവുവിനെ കരുണാകരൻ പി.എം എന്ന് വിളിക്കാൻ വിസമ്മതിച്ചുവെന്നും പി.വി എന്നാണ് വിളിച്ചിരുന്നതെന്നും പുസ്തകത്തിൽ ആരോപിക്കുന്നു. ഇതും സോണിയയെ രോഷാകുലയാക്കി.
ഈ പരാമർശങ്ങൾക്കെതിരെ പത്മജ രംഗത്തെത്തി. കെ. കരുണാകരനെതിരെ പറയാൻ കെ.വി. തോമസിന് യോഗ്യതയില്ലെന്നായിരുന്നു പ്രതികരണം. പുസ്തകം വിറ്റുപോകാൻ തോമസ് നുണ പറയുകയാണെന്നും അവർ ആരോപിച്ചു. ഇതോടെ വിവാദത്തിൽ വിശദീകരണവുമായി കെ.വി. തോമസ് എത്തുകയും ചെയ്തു. ലീഡറോടും കുടുംബത്തോടും വലിയ കടപ്പാടുണ്ടെന്നും ആരെയും വേദനിപ്പിക്കാനല്ല പുസ്തകത്തിലെ പരാമർശമെന്നും കെ.വി. തോമസ് വിശദീകരിച്ചു. ചെറുപ്പം മുതൽ ഡയറി എഴുതുന്ന സ്വഭാവമുണ്ട്. അവ അടിസ്ഥാനമാക്കിയാണ് പുസ്തകം എഴുതിയത്. അതിൽ സത്യമുണ്ടേയെന്ന് ജനം തീരുമാനിക്കട്ടെയെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

