ഗുരുവായൂർ സീറ്റിൽ തർക്കം; സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസ്, വിട്ടുകൊടുക്കില്ലെന്ന് ലീഗ്; മത്സരിക്കാനില്ലെന്ന് കെ. മുരളീധരൻ
text_fieldsകെ. മുരളീധരൻ
തൃശൂർ: മുസ്ലിം ലീഗ് സ്ഥിരമായി മത്സരിക്കുന്ന ഗുരുവായൂർ നിയമസഭ മണ്ഡലം സംബന്ധിച്ച് യു.ഡി.എഫിൽ വിവാദം. സീറ്റ് ലീഗിൽനിന്ന് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് തൃശൂർ ഡി.സി.സി നേതൃത്വം കെ.പി.സി.സിക്ക് കത്ത് നൽകിയതോടെയാണ് വിവാദം ഉയർന്നത്.
ഗുരുവായൂരിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാനാണ് പ്രവർത്തകരുടെ ആഗ്രഹമെന്നാണ് കോൺഗ്രസ് നിലപാട്. പ്രവർത്തകരുടെ ആഗ്രഹം കണക്കിലെടുത്താണ് കെ.പി.സി.സിക്ക് കത്ത് നൽകിയതെന്നും ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് ‘മാധ്യമ’ത്തോട് പറഞ്ഞു. കെ.പി.സി.സിയും യു.ഡി.എഫ് സംസ്ഥാന നേതൃത്വവുമാണ് ഇക്കാര്യത്തിൽ തീരുമാനിക്കേണ്ടത്.
അതേസമയം, ഗുരുവായൂർ വിട്ടുകൊടുക്കുമോയെന്ന ചോദ്യം ഉദിക്കുന്നില്ലെന്ന് മുസ്ലിം ലീഗ് തൃശൂർ ജില്ല പ്രസിഡന്റ് സി.എ. റഷീദ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഗുരുവായൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്നും മുതിർന്ന നേതാവ് കെ. മുരളീധരൻ മത്സരിക്കുമെന്നുമാണ് വാർത്തകൾ പുറത്തുവന്നത്. അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് താൽപര്യമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
ഇതോടെ, ഗുരുവായൂർ സീറ്റിൽ കണ്ണുവെച്ച മറ്റാരോ ആണ് പ്രവർത്തകരുടെ വികാരം ചൂണ്ടിക്കാട്ടി രംഗത്തുവന്നതെന്ന സംശയവുമുണ്ട്. രണ്ട് മുതിർന്ന കോൺഗ്രസ് നേതാക്കൾ അടുത്തിടെ ഗുരുവായൂരിൽ സജീവമായി രംഗത്തുണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനടക്കം നേതൃത്വം നൽകുകയും ചെയ്തിരുന്നു. 2024ലെ ലോക്സഭ െതരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി കെ. മുരളീധരൻ ആറ് നിയോജക മണ്ഡലങ്ങളിലും പിന്നിൽ പോയെങ്കിലും ഗുരുവായൂരിൽ 8000 വോട്ടിന്റെ ലീഡ് നേടിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഇതോടെയാണ് കോൺഗ്രസിൽ മത്സരമോഹം ശക്തമായത്. അതേസമയം, ഇത്തവണ അനുകൂല സാഹചര്യമാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച 43ൽ 33 സീറ്റിലും വിജയം നേടാനായെന്നും ലീഗ് വിലയിരുത്തുന്നു. മലബാറിന് പുറത്ത് ഏറ്റവുമധികം സാധ്യതയും തൃശൂരിലാണെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. ഇതോടൊപ്പം തൃശൂരിൽ ലീഗിന് മത്സരിക്കാൻ സാധിക്കുന്ന ഏക സീറ്റും ഗുരുവായൂർ ആണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മറ്റ് സീറ്റുകളൊന്നും ജില്ലയിൽ സാധ്യതയില്ല. ഗുരുവായൂർ വിട്ടുകൊടുത്താൽ ജില്ലയിൽ പാർട്ടിയെ ബാധിക്കുമെന്ന് ലീഗ് നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം, ഗുരുവായൂരിൽ ലീഗ് തുടർച്ചയായി നാല് പ്രാവശ്യം പരാജയപ്പെട്ടതാണ് കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. കോൺഗ്രസിന് ജില്ലയിൽ ഒരു സീറ്റ് മാത്രമേ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടാനായുള്ളൂവെന്ന് ലീഗ് നേതൃത്വവും വ്യക്തമാക്കുന്നു.
2000ലെ തദ്ദേശ തെരഞ്ഞെടുപ്പ്, 2001ലെ നിയമസഭ തെരഞ്ഞെടുപ്പ്, 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് എന്നിവയിലെ തകർച്ചക്കുശേഷം തദ്ദേശ തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട വിജയം നേടിയ സമയത്തുതന്നെ വിവാദങ്ങൾ ഉയർന്നതിൽ മുതിർന്ന നേതാക്കൾ അതൃപ്തിയും പ്രകടിപ്പിക്കുന്നുണ്ട്. 1957ൽ നിലവിൽ വന്ന ഗുരുവായൂർ മണ്ഡലത്തിൽ 1970 മുതൽ മുസ്ലിം ലീഗ് മത്സരിക്കുന്നുണ്ട്. 1977 മുതൽ 2001 വരെ ഏഴു തെരഞ്ഞെടുപ്പുകളിൽ ലീഗ് തുടർച്ചയായി ജയിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

