‘തെരഞ്ഞെടുപ്പ് കാലത്തെ സി.പി.എം സ്പെഷ്യലാണ് ഫലസ്തീൻ വിഷയം’; കോൺഗ്രസ് എല്ലായ്പ്പോഴും ഫലസ്തീനൊപ്പമെന്ന് വി.ഡി. സതീശൻ
text_fieldsനിലമ്പൂർ: അതിശക്തമായ എതിർപ്പും വെറുപ്പും ജനങ്ങൾക്കിടയിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞാണ് സി.പി.എം ഫലസ്തീൻ പ്രശ്നവുമായി ഇറങ്ങിയിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ സി.എ.എയും ഫലസ്തീനും പറഞ്ഞു. പാർലമെന്‍റ് തെരഞ്ഞെടുപ്പിന് ശേഷം ഫലസ്തീനെ കുറിച്ച് സി.പി.എം പറഞ്ഞിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇറക്കുന്ന സ്പെഷ്യലാണ് ഫലസ്തീൻ വിഷയം. പതിറ്റാണ്ടുകളായി ഫലസ്തീൻ ജനതക്ക് പിന്തുണ പ്രഖ്യാപിച്ച പാർട്ടിയാണ് കോൺഗ്രസ്. മോദി സർക്കാർ വന്ന ശേഷമാണ് ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിക്കാൻ തുടങ്ങിയത്. ഇസ്രായേൽ നിലപാട് സ്വീകരിക്കുന്ന ബി.ജെ.പിയുമായി ബാന്ധവമുള്ളവരാണ് കേരളത്തിലെ സി.പി.എം എന്നും സതീശൻ ചൂണ്ടിക്കാട്ടി.
സി.പി.എം, കേഡർമാരോട് നിർദേശിച്ചത് പച്ചക്ക് വർഗീയത പറഞ്ഞ് വോട്ട് പിടിക്കാനാണ്. ഓരോ വീട്ടിലും പോയി അവിടെ താമസിക്കുന്ന ആളുടെ മതം നോക്കി അഭിപ്രായം പറയുന്ന രീതിയിലേക്ക് സി.പി.എം മാറി. ഒരു കാലത്തും ഒരു രാഷ്ട്രീയ പാർട്ടിയും ചെയ്യാത്ത തരത്തിൽ പച്ചക്ക് വർഗീയത പറയുന്നു. വർഗീയത പറഞ്ഞും വിഷയം മാറ്റിപ്പറഞ്ഞും തെരഞ്ഞെടുപ്പിന്‍റെ അജണ്ട മാറ്റാൻ മുഖ്യമന്ത്രിയും സി.പി.എമ്മും ശ്രമിക്കേണ്ടെന്നും സതീശൻ പറഞ്ഞു.
പിണറായി സർക്കാർ ജനങ്ങൾക്ക് ചെയ്ത കാര്യങ്ങൾ മാത്രം പറഞ്ഞ് കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടാൻ എൽ.ഡി.എഫ് തയാറുണ്ടോ എന്ന് സതീശൻ ചോദിച്ചു. ഇടത് സർക്കാറിനെ രാഷ്ട്രീയമായി വിലയിരുത്തുന്ന തെരഞ്ഞെടുപ്പാണ് നിലമ്പൂരിലേത്. സർക്കാർ ചെയ്ത കാര്യങ്ങൾ പറയാൻ തയാറല്ല. അതിശക്തമായ എതിർപ്പും വെറുപ്പും ജനങ്ങൾക്കിടയിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞാണ് ഫലസ്തീൻ പ്രശ്നവുമായി ഇറങ്ങിയിട്ടുള്ളത്.
നിലമ്പൂർ തെരഞ്ഞെടുപ്പിൽ ഒമ്പത് വർഷത്തെ പിണറായി സർക്കാറിന്‍റെ ഭരണം ചർച്ചയാകും. ഒരു വീട്ടിൽ പിണറായി സർക്കാറിന്‍റെ ദുഷ്പ്രവൃത്തിയുടെ ഇരയായ ഒരാളെങ്കിലും ഉണ്ടാകും. അതിനാൽ സർക്കാറിനെതിരായ വിധിയെഴുത്തായി തെരഞ്ഞെടുപ്പ് മാറുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
വെല്‍ഫെയര്‍ പാര്‍ട്ടി നല്‍കിയ പിന്തുണ യു.ഡി.എഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് സ്വീകരിച്ചത്. യു.ഡി.എഫില്‍ ഒറ്റ തീരുമാനമെയുള്ളൂ. അതിലേക്ക് തോണ്ടാന്‍ മുഖ്യമന്ത്രി വരേണ്ട. 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ സീറ്റില്‍ എല്‍.ഡി.എഫിന് വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ നല്‍കിയപ്പോള്‍ മുഖ്യമന്ത്രിക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ. ഓന്തിന്റെ നിറം മാറുന്നതു പോലെയാണ് ഒരു പാര്‍ട്ടിയും അതിന്റെ നേതാവും നിറം മാറുന്നത്. ജനങ്ങളുടെ സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കുകയാണ്. മദനി തീവ്രവാദി ആയതുകൊണ്ട് ആ തീവ്രവാദിയെ ഞങ്ങളുടെ പൊലീസ് പിടികൂടി തമിഴ്‌നാടിന് കൈമാറിയെന്ന് എഴുതിവച്ചവരാണ് സി.പി.എം സര്‍ക്കാര്‍. ഇപ്പോള്‍ ആ തീവ്രവാദിയുടെ പിന്തുണ ഇപ്പോള്‍ സ്വീകരിക്കാം. ഹിന്ദുമഹാസഭ സി.പി.എമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മതേതര വാദിയാണോ? യു.ഡി.എഫിന് പിന്തുണ നല്‍കുന്നവരെല്ലാം വര്‍ഗീയവാദികളാണെന്ന വാദം കയ്യില്‍ വച്ചാല്‍ മതി. മൂന്നു പതിറ്റാണ്ടു കാലം ജമാഅത്ത് ഇസ്ലാമിയുടെ പിന്തുണ സി.പി.എമ്മിനായിരുന്നു. അവരുടെ ഓഫിസില്‍ പിണറായിയും കോടിയേരിയും പോയപ്പോള്‍ ആരും അത് ചര്‍ച്ച ചെയ്തില്ലല്ലോ. അവരുടെ അമീറുമായി ചര്‍ച്ച നടത്താന്‍ പോയത് തലയില്‍ മുണ്ടിട്ടല്ലെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. എന്നിട്ടാണ് ഇപ്പോള്‍ മാറ്റിപ്പറയുന്നത്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ന്യൂനപക്ഷ പ്രീണനം നടത്തിയതിനു തിരിച്ചടി കിട്ടി. അതിനു പിന്നാലെ ഭൂരിപക്ഷപ്രീണനമായി. അതിനു വേണ്ടിയാണ് മുഖ്യമന്ത്രിയുടെ പി.ആര്‍ ഏജന്‍സി മലപ്പുറത്തെക്കുറിച്ച് മോശമായി ഡല്‍ഹിയിലെ മാധ്യമങ്ങള്‍ക്ക് നോട്ട് കൊടുത്തത്. അതും പോരാഞ്ഞാണ് മലപ്പുറത്ത് തീവ്രവാദ പ്രവര്‍ത്തനമാണെന്നും സ്വര്‍ണക്കള്ളക്കടത്താണെന്നും പറഞ്ഞ് മുഖ്യമന്ത്രി ഹിന്ദു ദിനപത്രത്തിന് അഭിമുഖം നല്‍കിയത്. പ്രിയങ്ക ഗാന്ധി ജയിച്ചത് തീവ്രവാദികളുടെ വോട്ട് കൊണ്ടാണെന്നാണ് അന്നത്തെ എല്‍.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞത്. അപ്പോള്‍ പ്രിയങ്ക ഗാന്ധിക്ക് വോട്ട് ചെയ്ത നിലമ്പൂരിലെ ജനങ്ങള്‍ തീവ്രവാദികളാണോ? മലപ്പുറത്തിനെതിരെ പ്രസ്താവനയിറക്കിയ വിജയരാഘവനാണ് തെരഞ്ഞെടുപ്പ് ചുമതല നല്‍കിയിരിക്കുന്നത്. അത് വര്‍ഗീയത പടര്‍ത്തുന്നതിനു വേണ്ടിയാണ്.
തീവ്രവര്‍ഗീയത പറയുന്ന സംഘടനകളെയും മറികടന്ന് പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയത ഉണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. സര്‍ക്കാരിനെതിരായ ജനങ്ങളുടെ പ്രതിഷേധം മറച്ചുവെക്കുന്നതിനു വേണ്ടിയാണ് അവര്‍ വര്‍ഗീയത പറയുന്നത്. മരുന്നില്ലാത്തതും മാവേലി സ്റ്റോറില്‍ സാധനങ്ങള്‍ ഇല്ലാത്തതും പെന്‍ഷനുകള്‍ നല്‍കാത്തതും ഖജനാവ് കാലിയാക്കിയതും മൂന്നു തവണ വൈദ്യുത ചാര്‍ജ് കൂട്ടിയതും ഉള്‍പ്പെടെ സര്‍ക്കാര്‍ ജനങ്ങളെ ജീവിക്കാന്‍ അനുവദിക്കാത്ത കാര്യങ്ങളൊക്കെയാണ് യു.ഡി.എഫ് ജനങ്ങളോട് പറയുന്നത്. ഇന്നും കാട്ടാന ഒരാളെ കൊലപ്പെടുത്തി. എന്നിട്ടും എന്ത് നടപടിയാണ് സ്വീകരിച്ചത്.
ജനങ്ങളെ വന്യജീവികള്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ജനങ്ങളെ രക്ഷിക്കുന്നതിനുള്ള ഒരു നടപടിയും സ്വീകരിക്കുന്നില്ല. നിലമ്പൂരില്‍ ഉള്‍പ്പെടെ ജനങ്ങള്‍ ഭീതിയിലാണ്. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന മൃഗങ്ങളെ വെടിവച്ചു കൊല്ലാന്‍ അധികാരമുണ്ടായിട്ടും കേരളം അത് ഉപയോഗിക്കാത്തത് എന്തുകൊണ്ടാണ്? എന്നിട്ടാണ് തിരഞ്ഞെടുപ്പ് വന്നപ്പോള്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറയുന്നത്. ആയിരത്തില്‍ അധികം പേരാണ് വന്യജീവി ആക്രമണത്തില്‍ മരിച്ചത്. എണ്ണായിരത്തോളം പേര്‍ക്കാണ് പരിക്കേറ്റത്. എത്ര പേരെയാണ് ആന ചവിട്ടിക്കൊന്നത്. സര്‍ക്കാറില്ലായ്മയാണ് കേരളം അനുഭവിക്കുന്നത്. മലയോരത്തെ ജനങ്ങള്‍ അവര്‍ തെരഞ്ഞെടുത്ത് വിട്ട സര്‍ക്കാറിന്റെ ഒരു സാന്നിധ്യവും അനുഭവിക്കുന്നില്ല.
ഒരു മന്ത്രി വിളിച്ചു പറഞ്ഞതനുസരിച്ചാണ് പാലക്കാട് വനിത നേതാക്കളുടെ മുറി അർധരാത്രിയില്‍ പൊലീസ് റെയ്ഡ് ചെയ്തത്. എന്നിട്ട് നീലപ്പെട്ടി കേസ് എന്തായി. ഇവിടെ ആദ്യം പന്നിക്കെണിയുമായാണ് ഇറങ്ങിയത്. സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ യു.ഡി.എഫ് പന്നിക്കെണി വച്ച് ഒരു കുട്ടിയെ കൊന്നെന്നാണ് മന്ത്രി പറഞ്ഞത്. അതിന് ഗോവിന്ദനും കുട പിടിച്ചു കൊടുത്തു. മന്ത്രിയെ ശാസിച്ച മുഖ്യമന്ത്രി ഗോവിന്ദന് പട്ടില്‍ പൊതിഞ്ഞ ഒരു ശകാരമെങ്കില്‍ നല്‍കേണ്ടതായിരുന്നു. എന്ത് വൃത്തികേടാണ് സി.പി.എം സെക്രട്ടറി പറഞ്ഞത്. ജയിക്കാന്‍ എന്തും പറയാന്‍ മടിക്കാത്തവരാണ് സി.പി.എം നേതാക്കള്‍. നീലപ്പെട്ടിയും കൊണ്ട് ഓടിയതു പോലെ പന്നിക്കെണിയുമായി ഓടിയ വഴിയില്‍ പുല്ല് പോലും മുളച്ചിട്ടില്ല. ഹിന്ദുമഹാസഭയെയും പി.ഡി.പിയെയും കെട്ടിപ്പിടിക്കുന്നവര്‍ യു.ഡിഎഫിനെ മതേതരത്വം പഠിപ്പിക്കാന്‍ വരേണ്ടെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.