ആശമാരെ ചൊല്ലി കോൺഗ്രസ് -ഐ.എൻ.ടി.യു.സി പോര്
text_fieldsതിരുവനന്തപുരം: ആശ സമരം ഒത്തുതീർക്കാൻ ആരോഗ്യമന്ത്രി വിളിച്ച മൂന്നാംഘട്ട ചർച്ചയിൽ ഐ.എൻ.ടി.യു.സി അടക്കം ട്രേഡ് യൂനിയനുകൾ സമരക്കാരെ ഒറ്റുകൊടുക്കാൻ ശ്രമിച്ചെന്ന് ആശ സമരസമിതി. ഓണറേറിയം വർധിപ്പിക്കുന്നത് പഠിക്കാൻ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കമീഷനെ വെക്കാമെന്ന നിർദേശം മുന്നോട്ടുവെച്ചത് ഐ.എൻ.ടി.യു.സിയാണെന്നും ഇത് സർക്കാറുമായുള്ള മുൻധാരണ പ്രകാരമാണെന്നും സമരസമിതി നേതാവ് എസ്. മിനി ആരോപിച്ചു.
സമരം ചെയ്യുന്ന സമരസമിതിയെ കൂടാതെ സമരമുഖത്ത് ഇല്ലാത്ത സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, എസ്.ടി.യു തുടങ്ങിയ ട്രേഡ് യൂനിയനുകളെയും സർക്കാർ ചർച്ചക്ക് വിളിച്ചിരുന്നു. ഈ നാല് യൂനിയനുകളും ചർച്ചക്കിടയിൽ സംയുക്തമായി തങ്ങളെ സമർദത്തിലാക്കുകയായിരുന്നു. ഓണറേറിയം വർധിപ്പിക്കാൻ കമീഷനെ വെക്കണമെന്ന നിർദേശം ആദ്യം മുന്നോട്ടുവെച്ചത് ഐ.എൻ.ടി.യു.സി നേതാവ് ആർ. ചന്ദ്രശേഖരനാണെന്നും മിനി ആരോപിച്ചു.
സി.ഐ.ടി.യു അടക്കമുള്ളവർ ഈ നിർദേശത്തെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഓണറേറിയം 21,000 രൂപയാക്കണമെന്ന പിടിവാശി ഞങ്ങൾക്കില്ല. 3000 രൂപ കൂട്ടി 10,000 ആക്കണമെന്ന് പറഞ്ഞിട്ടുപോലും തീരുമാനമായില്ല. ഇന്നുവരെ ഓണറേറിയം കൂട്ടിയത് ഒരു കമ്മിറ്റിയെയും വെച്ചിട്ടല്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസും യു.ഡി.എഫും ആശ സമരത്തിൽ സർക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കുമ്പോൾ കോൺഗ്രസിന്റെ പോഷകസംഘടനയായ ഐ.എൻ.ടി.യു.സിയും സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരനും സമരത്തെ പരസ്യമായി തള്ളിപ്പറയുന്ന നിലപാടാണ് സ്വീകരിച്ചത്.
ഒടുവിൽ കോൺഗ്രസ് നേതൃത്വത്തിന്റെ സമർദത്തെതുടർന്ന് ബുധനാഴ്ചയാണ് സമരത്തിന് ഐ.എൻ.ടി.യു.സി ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. എന്നാൽ സമരം ചെയ്യുന്ന ആശ പ്രവർത്തകരെ തിരുവനന്തപുരത്തുണ്ടായിരുന്നിട്ടുപോലും നേരിൽ കാണാൻ ആർ. ചന്ദ്രശേഖരൻ തയാറായില്ല.
ചന്ദ്രശേഖരന്റെത് പാർട്ടി നിലപാടല്ലെന്നും നടപടി എടുക്കേണ്ടിവന്നാൽ എടുക്കുമെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി പറഞ്ഞു. പാർട്ടി വിരുദ്ധ നിലപാട് ആര് എടുത്താലും താലോലിക്കാനില്ല. ചന്ദ്രശേഖരനോട് വിശദീകരണം ചോദിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഓണറേറിയം പഠിക്കാൻ കമീഷനെ വെക്കണമെന്നത് കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും നിലപാടല്ലെന്നും മറിച്ചുള്ള നിലപാട് സ്വീകരിച്ചത് ഗൗരവമായി പരിശോധിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും അറിയിച്ചു. ഐ.എൻ.ടി.യു.സിയെ പിണറായി വിലാസം സംഘടനയാക്കാൻ ചന്ദ്രശേഖരൻ ശ്രമിക്കുന്നതായും കോൺഗ്രസ് സംഘടനയായിട്ടുപോലും സർക്കാർ അനുകൂല നിലപാടാണ് ഐ.എൻ.ടി.യു.സി സ്വീകരിക്കുന്നതെന്നും കെ. മുരളീധരൻ തുറന്നടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

