Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെങ്കൽ പഞ്ചായത്തിൽ കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷം; ചെയർമാനെതിരെ ഫ്ലക്സ് ബോർഡുകൾ

text_fields
bookmark_border
ചെങ്കൽ പഞ്ചായത്തിൽ കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷം; ചെയർമാനെതിരെ ഫ്ലക്സ് ബോർഡുകൾ
cancel

പാറശ്ശാല: ചെങ്കൽ ഗ്രാമപ്പഞ്ചായത്തിൽ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാനെതിരേ ഗുരുതര ആരോപണം. കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായ ചെങ്കൽ ഗ്രാമപ്പഞ്ചായത്തിൽ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാനെതിരേ ഫ്ലക്‌സ്‌ ബോർഡുകൾ ഉയർന്നു. പഞ്ചായത്തിലെ വിവിധയിടങ്ങളിലായി 11 പ്രധാന കേന്ദ്രങ്ങളിലാണ് 'ചെങ്കൽ ഗ്രാമപ്പഞ്ചായത്ത് സംരക്ഷണ സമിതി' എന്നപേരിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.

ചെങ്കൽ ഗ്രാമപ്പഞ്ചായത്തിൽ വനിതാ പഞ്ചായത്ത് മെമ്പർമാർ ഭീതിയിൽ എന്ന തലക്കെട്ടോടെയാണ് ഫ്ലെക്‌സ്‌ ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കോൺഗ്രസ് വനിതാ അംഗത്തെ ഭീഷണിപ്പെടുത്തിയ ആരോഗ്യ സ്ഥിരംസമിതി ചെയർമാനെ പുറത്താക്കുക, വനിതാ മെമ്പറുടെ പരാതി ജാഗ്രതാസമിതി പാറശ്ശാല പൊലീസിന് കൈമാറിയിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തത് ഉന്നത കോൺഗ്രസ് ഇടപെടൽ മൂലമാണോ തുടങ്ങിയ ചോദ്യങ്ങളും ഗുരുതരമായ ആരോപണങ്ങളുമാണ് ബോർഡുകളിൽ ഉന്നയിച്ചിട്ടുള്ളത്.

പഞ്ചായത്ത് കമ്മിറ്റിക്കുശേഷം വനിതാ അംഗത്തോട് അപമര്യാദയായി പെരുമാറിയെന്ന പരാതി ഉയർന്ന ആരോഗ്യ സ്ഥിരംസമിതി ചെയർമാനായ നൊച്ചിയൂർ സുരേഷിനെതിരേയാണ് വിമർശനം. വനിതാ അംഗത്തിന്റെ പരാതിയെത്തുടർന്ന് രണ്ടുതവണ ജാഗ്രതാസമിതി ചേർന്നെങ്കിലും ഇയാൾ ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് പ്രസിഡന്റ് സോമരാജനെ മാറ്റണമെന്നാവശ്യപ്പെട്ട് വൈസ് പ്രസിഡന്റ് ത്രേസ്യാ സിൽവിസ്റ്റർ, സജുകുമാർ എസ്.പി, നൊച്ചിയൂർ സുരേഷ് എന്നിവരടങ്ങുന്ന മൂന്നംഗ വിമത വിഭാഗം ഡി.സി.സിക്കും കെ.പി.സി.സിക്കും കത്ത് നൽകിയത്.

ഫണ്ട് വിതരണത്തിലെ അവഗണനയും ജാഗ്രതാസമിതിയെ ദുരുപയോഗം ചെയ്യുന്നതുമടക്കം ആരോപിച്ചാണ് വിമതർ രംഗത്തെത്തിയതെങ്കിൽ, വനിതാ അംഗത്തിന്റെ പരാതിയിൽനിന്ന് രക്ഷപ്പെടാനാണ് വിമതവിഭാഗം പരാതിയുമായി പാർട്ടി നേതൃത്വത്തിനെ സമീപിച്ചതിന് പിന്നിലെന്നാണ് പ്രസിഡന്റിനെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ വാദം. ഇതിനിടെ പഞ്ചായത്തിൽ വ്യാപകമായി ഉയർന്ന ഫ്ലെക്‌സ്‌ ബോർഡുകൾ കോൺഗ്രസിനുള്ളിലെ ചേരിപ്പോര് കൂടുതൽ രൂക്ഷമാക്കി. വിഷയം പൊലീസിന് വിടണമെന്ന നിലപാടിൽ പ്രതിപക്ഷവും ഉറച്ചുനിൽക്കുന്നതോടെ ചെങ്കൽ പഞ്ചായത്ത് ഭരണം രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കാണ് നീങ്ങുന്നത്. എന്നാൽ, ഫ്ലക്‌സിൽ പരാമർശിക്കുന്ന തരത്തിൽ ജാഗ്രതാസമിതിയിൽനിന്ന് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് പാറശ്ശാല പൊലീസ് പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Congress Infighting in Chengal Panchayat; Flex Boards Target Chairman
Next Story