കോൺഗ്രസ് അധോലോകത്തിന്റെ പിടിയിൽ; റിപ്പോർട്ടർ ചാനലിനെതിരായി നടന്ന ആക്രമണത്തിൽ രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കണം -എ.എ റഹീം
text_fieldsഎ.എ റഹീം
തിരുവനന്തപുരം: കോൺഗ്രസിലെ ഒരു വിഭാഗം രാഷ്ട്രീയ അധോലോകത്തിന്റെ പിടയിലാണെന്ന് സി.പി.എം നേതാവും രാജ്യസഭ എം.പിയുമായ എ.എ റഹീം. റിപ്പോർട്ടർ ചാനലിന് എതിരെ നടന്ന ആക്രമണത്തിലാണ് റഹീമിന്റെ പ്രതികരണം. റിപ്പോർട്ടർ ടി വി ക്ക് എതിരെയുള്ള ഒരു വിഭാഗം യൂത്ത് കോൺഗ്രസ്സ് ക്രിമിനൽ സംഘം നടത്തുന്ന ആക്രമണം മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള നഗ്നമായ കടന്നാക്രമണമാണെന്നും റഹീം പറഞ്ഞു.
രാഹുൽ ഗാന്ധിയും എ.കെ ആന്റണിയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. പ്രിയങ്ക ഗാന്ധി എം പി മാധ്യമ സ്ഥാപനത്തിന് നേരെ യൂത്ത് കോൺഗ്രസ്സ് നടത്തുന്ന അക്രമണങ്ങൾ ശരിവയ്ക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
റിപ്പോർട്ടർ ടിവിയുടെ തൃശൂർ ബ്യൂറോക്ക് നേരെ യൂത്ത് കോൺഗ്രസ് ആക്രമണമുണ്ടായിരുന്നു. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ ഓഫീസിലേക്കുള്ള പടികളിലും വാതിലിലും കരി ഓയിൽ ഒഴിച്ചു. വാതിലിൽ റിപ്പോർട്ടറിനെതിരെ പോസ്റ്റർ പതിച്ചു. ബ്യൂറോയിൽ നിർത്തിയിട്ട കാറിന് മുകളിൽ യൂത്ത് കോൺഗ്രസിന്റെ കൊടിയും സ്ഥാപിച്ചു.
റിപ്പോർട്ടർ ടിവിയിലെ വനിത മാധ്യമപ്രവർത്തകർ ഉന്നയിച്ച പീഡന പരാതിയിൽ നടപടിയെടുക്കാൻ മാനേജ്മെന്റ് തയാറാകാത്തതിലായിരുന്നു പ്രതിഷേധമെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുമായി ബന്ധപ്പെട്ട വിഷയത്തിൽ വാർത്തകൾ നൽകിയതാണ് അക്രമത്തിന് കാരണമെന്ന് റിപ്പോർട്ടർ ടിവി മാനേജ്മെന്റും പറയുന്നു.
സംഭവത്തിൽ റിപ്പോർട്ടർ ടിവി മുഖ്യമന്ത്രിക്ക് പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിഥുൻ മോഹൻ, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രൻ, തൃശൂർ അസംബ്ലി പ്രസിഡന്റ് കെ സുമേഷ്, വിൽവട്ടം മണ്ഡലം പ്രസിഡന്റ് സൗരാഗ്, നിഖിൽദേവ്, അമൽ ജയിംസ് എന്നിവരാണ് ഓഫീസ് ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സർക്കാരിനോട് റിപ്പോട്ടർ ടിവി മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

