കേന്ദ്ര സർക്കാറിന്‍റെയും ബി.ജെ.പിയുടെയും മുഖം കറുക്കരുതെന്നാണ് കേരളത്തിലെ കോൺഗ്രസ് ആഗ്രഹിക്കുന്നത് -പിണറായി
text_fieldsകോട്ടയം: കേന്ദ്ര സർക്കാറിന്‍റെയും ബി.ജെ.പിയുടെയും മുഖം കറുക്കരുതെന്ന് കേരളത്തിലെ കോൺഗ്രസ് ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തങ്ങളുടെ പ്രവൃത്തിമൂലം കേന്ദ്രത്തിന്‍റെ മുഖം കറുക്കരുത്, നീരസത്തോടെ നോക്കരുത് എന്നാണ് കോൺഗ്രസിന്‍റെ നിലപാട്. ബി.ജെ.പിയുമായി ധാരണയുണ്ടാക്കാൻ അവർക്ക് ഒരുമടിയുമില്ല. കിടങ്ങൂരിൽ അതാണ് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുപ്പള്ളി മണ്ഡലത്തിലെ മറ്റക്കര, പാമ്പാടി, വാകത്താനം എന്നിവിടങ്ങളിൽ നടന്ന എൽ.ഡി.എഫ് പൊതുയോഗങ്ങൾ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വെറുപ്പിന്‍റെയും പകയുടെയും വിദ്വേഷത്തിന്‍റെയും ശക്തികളുമായി ഒരുമറയുമില്ലാതെ യു.ഡി.എഫ് യോജിക്കുകയാണ്. അർഹമായ കേന്ദ്ര സഹായങ്ങൾ പോലും നൽകാതെ കേരളത്തെ അവർ ശ്വാസം മുട്ടിക്കുന്നു. സാമ്പത്തികമായി ഞെരുക്കുന്നു. ദേശീയപാത അതോറിറ്റി കടമെടുക്കുന്നത് കേന്ദ്ര സർക്കാറിന്‍റെ കണക്കിലില്ല. പുതുപ്പള്ളിയിലടക്കം സ്‌കൂളുകളും ആശുപത്രിയും നവീകരിക്കാൻ ഫണ്ട് കണ്ടെത്തിയ കിഫ്‌ബിയുടെ കടം സംസ്ഥാനത്തിന്‍റെ കടമായി കണക്കാക്കുന്നു. ഇതിനെ കോൺഗ്രസ് വിമർശിക്കുന്നില്ല. നാടിന്‍റെ പ്രശ്‌നം അവർക്ക് പ്രധാനമല്ല. നേരിയ തോതിൽ പോലും ബി.ജെ.പിയെ വിമർശിക്കാതിരിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രദ്ധിക്കുകയാണ്.
റബർ മേഖല തകർത്ത ആസിയൻ കരാറിൽ ഒപ്പിട്ടത് തെറ്റായെന്ന് അനുഭവത്തിന്‍റെ അടിസ്ഥാനത്തിൽ കോൺഗ്രസ് പറയേണ്ടതല്ലെ. കരാർ നടപ്പാക്കിയ 2009 മുതൽ ഇതുവരെ അരലക്ഷം കോടിയിലധികം രൂപയുടെ നഷ്‌ടമാണ് കർഷകർക്കുണ്ടായത്. കർഷകർക്കുണ്ടായ നഷ്‌ടത്തിന്‍റെ നേട്ടം ടയർ വ്യവസായികളായ കുത്തകകൾക്കാണ്. എം.ആർ.എഫ് അടക്കമുള്ള ടയർ കമ്പനികൾ 1788 കോടി രൂപ പിഴയടക്കണമെന്ന കോമ്പറ്റീഷൻ കമീഷൻ വിധി നടപ്പാക്കി ഈ പിഴ കർഷകർക്ക് മടക്കി നൽകണമെന്ന യോജിച്ച നിലപാട് എടുക്കാൻ കോൺഗ്രസിന് കഴിയുമോ.
എം.ആർ.എഫ് അടയ്‌ക്കേണ്ട പിഴ 622 കോടി രൂപയാണ്. യു.ഡി.എഫിലെ ഘടകക്ഷികൾ റബർ കർഷകർക്കൊപ്പം നിൽക്കുന്ന നിലപാട് എടുക്കുമോ. ഇവർക്ക് കർഷകരോട് താൽപര്യമില്ല. ഇവരെ നയിക്കുന്നത് നിക്ഷിപ്‌ത താൽപര്യങ്ങളാണെന്നും പിണറായി വിജയൻ പറഞ്ഞു.
പുതുപ്പള്ളിയിൽ മാറ്റം വേണം എന്ന ചിന്തയാണ് ജനങ്ങൾക്കുള്ളത്. ജെയ്‌ക് സി. തോമസിന് കിട്ടുന്നത് വലിയ സ്വീകാര്യതയാണ്. സംസ്ഥാനത്തിന്‍റെ വളർച്ച, വികസനം തടയാൻ ശ്രമിച്ച ശക്തികൾ ഒറ്റപ്പെടുകയാണ്. നിഷേധസമീപനം സ്വീകരിക്കാത്ത വലിയ വിഭാഗം ജനങ്ങൾ നാട്ടിലുണ്ട്. സംഭവിച്ച ചില തെറ്റിദ്ധാരണകൾ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. തെറ്റിദ്ധാരണകൾ പരത്തി പുതുപ്പള്ളിയിൽ ജയിക്കാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

