`കേഡറി'നു പിന്നാലെ സിപിഎം മോഡൽ ഭവന സന്ദർശനത്തിന് കോൺഗ്രസും
text_fieldsകേഡർ പാർട്ടിയാക്കാനുള്ള ശ്രമത്തിനുപിന്നാലെ സി.പി.എം മോഡൽ ഭവന സന്ദർശനത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. കെപിസിസി പ്രസിഡന്റായി കെ. സുധാകരൻ ചുമതലയേറ്റതോടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി രീതികൾ അനുകരിക്കാൻ ആരംഭിച്ചത്.
ഫെബ്രുവരി ഒന്നു മുതൽ 20 വരെയാണ് കോൺഗ്രസ് നേതൃത്വത്തിൽ ഭവനസന്ദർശനം നടക്കുക. മുതിർന്ന നേതാക്കളും പോഷകസംഘടനാ ഭാരവാഹികളും അടക്കം എല്ലാ കോൺഗ്രസ് പ്രവർത്തകരും വീടുകളിലെത്തി അവിടെയുള്ളവരുമായി സംസാരിക്കുകയും പരാതികളുണ്ടെങ്കിൽ കേട്ട് മറുപടി നൽകണമെന്നാണ് കെപിസിസി നിർദേശം. ‘138 ചാലഞ്ച്’ എന്നു പേരിട്ട് നടത്തിവരുന്ന ധന സമാഹരണത്തിനും വീടുസന്ദർശനം പ്രയോജനപ്പെടുത്താമെന്നാണ് കോൺഗ്രസ് കണക്ക്കൂട്ടൽ. വീടുകളിൽ കോൺഗ്രസ് നിലപാടുകൾ ഉൾക്കൊള്ളുന്ന ലഘുലേഖ സമ്മാനിക്കും.
138 ചാലഞ്ച് കാര്യക്ഷമമാക്കാൻ ‘കോൺഗ്രസ് ’ എന്ന പേരിൽ മൊബൈൽ ആപ് ഒരുക്കും. നൽകിയിരിക്കുന്ന ലക്ഷ്യം ഓരോ കമ്മിറ്റിയും നിറവേറ്റിയോ എന്നു നോക്കും. 138 രൂപയിൽ കുറയാത്ത ഏതു തുകയും സംഭാവനയായി സ്വീകരിക്കാം. ഓരോ ബൂത്തിൽ നിന്നും കുറഞ്ഞത് 50 വ്യക്തികളിൽ നിന്നാണ് തുക സമാഹരിക്കണം. ഇതിൽ കൂടുതൽ സമാഹരിക്കാൻ കഴിയുന്ന ബൂത്തുകൾക്ക് പ്രത്യേക സ്റ്റാർ റേറ്റിങ് നൽകും. ധനസമാഹരണം പൂർത്തിയായ ശേഷം കീഴ്ഘടകങ്ങളുടെ വിഹിതം നിജപ്പെടുത്തി നൽകും.
ഇതിന്റെ തുടർച്ചയായി ഫെബ്രുവരി 20 മുതൽ ഒരു മാസം എല്ലാ ബൂത്തുകളിലൂടെയും കടന്നു പോകുന്ന പദയാത്രയും കോൺഗ്രസ് സംഘടിപ്പിക്കും. ഇതിനായി ഒരു നിയമസഭാമണ്ഡലത്തിൽ മൂന്നു നേതാക്കളെ വീതം പാർട്ടി ചുമതലപ്പെടുത്തിയിരിക്കുകയാണ്. 30–40 കിലോമീറ്റർ ദൂരം മൂന്നുനാലു ദിവസം കൊണ്ടു കടന്നു പോകണമെന്നാണ് നിർദേശം. ഓരോ പദയാത്രയിലും ചുരുങ്ങിയത് 100 അംഗങ്ങളെങ്കിലും വേണം. പുതിയ നിർദേശത്തിന് പ്രവർത്തകരിൽ നിന്നും നല്ല പ്രതികരണമാണുള്ളതെന്ന് കോൺഗ്രസ് നേതൃത്വം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

