Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസിനെ...

കോൺഗ്രസിനെ പിടിച്ചുലച്ച് ‘സർക്കാർ-സംഘടന’ പോര്

text_fields
bookmark_border
കോൺഗ്രസിനെ പിടിച്ചുലച്ച് ‘സർക്കാർ-സംഘടന’ പോര്
cancel

തിരുവനന്തപുരം: ഗവ. പ്ലീഡർമാരുടെ നിയമനത്തെച്ചൊല്ലി രൂപപ്പെട്ട മുഖ്യമന്ത്രി-കെ.എസ്.യു പോർമുഖം ‘സർക്കാർ-സംഘടന’ ഏറ്റുമുട്ടലായി വളർന്ന് കോൺഗ്രസിനെ പിടിച്ചുലക്കുന്നു. ഏകോപനത്തിനോ മധ്യസ്ഥതയ്ക്കോ പാർട്ടി സംവിധാനമില്ലാതായ അസാധാരണ സാഹചര്യത്തിലാണ് ആഭ്യന്തര സംഘർഷങ്ങൾ. പരാതി നേരിട്ട് അറിയിക്കാൻ കൂടിക്കാഴ്ചക്ക് സമയം തേടിയ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രിയുടെ ഓഫിസ് അനുമതി നിഷേധിച്ചതിന് പിന്നാലെ, കൊച്ചിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി അദ്ദേഹത്തിന് മുഖം നൽകാതെ മടങ്ങിയതും തർക്കങ്ങളുടെ തീവ്രത അടിവരയിടുന്നു. നെറികേടുകൾക്കുനേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ തങ്ങൾ ധിക്കാരികളാണെന്ന് പ്രഖ്യാപിച്ച് അലോഷ്യസ് രംഗത്തെത്തിയതോടെ മുഖ്യമന്ത്രിയും കടുത്ത അതൃപ്തിയിലാണ്.

പ്ലീഡർ നിയമനത്തിൽ പരാതിയുണ്ടെങ്കിൽ മുഖ്യമന്ത്രിയെ അറിയിക്കാമെന്നിരിക്കെ, ഫേസ്ബുക്കിൽ പോസ്റ്റിട്ടതും പിന്നാലെ തുടർച്ചയായ പരസ്യവിമർശനങ്ങളും അത്ര നിഷ്കളങ്കമല്ലെന്ന വിലയിരുത്തലിലാണ് വി.ഡി. പക്ഷം. മുഖ്യമന്ത്രിനിർണയ ചർച്ചകളോളം നീളുന്ന രാഷ്ട്രീയ കാരണങ്ങൾ ഇപ്പോഴത്തെ വിവാദങ്ങൾക്ക് പിന്നിൽ വി.ഡിക്കൊപ്പമുള്ളവർ സംശയിക്കുന്നു. അതേസമയം, മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന വികാരമാണ് പാർട്ടിയിൽ മറുഭാഗത്തിനുള്ളത്. വീര്യം കുറഞ്ഞ മദ്യം, തെരഞ്ഞെടുപ്പ് കമീഷണറുടെ നിയമനം എന്നിവയിലുയർന്ന എതിർസ്വരങ്ങളുടെ തുടർച്ചയാണ് പ്ലീഡർ നിയമനത്തിലും പ്രതിഫലിക്കുന്നതെന്നാണ് ഇവരുടെ വാദം.

ഫലത്തിൽ പ്ലീഡർ നിയമനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ വെറുമൊരു വാക്പോരിനപ്പുറം മുഖ്യമന്ത്രിക്കെതിരായ പടയൊരുക്കം കൂടിയായി മാറുകയാണ്. മറുഭാഗത്താകട്ടെ, മുഖ്യമന്ത്രിക്കെതിരെ പരസ്യവിമർശനം നടത്തിയവരെ കോൺഗ്രസിന്റെ ഔദ്യോഗിക ചാനൽ ചർച്ച പാനലിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വി.ഡി സതീശൻ വിഭാഗവും രംഗത്തെത്തി. മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിടുന്നവർക്ക് ചാനൽ ചർച്ചകളിൽ മുഖ്യമന്ത്രിക്കായി എങ്ങനെ പ്രതിരോധം തീർക്കാനാകുമെന്ന ചോദ്യമാണ് ഇവർ മുന്നോട്ടുവെക്കുന്നത്. ഇത്തരം ആഭ്യന്തര സംഘർഷങ്ങൾ പുതിയ തലത്തിലേക്ക് വഴിമാറുന്നത് തടയാനോ ഇടപെടാനോ സംഘടന സംവിധാനമില്ലെന്നതാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ദുര്യോഗം. ഇതിനിടെ, ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ത്തിൽ എ.ഡി.ജി.പി അജിത്ത്കുമാറിനെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ആക്ഷേപം സർക്കാറിനെതിരെയുണ്ട്. ഭരണനേതൃത്വവും കോൺഗ്രസ് പാർട്ടിയും തമ്മിൽ കൃത്യമായ ഏകോപനമില്ലാത്തത് പ്രതിസന്ധിയാകുന്നുവെന്നും പുതിയ കെ.പി.സി.സി പ്രസിഡന്റിനെ ഉടൻ നിശ്ചയിക്കണമെന്നുമുള്ള ആവശ്യം ശക്തമെങ്കിലും ചർച്ച ഇനിയും കരയണഞ്ഞിട്ടില്ല. മാത്രമല്ല, പാർട്ടി കാര്യങ്ങളിലും നയപരമായ സർക്കാർ തീരുമാനങ്ങളിലും പരസ്പര ധാരണയില്ലാത്തത് പ്രതിപക്ഷത്തിന് എളുപ്പത്തിൽ കടന്നാക്രമിക്കാൻ വഴി തുറക്കുകയും ചെയ്യുന്നു. സർക്കാർ അധികാരമേറ്റ് രണ്ടുമാസം പിന്നിട്ടിട്ടും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങൾ പൂർത്തിയാക്കാനായിട്ടില്ല. ഇതുസംബന്ധിച്ച അപേക്ഷകൾ പരിശോധിക്കാനോ അർഹത നിശ്ചയിക്കാനോ പാർട്ടിയിൽ നിലവിൽ സംവിധാനവുമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GovernmentadministrativecrisispartyLeadershipDisputecoordinationCongress
News Summary - The 'government-organization' battle grips the Congress
Next Story