രാഹുലിനെ ചൊല്ലി കോൺഗ്രസിൽ ഭിന്നത
text_fieldsപത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട അടൂരിലെ ഡി.വൈ.എഫ്.ഐ-യൂത്ത് കോൺഗ്രസ് സംഘർഷവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസിനുള്ളിൽ കടുത്ത ഭിന്നത. സംഭവത്തിൽ രാഹുലിനെ തള്ളി കോൺഗ്രസ് അടൂർ ബ്ലോക്ക് പ്രസിഡന്റ് ആബിദ് ഷെഹിം രംഗത്തെത്തി. രാഹുൽ പാർട്ടി പ്രവർത്തകനല്ലെന്നും കെ.പി.സി.സി പ്രസിഡന്റ് പുറത്താക്കിയതാണെന്നും ആബിദ് വ്യക്തമാക്കി. കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പാർട്ടി സംരക്ഷണം കൊടുക്കും. രാഹുൽ നിലവിൽ പാർട്ടിയിൽ അംഗമല്ലാത്തതിനാൽ അദ്ദേഹത്തിന്റെ ഒരു സഹായവും പാർട്ടിക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം അടൂരിൽ നടന്ന ഡി.വൈ.എഫ്.ഐ-യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ മുൻ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത സംഭവത്തിലാണ് ഷെഹിം നിലപാട് വ്യക്തമാക്കിയത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറഞ്ഞ കോൺഗ്രസ് അടൂർ ബ്ലോക്ക് പ്രസിഡന്റ് ആബിദ് ഷെഹിമിനെതിരെ കെ.എസ്.യു അടൂർ ബ്ലോക്ക് പ്രസിഡന്റ് ബിനിൽ ബിനു ഫേസ്ബുക്ക് പോസ്റ്റിട്ടു. കഴിഞ്ഞദിവസത്തെ സംഘർഷത്തിൽ ബിനിൽ ബിനുവിനും മർദനമേറ്റിരുന്നു. തങ്ങൾക്കു മർദനമേറ്റ സംഭവത്തെ തുടർന്ന് ഒപ്പംനിന്നയാളാണ് രാഹുൽ മാങ്കൂട്ടത്തിലെന്നും സംഘടന ഭാരവാഹികൾ പലരും തിരിഞ്ഞുനോക്കിയില്ലെന്നും കുറിപ്പിൽ പറയുന്നു.
എന്നാൽ, യു.ഡി.എഫ് അടൂർ നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലും സമാനമായ നിലപാടാണ് സ്വീകരിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

