വഴിയിൽ തടഞ്ഞും തമ്മിലടിച്ചും നേതാക്കൾ; കോൺഗ്രസ് പ്രതിരോധത്തിൽ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയെ ഡി.ഡി.സി മുൻ അംഗം ചേന്തി അനിൽ വഴിയിൽ തടഞ്ഞ് മോശം വർത്തമാനം പറഞ്ഞതിന് പിന്നാലെ, ചിറയിൻകീഴിൽ എം.എൽ.എ ഉൾപ്പെട്ടവർ തമ്മിലടിച്ചതോടെ പ്രതിരോധത്തിലായി കോൺഗ്രസ്. സംഭവം പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് തുറന്നുപറയുകയും ചെയ്തു. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് കെ. മുരളീധരനും പ്രതികരിച്ചു.
സംഭവത്തിൽ കെ.പി.സി.സി നിയോഗിച്ച അന്വേഷണ കമീഷന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ടുപേരെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെന്‍റ് ചെയ്തു എന്നത് ആശ്വസിക്കാം. പൊതുജനമധ്യത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പാളയം പ്രദീപിനെയും എസ്. സജാദിനെയുമാണ് കെ.പി.സി.സി പ്രസിഡന്‍റ് സസ്പെൻഡ് ചെയ്തത്. എന്നാൽ എം.എൽ.എക്കും പ്രശ്നത്തിൽ പ്രധാന പങ്കുണ്ടെന്നാണ് എതിർവിഭാഗം ആരോപിക്കുന്നത്. എം.എൽ.എ ഉൾപ്പെട്ടവർ തങ്ങളെ ദേഹോപദ്രവം ചെയ്തുവെന്ന പരാതിയിൽ കേസുപോലും പൊലീസ് എടുത്തില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും തുടർ അന്വേഷണം നടന്നുവരികയാണെന്നും സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ ‘മാധ്യമ’ത്തോട് പറഞ്ഞു. ചിറയിൻകീഴ് മണ്ഡലത്തിലെ ആറ് ഡി.സി.സി ഭാരവാഹികളുടെയും രണ്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റുമാരുടെയും അടക്കം മൊഴി രേഖപ്പെടുത്തിയാണ് ഇപ്പോൾ നടപടി കൈക്കൊണ്ടത്. എം.എൽ.എ ഉൾപ്പെട്ട സംഘം രാത്രിയിൽ വീട്ടിൽ അതിക്രമിച്ചുകയറി പ്രശ്നങ്ങളുണ്ടാക്കി എന്നാണ് എതിർ വിഭാഗത്തിന്‍റെ പരാതി. രാത്രി 9.30ന് രമ്യ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും സജാദിന്റെ കോളജ് വിദ്യാർഥിനിയായ മകളെക്കൊണ്ട് ഫോണിലെ സന്ദേശങ്ങൾ വായിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് പ്രധാന പരാതി. പാർട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവരിൽനിന്ന് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതിൽ വലിയ ആശങ്കയാണ് പാർട്ടി നേതൃത്വം പ്രകടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

