ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല സിൻഡിക്കേറ്റിൽ ലീഗിനെ സംപൂജ്യരാക്കി കോൺഗ്രസ്
text_fieldsശ്രീനാരായണ ഗുരു ഓപൺ സർവകലാശാല
തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണമാറ്റത്തെ തുടർന്നുള്ള സർവകലാശാല സിൻഡിക്കേറ്റുകളുടെ പുനഃസംഘടനയിൽ മുസ്ലിം ലീഗ് നോമിനികളെ കൂട്ടത്തോടെ വെട്ടി കോൺഗ്രസ് ഏറ്റെടുത്ത ഉന്നത വിദ്യാഭ്യാസ വകുപ്പ്. ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല സിൻഡിക്കേറ്റിലേക്കുള്ള എട്ട് സർക്കാർ പ്രതിനിധികളെ നാമനിർദേശം ചെയ്ത് ഉത്തരവിറങ്ങിയപ്പോൾ ലീഗ് പ്രതിനിധിയില്ല. പുതിയ സർവകലാശാല എന്ന നിലയിൽ നാല് പ്രതിനിധികളെ ലീഗിന് ലഭിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെ ലീഗ് അനുകൂല അധ്യാപക സംഘടന പ്രതിനിധികൾ നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം പാർട്ടി പ്രതിനിധികളായി നാലുപേരുടെ പട്ടിക പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് വഴി ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിലേക്ക് കൈമാറിയിരുന്നു. എന്നാൽ ഉത്തരവിറങ്ങിയപ്പോൾ ലീഗ് പ്രാതിനിധ്യം ‘സീറോ’ ആയി. എട്ടുപേരും കോൺഗ്രസ് നോമിനികൾ തന്നെ. ഇതിന് പിന്നാലെ കുസാറ്റ് സിൻഡിക്കേറ്റിലേക്കുള്ള പട്ടിക വന്നപ്പോൾ ലീഗിന് നേരത്തെ നാല് പേരുണ്ടായിരുന്നത് രണ്ടായും വെട്ടി.
മന്ത്രിസഭ രൂപവത്കരണ ചർച്ച ഘട്ടത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ലീഗ് വിട്ടുനൽകുന്നതിൽ കോൺഗ്രസുമായി ധാരണയുണ്ടാക്കിയിരുന്നുവെന്നാണ് നേതാക്കൾ പറയുന്നത്. മുൻകാലങ്ങളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിൽ പാർട്ടിക്ക് ലഭിച്ചിരുന്ന പദവികളുടെ കാര്യത്തിൽ സ്റ്റാറ്റസ്കോ നിലനിർത്തനായിരുന്നു ധാരണ. എന്നാൽ, മിക്ക സിൻഡിക്കേറ്റുകളുടെയും നാമനിർദേശത്തിൽ ഇത് ഉന്നത വിദ്യാഭ്യാസ വകുപ്പ് ലംഘിച്ചുവെന്നാണ് പരാതി. കാലിക്കറ്റ് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റിൽ നേരത്തെ ലീഗിന് നാല് പ്രതിനിധികളായിരുന്നെങ്കിൽ അത് മൂന്നാക്കി വെട്ടിച്ചുരുക്കി. എം.ജിയിൽ മൂന്നുണ്ടായിരുന്നത് രണ്ടായും കാലടി സർവകലാശാലയിൽ രണ്ടുപേർ ഉണ്ടായിരുന്നത് ഒന്നായും ചുരുക്കി. പകരം ഇതിലേക്കെല്ലാം കോൺഗ്രസ് നോമിനികൾ അധികമായി വന്നു. ഇത് മുൻധാരണകളുടെ ലംഘനമാണെന്നും നിലപാട് അംഗീകരിക്കാനാകില്ലെന്നുമാണ് ലീഗ് സംഘടനകൾ പറയുന്നത്. സിൻഡിക്കേറ്റ് സ്റ്റാൻഡിങ് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചപ്പോഴും മിക്ക സർവകലാശാലകളിലും ലീഗ് പ്രതിനിധികൾക്ക് കൺവീനർ സ്ഥാനം നൽകിയില്ല. ഇതുസംബന്ധിച്ച് പാർട്ടി നേതൃത്വത്തിന് മുന്നിൽ പരാതി ബോധിപ്പിക്കുന്നതിനൊപ്പം മുഖ്യമന്ത്രി വി.ഡി. സതീശനെയും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെയും നേരിൽ കണ്ട് പരാതിപ്പെടാനുമാണ് ലീഗ് അനുകൂല കോളജ് അധ്യാപക സംഘടനയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

