'ഉത്തരേന്ത്യൻ സഹോദരിമാരുടേത് ക്രിസ്തു നേരിട്ടതിനേക്കാൾ വലിയ സഹനം'; സുരേഷ് ഗോപിയെ വേദിയിൽ ഇരുത്തി കോൺഗ്രസ് കൗൺസിലർ, മറുപടിയുമായി സുരേഷ് ഗോപി
text_fieldsതൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വേദിയിലിരുത്തി കടുത്ത വിമർശനവുമായി കോൺഗ്രസ് കൗൺസിലർ. മറുപടി പറഞ്ഞ് സുരേഷ് ഗോപിയും. തൃശൂരിലെ റസിഡന്‍റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിലായിരുന്നു സംഭവം. ഉത്തരേന്ത്യയിൽ ജീവിക്കുന്ന ക്രൈസ്തവർ വലിയ രീതിയിലുള്ള ആക്രമണങ്ങളാണ് നേരിടുന്നത് എന്നായിരുന്നു തൃശൂർ മിഷൻ ക്വാർട്ടേഴ്സ് യുഡിഎഫ് വാർഡ് കൗൺസിലർ ബൈജു വർഗീസ് പറഞ്ഞത്.
'ഒരുപാട് സഹോദരിമാരും സഹോദരന്മാരും ബുദ്ധിമുട്ടുന്ന വാർത്ത നമ്മൾ കേൾക്കുന്നു. നമ്മൾ ഇവിടെ ക്രിസ്മസ് ആഘോഷിക്കുമ്പോൾ നമ്മെ വേദനിപ്പിക്കുന്ന വാർത്തകളാണ് വരുന്നത്. സത്യത്തിൽ ക്രിസ്തുവാണ് ഏറ്റവും വലിയ സഹനവും പ്രയാസവും നേരിട്ടതെന്നാണ് നമ്മൾ മനസിലാക്കിയിരിക്കുന്നത്. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പാവപ്പെട്ട അമ്മമാരും സഹോദരിമാരുമാണ് ക്രിസ്തുവിനേക്കാൾ വലിയ സഹനം സഹിക്കുന്നത്. അതറിയുമ്പോൾ നമ്മുടെ മനസ് പിടയും' ബൈജു പറഞ്ഞു.
ബൈജു വർഗീസിന്റെ പരാമർശത്തിന് വേദിയിൽതന്നെ സുരേഷ് ഗോപി മറുപടി പറഞ്ഞു. കൗൺസിലർ തെറ്റിദ്ധാരണ പരത്തുന്നു എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. തിരുവനന്തപുരത്ത് ഒരു ക്രിസ്തീയ വിശ്വാസിയുടെ പോലെതന്നെ ക്രിസ്മസിന് വേണ്ടി ദീപാലങ്കൃതമായ വീടാണ് തന്റേത്. ഉത്തരേന്ത്യയിൽ നടക്കുന്നത് നാടകമാണെന്നും അദ്ദേഹം പറഞ്ഞു.
'ഉത്തരേന്ത്യയിൽ ആരാണ് ഈ നാടകമൊക്കെ കാട്ടിക്കൂട്ടുന്നതെന്നും അതെന്തിന് വേണ്ടിയാണെന്നും കൗൺസിലറുടെ പാർട്ടിക്കാരോട് തന്നെ ചോദിച്ചാൽ പറയും. ഇതെല്ലാം രാഷ്ട്രീയവത്കരണത്തിനായുള്ള പ്രവർത്തനങ്ങളാണ്. എല്ലാത്തിനും ഒരു കാരണമുണ്ടാവും. ആ കാരണം ആര് സൃഷ്ടിച്ചു. അതിൽ ഗുണം കൊയ്യാമെന്ന് ആര് വിചാരിച്ചു. അവരുടെ വിക്രിയകൾ മാത്രമാണ്' എന്നായിരുന്നു സുരേഷ് ഗോപിയുടെ ന്യായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

