മുഖ്യമന്ത്രി ആര് എന്നതിൽ 24 മണിക്കൂറിൽ തീരുമാനമുണ്ടാകും, മുഖ്യമന്ത്രി പട്ടികയിൽ താനില്ല -കെ. മുരളീധരൻ
text_fieldsന്യൂഡൽഹി: കേരളത്തിൽ മുഖ്യമന്ത്രി ആര് എന്നതിൽ 24 മണിക്കൂറിൽ തീരുമാനമുണ്ടാകുമെന്ന് കെ. മുരളീധരൻ. മുഖ്യമന്ത്രി പട്ടികയിൽ താനില്ല. ജനത്തിന്റെ വികാരം രാഹുൽഗാന്ധിക്ക് അറിയാം. ഘടകകക്ഷികളുടെ നിലപാടും പരിഗണിക്കണം. വേഗത്തിൽ തീരുമാനം വേണമെന്ന് രാഹുൽ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എം.എൽ.എമാരുടെ എണ്ണം മാത്രമായിരിക്കില്ല പ്രധാനമെന്നും ജനവികാരവും ഘടക കക്ഷികളുടെ അഭിപ്രായങ്ങളും പരിഗണിക്കും. എണ്ണം മാത്രമെങ്കിൽ എപ്പോഴേ പ്രഖ്യാപിക്കാമായിരുന്നു. കോൺഗ്രസ് മുഖ്യമന്ത്രിയെ അല്ല തീരുമാനിക്കുന്നത്, യു.ഡി.എഫ് മുഖ്യമന്ത്രിയെ ആണെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി ചർച്ചയിൽ ഉണ്ടായ പ്രതിഷേധങ്ങൾ ആസൂത്രിതമെന്ന് ചില മുതിർന്ന നേതാക്കൾ അറിയിച്ചു. ജനകീയ പ്രതിഷേധങ്ങൾ അല്ലെന്നാണ് അറിയിച്ചത്. പ്രതിഷേധങ്ങൾ സ്വിച്ച് ഇട്ടപോലെ നിന്നത് അതിന്റെ തെളിവാണ്. ഒരു വിഭാഗം ആസൂത്രിതമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ഹൈക്കമാൻഡിനെ സമ്മർദത്തിലാക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും നേതാക്കൾ പറഞ്ഞു.
കോൺഗ്രസിന്‍റെ പാർലമെന്‍ററി പാർട്ടി നേതാവിനെ തീരുമാനിക്കുന്നതിൽ ഘടകകക്ഷികൾക്ക് വലിയ റോളില്ലെന്ന് മുതിർന്ന നേതാവ് എം.എം. ഹസൻ. ഘടകകക്ഷികളോട് അഭിപ്രായം ചോദിച്ചാൽ പറയാമെന്നും അവരോട് അഭിപ്രായം ചോദിച്ചിട്ടുണ്ടെന്നും ഹസൻ പറഞ്ഞു. മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ മുസ്‌ലിം ലീഗിൽ അതൃപ്തിയുണ്ടെല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എം.എം. ഹസൻ അടക്കം കെ.പി.സി.സി മുൻ പ്രസിഡന്‍റുമാരെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ 11.30ന് കേരള നേതാക്കളെ ഹൈക്കമാൻഡ് കാണും. 'ഹൈക്കമാൻഡിന് എപ്പോഴും എല്ലാവരെയും വിളിക്കാം, സംസാരിക്കാം. അതിന്‍റെ ഭാഗമായി മുൻ പ്രസിഡന്‍റുമാരായ ഞങ്ങളെ വിളിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജനവിധി വന്നുകഴിഞ്ഞാൽ കോൺഗ്രസ് ലീഡറാരാണെന്നും മുഖ്യമന്ത്രിയാരാണെന്നും തീരുമാനിക്കും. യു.ഡി.എഫിനെ സംബന്ധിച്ച്, കോൺഗ്രസിനെ സംബന്ധിച്ച് ഒരു നടപടിക്രമമുണ്ട്. തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരോട് അഭിപ്രായം ചോദിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിന്‍റെ ലീഡർ ആരെന്നത് കോൺഗ്രസ് പാർട്ടിയാണ് തീരുമാനിക്കുക. ഘടകക്ഷികളോട് അഭിപ്രായം ചോദിച്ചാൽ പറയാം. അവരോട് അഭിപ്രായം ചോദിക്കുകയും പറയുകയും ചെയ്തിട്ടുണ്ട്. മത്സരിക്കാത്ത ആളുടെ പേര് ഇതിനു മുമ്പും മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നിട്ടുണ്ടല്ലോയെന്ന് പറഞ്ഞ ഹസൻ, ഇതൊക്കെ കോൺഗ്രസ് ചരിത്രത്തിൽ ഉണ്ടായിട്ടുള്ളതാണെന്നും ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനമാണ് പ്രധാനമെന്നും പറഞ്ഞു. നേരത്തെ, കോൺഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളിൽ ലീഗ് ഇടപെടേണ്ട എന്ന മാത്യു കുഴൽനാടന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു.
ജനവിധി വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ വലിയ അതൃപ്തിയിലാണ് മുസ്‌ലിം ലീഗ്. ഇക്കാര്യം ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് പരസ്യമാക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

