കോൺഗ്രസിലെ സ്ഥാനാർഥി നിർണയം: മിസ്ത്രി എത്തി; ചർച്ചകൾക്ക് തുടക്കം
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിലെ സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി എ.ഐ.സി.സി സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി തലസ്ഥാനത്തെത്തി. ചൊവ്വാഴ്ച രാത്രി ഏതാനും മുതിർന്ന നേതാക്കളുമായി മിസ്ത്രി ആശയവിനിമയം നടത്തി. കോൺഗ്രസ് നേതാക്കൾ ലോക്ഭവനു മുന്നിലെ രാപകൽ സമരത്തിലായതിനാൽ ബുധനാഴ്ച രാവിലെ 10നുശേഷമാകും ഔദ്യോഗിക ചർച്ച ആരംഭിക്കുക. പ്രതിപക്ഷ നേതാവിനെയും കെ.പി.സി.സി പ്രസിഡന്റിനെയും 16ന് ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്.
എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും രാഹുൽ ഗാന്ധിയുമായും ഇവർ കൂടിക്കാഴ്ച നടത്തും. സ്ഥാനാർഥി നിർണയ ചർച്ചകളാണ് ഈ കൂടിക്കാഴ്ചയുടെയും പ്രധാന അജണ്ട. ഈ സാഹചര്യത്തിൽ കേരളത്തിലെ സാഹചര്യം നേരിട്ട് മനസ്സിലാക്കാൻ കൂടിയാണ് മിസ്ത്രിയുടെ സന്ദർശനം. ഗ്രൂപ്പ് താൽപര്യങ്ങൾക്കും ശിപാർശകൾക്കുമപ്പുറം ഓരോ മണ്ഡലത്തിലെയും യഥാർഥ സാഹചര്യം മിസ്ത്രി വിലയിരുത്തും. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവെപ്പ് ഇത്തവണ ഉണ്ടാകില്ലെന്ന സൂചനയാണ് ഹൈക്കമാൻഡ് നൽകുന്നത്.
വിജ്ഞാപനത്തിന് മുമ്പുതന്നെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഓരോ മണ്ഡലത്തിലും വിജയസാധ്യതയുള്ള മൂന്നുപേരുടെ പട്ടിക തയാറാക്കാൻ എ.ഐ.സി.സി നിർദേശം നൽകിയിട്ടുണ്ട്. പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ കനഗോലുവിന്റെ നേതൃത്വത്തിൽ നടത്തിയ സർവേ റിപ്പോർട്ടുകൾ ഹൈക്കമാൻഡിന്റെ കൈവശമുണ്ട്. ഈ റിപ്പോർട്ടുകൾകൂടി പരിഗണിച്ചാകും സ്ഥാനാർഥി പട്ടികക്ക് അന്തിമരൂപം നൽകുക.
വയനാട്ടിൽ നടന്ന ലക്ഷ്യ ക്യാമ്പിലെ ആവേശം ഉൾക്കൊണ്ട്, കൃത്യമായ സർവേ റിപ്പോർട്ടുകളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ കരുത്തുറ്റ സ്ഥാനാർഥി പട്ടികയുമായി ജനങ്ങളെ സമീപിക്കാനാണ് കോൺഗ്രസ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

