കോൺഗ്രസ് സ്ഥാനാർഥി പട്ടിക; ഹൈകമാൻഡ് വിയോജിപ്പിലും എം.പിമാരുടെ സമ്മർദം
text_fieldsതിരുവനന്തപുരം: എം.പിമാർ നിയസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാകുന്നതിൽ ഹൈകമാൻഡ് വിയോജിപ്പ് അറിയിച്ചിട്ടും ചില മുതിർന്ന നേതാക്കളിൽനിന്നുള്ള കടുത്ത സമ്മർദം കോൺഗ്രസിന് തലവേദനയാകുന്നു. ഒരുവട്ടം പരിഗണന ലഭിച്ചവർക്ക് വീണ്ടും സീറ്റ് നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും അർഹരുടെ അവസരം നഷ്ടപ്പെടുത്തുമെന്നുമാണ് ഹൈകമാന്‍ഡ് നിലപാട്.
എം.പിമാർ നിയമസഭയിലേക്ക് വിജയിച്ചാൽ വീണ്ടും ഉപതെരഞ്ഞെടുപ്പുകൾ നേരിടേണ്ടിവരുന്നത് പാർട്ടിക്ക് സാമ്പത്തികമായും രാഷ്ട്രീയമായും ഭാരമാകും. പരാജയപ്പെട്ടാൽ ലോക്സഭയിൽ പാർട്ടിയുടെ അംഗസംഖ്യ കുറയാൻ സാധ്യതയുള്ളതിനാൽ സിറ്റിങ് എം.പിമാരെ നിയമസഭയിലേക്ക് മാറ്റുന്നത് ബുദ്ധിയല്ലെന്നാണ് വിലയിരുത്തൽ. യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന രാഹുൽ ഗാന്ധിയുടെ കർശന നിർദേശത്തിന് വിരുദ്ധമാണ് എം.പിമാരുടെ ഈ നീക്കം.
ഹൈകമാൻഡ് വിലക്ക് നിലനിൽക്കെ മുതിർന്ന നേതാക്കൾ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മണ്ഡലങ്ങളിൽ തങ്ങൾക്കുള്ള സ്വാധീനം വിജയസാധ്യത വർധിപ്പിക്കുമെന്നാണ് ഇവരുടെ വാദം. ഇത് ഗ്രൂപ്പ് പോരിലേക്കും സീറ്റ് തർക്കത്തിലേക്കും നയിക്കുമോ എന്ന ആശങ്ക സംസ്ഥാന നേതൃത്വത്തിനുണ്ട്. എം.പിമാരുടെ സമ്മർദതന്ത്രം ഹൈകമാൻഡ് എങ്ങനെ നേരിടുമെന്നതിനെ ആശ്രയിച്ചാകും കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടികയുടെ സ്വഭാവം. മുതിർന്ന നേതാക്കളുടെ ഒറ്റയാൾ നീക്കങ്ങളിലും ഹൈകമാൻഡിന് അതൃപ്തിയുണ്ട്. പുതുയുഗയാത്രയുടെ സമാപനച്ചടങ്ങിൽ ഒരുവിഭാഗം പ്രവർത്തകർ ചില നേതാക്കളുടെ ചിത്രങ്ങളുയർത്തി മുദ്രാവാക്യം വിളിച്ചത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഇക്കാര്യം രാഹുൽ ഗാന്ധി പരസ്യമായി ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം സ്ഥാനാർഥി പട്ടികക്ക് അന്തിമരൂപം നൽകാനുള്ള കോൺഗ്രസ് നേതൃതല ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ 60 സ്ഥാനാർഥികളുടെ പട്ടികക്ക് അംഗീകാരം നൽകുമെന്നാണ് വിവരം. സിറ്റിങ് എം.എൽ.എമാരെയും തർക്കമില്ലാത്ത സീറ്റുകളും ഉൾപ്പെടുത്തി 40 പേരുടെ പട്ടിക തയാറാക്കി. ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് സ്വയംസ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് കെ.പി.സി.സി നേതൃത്വത്തിന്‍റെ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

