‘ഏട്ടൻ എതിർത്തു, പൊളിറ്റിക്സിലേക്ക് പോകണ്ടാന്ന് പറഞ്ഞു, ഞാനും വേണ്ടെന്ന് വെച്ചു’ -ആന്തൂരിൽ പത്രിക പിൻവലിച്ച കോൺഗ്രസ് സ്ഥാനാർഥി കെ. ലിവ്യ
text_fieldsകണ്ണൂർ: തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് ആന്തൂർ നഗരസഭയിൽ പത്രിക പിൻവലിച്ച കോൺഗ്രസ് സ്ഥാനാർഥി കെ. ലിവ്യ. ഇവരെ സി.പി.എമ്മുകാർ തട്ടിക്കൊണ്ടുപോയെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ, തന്നെ തട്ടിക്കൊണ്ടുപോയിട്ടൊന്നുമില്ലെന്നും വീട്ടിൽ തന്നെയാണ് ഉണ്ടായിരുന്നതെന്നും ലിവ്യ പറഞ്ഞു. ‘പൊലീസ് വീട്ടിൽ വന്നിരുന്നു. അപ്പോൾ ഞാൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. പൊലീസിനോട് വർത്തമാനം പറയുകയും ചെയ്തു. തട്ടിക്കൊണ്ടുപോയി എന്ന് പരാതി പറഞ്ഞത് എന്തിനാണ് എന്ന് അറിയില്ല’ -ലിവ്യ പറഞ്ഞു.
സഹോദരൻ എതിർത്തതിനെ തുടർന്നാണ് പത്രിക പിൻവലിച്ചതെന്ന് ലിവ്യ മാധ്യമങ്ങളോട് പറഞ്ഞു. ‘സ്ഥാനാർഥിയാകുന്നതിനെ ഏട്ടനെല്ലാം എതിർത്തു. പൊളിറ്റിക്സിലേക്ക് പോകണ്ടാന്ന് പറഞ്ഞു. അതോടെ ഞാനും വേണ്ടാന്ന് വെച്ചു. കുടുംബത്തിൽ കോൺഗ്രസും സി.പി.എമ്മും ഒക്കെ ഉണ്ട്. സഹോദരൻ സി.പി.എം ഒന്നുമല്ല. എന്റെ ഇഷ്ടപ്രകാരം തന്നെയാണ് പിൻവലിച്ചത്. ഒരുവിധത്തിലും സമ്മർദം ഉണ്ടായിട്ടില്ല’ -ലിവ്യ പറഞ്ഞു. വാർഡിൽ മെമ്പറാകണമെന്നും മാറ്റമുണ്ടാക്കണമെന്നും ഒന്നും ആഗ്രഹിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു.
ആകെ 29 വാർഡുള്ള ആന്തൂർ നഗരസഭയിൽ അഞ്ചിടത്താണ് എൽ.ഡി.എഫ് എതിരില്ലാത്ത വിജയിച്ചത്. നേരത്തെ എതിർസ്ഥാനാർഥികളില്ലാത്തതിനാൽ രണ്ടാംവാർഡിൽ കെ. രജിതയും 19ൽ കെ. പ്രേമരാജനും പത്രികാസമർപ്പണം കഴിഞ്ഞപ്പോൾതന്നെ വിജയമുറപ്പിച്ചിരുന്നു. തിങ്കളാഴ്ച പത്രിക പുനഃപരിശോധന കഴിഞ്ഞതോടെ ഇ. രജിത (വാർഡ്-13), കെ.വി. പ്രേമരാജൻ (വാർഡ്-18), ടി.വി. ധന്യ (വാർഡ്- 26) എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ശനിയാഴ്ച നടന്ന സൂക്ഷ്മപരിശോധനയിൽ മാറ്റിവെച്ച നാല് വാർഡുകളിൽ തിങ്കളാഴ്ച വരണാധികാരി നടത്തിയ പുനഃപരിശോധനയിലാണ് രണ്ട് പത്രിക തള്ളിയത്. 13-ാം വാർഡായ കോടല്ലൂരിലും 18-ാം വാർഡായ തളിയിലും യു.ഡി.എഫ് സ്ഥാനാർഥികളെ നിർദേശിച്ചവർ തങ്ങളല്ല ഒപ്പിട്ടതെന്ന് സത്യവാങ്മൂലം നൽകുകയായിരുന്നു. 10-ാം വാർഡായ കോൾമെട്ടയിലും 20-ാം വാർഡായ തളിമയലിലെയും നിർദേശകർ ഒപ്പിട്ടത് വരണാധികാരി സ്ഥിരീകരിച്ചതോടെ ആ പത്രികകൾ അംഗീകരിച്ചു.
സൂക്ഷ്മപരിശോധന നടന്ന ശനിയാഴ്ച തട്ടിക്കൊണ്ടുപോയെന്ന് കോൺഗ്രസ് ആരോപിച്ച 26-ാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയായ ലിവ്യ സ്ഥാനാർഥിത്വം പിൻവലിക്കുന്നതായി വരണാധികാരിയെ നേരിട്ടറിയിച്ചതോടെ ആ വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥിയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
13-ാം വാർഡായ കോടല്ലൂരിൽനിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഇ. രജിത ആന്തൂർ വനിതാബാങ്ക് കലക്ഷൻ ഏജന്റും ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിയുമാണ്. 18-ാം വാർഡായ തളിയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട കെ.വി. പ്രേമരാജൻ നിലവിലെ ഭരണസമിതിയിലെ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ്. മാങ്ങാട് എൽപി സ്കൂളിലെ മുൻ പ്രഥമാധ്യാപകനാണ്. 26-ാം വാർഡായ അഞ്ചാംപീടിക പട്ടികജാതി സംവരണസീറ്റാണ്. ഇവിടുന്ന് തിരഞ്ഞെടുക്കപ്പെട്ട ടി.വി. ധന്യ സ്വകാര്യ കംപ്യൂട്ടർ സ്ഥാപനത്തിൽ അസിസ്റ്റന്റായി ജോലിചെയ്യുകയാണ്.
ആന്തൂരില്‍ 2015ല്‍ 14 വാര്‍ഡുകളിലും കഴിഞ്ഞ തവണ ഏഴ് വാര്‍ഡുകളിലും എല്‍ഡി.എഫ് എതിരില്ലാതെ വിജയിച്ചിരുന്നു. ഇത്തവണ അഞ്ചായി ചുരുങ്ങി.
ആന്തൂർ അടക്കം കണ്ണൂർ ജില്ലയിൽ 14 ഇടങ്ങളിലാണ് സി.പി.എം എതിരില്ലാതെ ജയിച്ചത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് സി.പി.എമ്മിന്റെ നേട്ടം. കഴിഞ്ഞദിവസം ഒമ്പതിടത്ത് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് പുതുതായി അഞ്ച് പേർകൂടി ജയിച്ചത്. ആന്തൂര്‍ നഗരസഭയില്‍ അഞ്ചു ഡിവിഷനിലും കണ്ണപുരം പഞ്ചായത്തിൽ ആറു വാർഡുകളിലും മലപ്പട്ടത്ത് മൂന്നു വാർഡുകളിലുമാണ് വിജയം.
മലപ്പട്ടം പഞ്ചായത്തിലെ അഞ്ചാം വാർഡ് അടുവാപ്പുറം നോർത്തിലെ ഐ.വി. ഒതേനൻ, ആറാം വാർഡിൽ സി.കെ. ശ്രേയ, കൊവുന്തല വാർഡിലെ എം.വി. ഷിഗിന എന്നിവരെയാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
കൊവുന്തല വാർഡിൽ ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തി യു.ഡി.എഫ് സ്ഥാനാർഥിയുടെ പത്രിക തള്ളുകയായിരുന്നു. കണ്ണപുരം പഞ്ചായത്ത് ഒന്നാം വാർഡിലെ ഉഷ മോഹനൻ, എട്ടാം വാർഡിലെ ടി.ഇ. മോഹനൻ എന്നിവരെയാണ് എതിർ സ്ഥാനാർഥിയുടെ പത്രിക തള്ളിയതോടെ വിജയിയായി പ്രഖ്യാപിച്ചത്. ഇവിടുത്തെ നാലു വാർഡുകളിൽ എതിരില്ലാത്തതിനാൽ നേരത്തെ തെരഞ്ഞെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

