പുനലൂരിൽ ലീഗിനെതിരെ കോൺഗ്രസ് സ്ഥാനാർഥി
text_fieldsപുനലൂർ: സീറ്റ് തർക്കം നിലനിന്ന പുനലൂർ നിയോജകമണ്ഡലത്തിൽ യു.ഡി.എഫിൽ പൊട്ടിത്തെറി. മണ്ഡലത്തിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി ജില്ല പ്രസിഡന്‍റ് നൗഷാദ് യൂനുസിനെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർഥിയായി ഡി.സി.സി ട്രഷറർ നെൽസൺ സെബാസ്റ്റ്യനെ കോൺഗ്രസ് നിശ്ചയിച്ചു. വ്യാഴാഴ്ച വൈകിട്ട് നടന്ന പുനലൂർ, അഞ്ചൽ ബ്ലോക്ക് കമ്മിറ്റി സംയുക്ത യോഗത്തിലാണ് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായത്. കോൺഗ്രസിന് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. മണ്ഡലത്തിലെ കെ.പി.സി.സി, ഡി.സി.സി ഭാരവാഹികൾ യോഗത്തിലുണ്ടായിരുന്നു.
പുനലൂർ മണ്ഡലം യു.ഡി.എഫ് ചെയർമാനും നഗരസഭ യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡറുമാണ് നെൽസൺ. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ആര്യങ്കാവിൽനിന്ന് നെൽസന്റെ റോഡ് ഷോ ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു. പുനലൂർ സീറ്റ് കോൺഗ്രസിന് നൽകുന്നതിൽ ഉറപ്പ് ഉണ്ടാകാത്തതും മണ്ഡലം ഏത് കക്ഷിക്കാണെന്ന് തീരുമാനം ആകാത്തതുമാണ് കോൺഗ്രസ് ഈ തീരുമാനമെടുക്കാൻ കാരണമെന്ന് നെൽസൺ സെബാസ്റ്റ്യൻ പറഞ്ഞു.
മുസ്ലിം ലീഗിന് പുനലൂർ വേണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നതാണെന്ന് കെ.പി.സി.സി മുൻ ഉപാധ്യക്ഷൻ ഭാരതീപുരം ശശി പറഞ്ഞു. പുനലൂരും ചടയമംഗലവും വെച്ചുമാറുന്നത് സംബന്ധിച്ച് കോൺഗ്രസ്, മുസ്ലിം ലീഗ് ചർച്ച നടക്കുന്നതിനാലാണ് മറ്റ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടും ഈ മണ്ഡലങ്ങൾ ഒഴിച്ചിട്ടത്. കോൺഗ്രസ് പുനലൂർ ബ്ലോക്ക് പ്രസിഡന്റ് സി.വിജയകുമാർ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന് ശേഷം നെൽസൺ സെബാസ്റ്റ്യനെ സ്ഥാനാർഥിയാക്കി അവതരിപ്പിച്ച് പ്രകടനവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

