Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

അന്ധവിശ്വാസങ്ങൾക്കെതിരെ കാമ്പയിനുമായി ​കോൺഗ്രസ്: 'നരബലിയുടെ തമസ്സിൽ നിന്ന് നവോത്ഥാനത്തിന്‍റെ തുടർച്ചയിലേക്ക്'

text_fields
bookmark_border
congress president election
cancel

കണ്ണൂര്‍: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ കാമ്പയിൻ സംഘടിപ്പിക്കാൻ കെ.പി.സി.സി ഭാരവാഹി യോഗത്തിൽ തീരുമാനം. 'നരബലിയുടെ തമസ്സിൽ നിന്ന് നവോത്ഥാനത്തിന്‍റെ തുടർച്ചയിലേക്ക്' എന്ന മുദ്രാവാക്യമുയർത്തിയാണ് പരിപാടി. ജവഹർലാൽ നെഹ്റുവിന്‍റെ ജന്മദിനമായ നവംബർ 14ന് കാമ്പയിന് തുടക്കം കുറിക്കുമെന്ന് യോഗ തീരുമാനം വിശദീകരിക്കാൻ വിളിച്ചുചേർത്ത വാര്‍ത്താസമ്മേളനത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ അറിയിച്ചു.

കേരളീയ സമൂഹത്തെ രോഗഗ്രസ്തമാക്കുന്ന അന്ധവിശ്വാസങ്ങൾക്കെതിരെയും അനാചാരങ്ങൾക്കെതിരെയും പ്രചാരണം നടത്തും. ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നവംബർ 14 ന് നവോത്ഥാന സദസ്സുകൾ സംഘടിപ്പിക്കും. മയക്കുമരുന്ന് വ്യാപനവും പ്രതികാരക്കൊലകളുമടക്കമുള്ള സാമൂഹ്യ തിന്മകൾക്കെതിരായ ബോധവൽക്കരണം നടത്തും. പാർട്ടി പ്രവർത്തകരോടൊപ്പം എഴുത്തുകാരും ചിന്തകരും സാമൂഹ്യ പ്രവർത്തകരും ഉള്‍പ്പെടെയുള്ളവര്‍ ഈ ക്യാമ്പയിന്‍റെ ഭാഗമായി അണിനിരക്കും. ഇതിന്‍റെ തുടർച്ചയായി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ "അന്ധവിശ്വാസത്തിനെതിരെ ആയിരം സദസ്സുകൾ" സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

സംസ്ഥാന സർക്കാറിനെതിരെ സെക്രട്ടേറിയറ്റ് വളയൽ സമരം

സംസ്ഥാന സർക്കാരിന്‍റെ ഭരണ പരാജയങ്ങൾക്കും ജനദ്രോഹത്തിനുമെതിരെ സെക്രട്ടേറിയറ്റ് വളയൽ അടക്കമുള്ള ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്താൻ യോഗം തീരുമാനിച്ചതായി കെ. സുധാകരന്‍ പറഞ്ഞു. രണ്ട് മാസത്തേക്കുള്ള പാർട്ടി പരിപാടികൾക്കും പ്രക്ഷോഭ പരിപാടികൾക്കുമാണ് കെപിസിസി അന്തിമരൂപം നല്‍കിയത്.

സമരപരമ്പരകളുടെ ആദ്യഘട്ടമായി നവംബർ 3 ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കലക്ടറേറ്റുകളിലേക്കും കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. "പിണറായി ഭരണത്തിനെതിരെ പൗര വിചാരണ" എന്ന പേരിലുള്ള തുടർ പ്രക്ഷോഭങ്ങളുടെ ആദ്യ ഘട്ടമായാണ് കലക്ടറേറ്റ് മാർച്ചുകൾ നടത്തുന്നത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലേക്കായിരിക്കും മാർച്ച് നടത്തുന്നത്.

സർക്കാരിനെതിരായ പ്രക്ഷോഭത്തിന്‍റെ രണ്ടാം ഘട്ടമായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന വാഹന പ്രചരണ ജാഥകൾ നവംബർ 20 മുതൽ 30 വരെയുള്ള തീയ്യതികളിൽ സംഘടിപ്പിക്കും. ഡിസംബർ രണ്ടാം വാരത്തിൽ സെക്രട്ടേറിയറ്റിന് മുന്നില്‍ പതിനായിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുന്ന 'സെക്രട്ടേറിയറ്റ് വളയൽ' സമരം മൂന്നാം ഘട്ട പ്രക്ഷോഭത്തിന്‍റെ ഭാഗമായി നടത്തുമെന്നും സുധാകരന്‍ പറഞ്ഞു.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഒക്ടോബർ 31ന് വിപുലമായ അനുസ്മരണ പരിപാടികളോടെ ആചരിക്കും. ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ അനുസ്മരണം സംഘടിപ്പിക്കുന്നതോടൊപ്പം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ "ഭാരത് ജോഡോ പ്രതിജ്ഞ" ചൊല്ലി പൊതുപരിപാടികൾ സംഘടിപ്പിക്കും.

കെ. സുധാകരൻ എം.പിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന കെ.പി.സി.സി ഭാരവാഹി യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയും ഭാരവാഹികളും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Congresssuperstitions
News Summary - Congress campaign against superstitions
Next Story