ഒടുവിൽ കോൺഗ്രസ് വയനാട്ടിൽ ഭൂമി വാങ്ങി; കെ.പി.സി.സി അധ്യക്ഷന്റെ പേരിൽ മുന്നേകാൽ ഏക്കർ
text_fieldsകൽപ്പറ്റ: വിവാദങ്ങൾക്കൊടുവിൽ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ഭവന പദ്ധതിക്കായി കോൺഗ്രസ് ഭൂമി വാങ്ങി. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയിൽ 3.24 ഏക്കർ ഭൂമിയാണ് വാങ്ങിയത്. കെ.പി.സി.സി പ്രസിഡന്റിന്റെ പേരിലാണ് ഭൂമി വാങ്ങിച്ചത്. 1100 സ്ക്വയർ ഫീറ്റുള്ള വീടും സ്ഥലവുമാണ് കോൺഗ്രസ് നൽകുന്നത്. പഞ്ചായത്തിന്റെ അനുമതി ലഭിച്ചാൽ തറക്കല്ലിടൽ നടത്തുമെന്ന് ഡി.സി.സി അധ്യക്ഷൻ ടി.ജെ.ഐസക് പറഞ്ഞു.
ഭൂമി വാങ്ങാൻ വൈകിയതിനെ തുടർന്നുണ്ടായ ആരോപണങ്ങളെ രാഷ്ട്രീയമായി മാത്രമാണ് കാണുന്നുള്ളു. ദുരന്ത ബാധിതർക്ക് പ്രഖ്യാപിച്ച ജീവനോപാധി സർക്കാർ ഇപ്പോഴും നൽകിയിട്ടില്ല. ദുരന്തബാധിതരുടെ കടം എഴുതള്ളാൻ സർക്കാറോ ബാങ്കുകളോ തയ്യാറായിട്ടില്ല. ദുരന്ത ബാധിതർ താമസിക്കുന്ന ഇടത്തിന്റെ വാടക കൃത്യമായി കൊടുക്കുന്നില്ലെന്നും ഡി.സി.സി പ്രസിഡന്റ് ആരോപിച്ചു.
കോൺഗ്രസ് 100 ഉം യൂത്ത് കോൺഗ്രസ് 30 ഉം വീടുകൾ നിർമിച്ച് നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, പദ്ധതിയിലെ മെല്ലെപ്പോക്ക് കടുത്ത വിമർശനമാണ് വിളിച്ചുവരുത്തിയത്.
യൂത്ത് കോൺഗ്രസ് ഇതിനായി സമാഹരിച്ച തുക 1.05 കോടി രൂപ കെ.പി.സി.സിക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ, ലക്ഷ്യമിട്ട തുക സമാഹരിക്കാൻ സാധിക്കാതെ വന്ന സാഹചര്യത്തിൽ കെപിസിസി നിർമിക്കുന്ന നൂറ് വീടുകളിലേക്ക് യൂത്ത് കോൺഗ്രസിന്റെ തുക കൈമാറുകയായിരുന്നു. ഇതോടെ ഒരുമിച്ച് 100 വീടുകൾ എന്ന രീതിയിലാണ് മുന്നോട്ടുപോകുന്നത്.
ഇപ്പോൾ വാങ്ങിയ മേപ്പാടിയിലെ മുന്നേകാൽ ഏക്കർ ഭൂമിയിൽ എത്ര വീടുകൾ നിർമിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. മറ്റു രണ്ടിടങ്ങളിൽ കൂടി ഭൂമി വാങ്ങിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

