സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ആലപ്പുഴയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsആലപ്പുഴ: പത്തിയൂരില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതില്‍ മനംനൊന്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. ബൂത്ത് പ്രസിഡന്റ് നിരണത്ത് സി. ജയപ്രദീപാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വീട്ടുകാരുടെ സമയോചിത ഇടപെടലിലാണ് ജയപ്രദീപിന്‍റെ ജീവൻ രക്ഷിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്.
ജയപ്രദീപ് പോസ്റ്റര്‍ പതിച്ചും ഫ്‌ലക്‌സ് അടിച്ചും തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിരുന്നു. പത്തിയൂർ പഞ്ചായത്തിലെ 18-ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ജയപ്രദീപിനെയാണ് പ്രാദേശിക നേതൃത്വം തീരുമാനിച്ചിരുന്നത്. എന്നാൽ, ജില്ല നേതൃത്വം മറ്റൊരു സ്ഥാനാർഥിയെ തീരുമാനിച്ചതായി അറിഞ്ഞതോടെ ജയപ്രദീപ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
പറഞ്ഞ് ഉറപ്പിച്ച സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകിയതോടെയാണ് ആത്മഹത്യ ശ്രമം. പത്തിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 19 ൽ യു.ഡി.എഫ് സ്ഥാനാർഥി ആകാൻ തീരുമാനിച്ചിട്ട് സ്ഥാനാർഥിത്വം നൽകിയില്ല. ഡി.സി.സി പ്രസിഡന്റിനെ വീട്ടിൽ പോയി കണ്ട് സംസാരിച്ചിട്ടും നടപടിയായില്ല. ക്വാറി ഉടമ യു.ഡി.എഫ് ലേബലിൽ പ്രചരണം തുടങ്ങിയെന്നും സി. ജയപ്രദീപ് പറഞ്ഞു. എന്നാൽ, സ്ഥാനാർഥിത്വം സംബന്ധിച്ച് തീരുമാനമായിട്ടില്ല എന്നാണ് ജില്ല നേതൃത്വം പറയുന്നത്. ജയപ്രദീപിനെയാണ് സ്ഥാനാർഥിയായി തീരുമാനിച്ചതെന്ന് പ്രാദേശിക നേതൃത്വവും പറയുന്നു.
നേരത്തെ തിരുവനന്തപുരം തൃക്കണ്ണാപുരത്ത് സീറ്റ് കിട്ടാത്തതില്‍ മനം നൊന്ത് ആനന്ദ് കെ. തമ്പി ജീവനൊടുക്കിയിരുന്നു.
16ാം വയസ്സിൽ ആർഎസ്എസ് പ്രവർത്തനം തുടങ്ങിയ ആളാണ് ആനന്ദ് തമ്പി. എം.ജി കോളജിൽ ബിരുദ വിദ്യാർഥിയായിരിക്കെ ആർ.എസ്.എസ് മുഖ്യശിക്ഷകും കോളജ് യൂണിയൻറെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറുമായിരുന്നു. പിന്നീട് ആർ.എസ്.എസ് പ്രചാരകായി കോഴിക്കോട് കുന്ദമംഗലം താലൂക്കിൽ മുഴുസമയ പ്രവർത്തകനായി. പിന്നീട് തിരുമല മണ്ഡൽ, തൃക്കണ്ണാപുരം മണ്ഡൽ കാര്യവാഹ്, തിരുമല മണ്ഡലത്തിന്റെ ശാരീരിക പ്രമുഖ്, തിരുമല ഉപനഗരത്തിന്റെ ശാരീരിക പ്രമുഖ്, തിരുമല ഉപ നഗരത്തിന്റെ സഹകാര്യവാഹ് തുടങ്ങിയ ചുമതലകളിൽ പ്രവർത്തിച്ചു.
മൃതദേഹം ബി.ജെ.പി പ്രവർത്തകരെയും ആർ.എസ്.എസ് പ്രവർത്തകരെയും കാണാൻ പോലും അനുവദിക്കരുതെന്ന് ആത്മഹത്യാകുറിപ്പിൽ പറഞ്ഞിരുന്നു. ‘എൻറെ ജീവിതത്തിൽ പറ്റി ഏറ്റവും വലിയ തെറ്റ് ഞാൻ ഒരു ആർ.എസ്.എസുകാരനായി ജീവിച്ചിരുന്നു എന്നതാണ്. ഈ മരണത്തിന് തൊട്ടുമുമ്പ് വരെയും ഞാനൊരു ആർ.എസ്.എസ് പ്രവർത്തകനായി മാത്രമാണ് ജീവിച്ചിരുന്നത്. അത് തന്നെയാണ് എനിക്ക് ഇന്ന് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് കൊണ്ട് എത്തിച്ചത്. ഇനിയും ഒരാൾക്കും ഇത്തരത്തിലൊരു ഗതി ഉണ്ടാവരുത് എന്ന് ഭഗവാനോട് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു’ എന്നാണ് കുറിപ്പിലുള്ളത്.
രണ്ടു വർഷത്തോളമായി മണ്ണ് മാഫിയയുമായി ബന്ധപ്പെട്ട് പ്രാദേശിക ആർ.എസ്.എസ് നേതൃത്വവുമായി ഇയാൾ വിയോജിപ്പിലായിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതോടെ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചു. ഇതിന്റെ പേരിൽ ബിജെപി-ആർ.എസ്.എസ് പ്രാദേശിക നേതൃത്വത്തിൽ നിന്നും കടുത്ത സമർദം നേരിട്ടിരുന്നതായും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
ഇതിന് പിന്നാലെ നെടുമങ്ങാട് ബി.ജെ.പി പ്രവര്‍ത്തകയായ ശാലിനിയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

